ഹരിയാന, ജമ്മു കശ്മീർ -തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠങ്ങൾ

Oct 9, 2024 - 20:18
Oct 31, 2024 - 12:37
 0  66
ഹരിയാന, ജമ്മു കശ്മീർ -തിരഞ്ഞെടുപ്പ് ഫലം  നൽകുന്ന പാഠങ്ങൾ

എക്സിറ്റ് പോൾ  പ്രവചനങ്ങളുടെയെല്ലാം വിശ്വാസ്യത കളഞ്ഞ  ജനവിധിയാണ്  ഹരിയാന, ജമ്മു കശ്മീർ  നിയമസഭാ തെരഞ്ഞെടുപ്പിൽ  നാം കണ്ടത്. ഹരിയാനയിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ മനസ് വായിക്കാതെയുള്ള എക്സിറ്റ് പോളുകൾ പരാജയപ്പെട്ടു.  കോൺഗ്രസിന്റെ വിജയം  പ്രവചിക്കപ്പെട്ട ഹരിയാനയിൽ പ്രവചനങ്ങളെ കാറ്റിൽപറത്തി തുടർച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുകയാണ്. ബി ജെ പി പോലും  പ്രതീക്ഷിക്കാത്ത തകർപ്പൻ  വിജയമാണ് അവിടെ പാർട്ടിക്കുണ്ടായിരിക്കുന്നത്.

 തൂ​ക്കു​സ​ഭ​യെ​ന്ന പ്ര​വ​ച​ന​ങ്ങ​ൾ തെ​റ്റി​ച്ച് കോ​ൺ​ഗ്ര​സ്-​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് മു​ന്ന​ണി കാ​ഷ്മീ​രി​ൽ വൻ വിജയം നേടുകയും ചെയ്തു  .

ഹരിയാനയിൽ വോ​ട്ടെ​ണ്ണ​ൽ ദിനത്തിലെ ആദ്യ സൂചനകൾ പ്രകാരം  കോ​ൺ​ഗ്ര​സ് വൻ വിജയം നേടുമെന്നായിരുന്നു കരുതിയത്.  60  മണ്ഡലങ്ങളിലെങ്കിലും  കോൺഗ്രസ് മുന്നിൽ നിൽക്കുന്നു എന്നുറിപ്പോർട്ടുകളുണ്ടായിരുന്നതാണ്. കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഘോഷ പ്രകടനങ്ങളും ആരംഭിച്ചു. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ ബിജെപി അപ്രതീക്ഷിതമായി  വിജയത്തിലേക്ക്  തിരിച്ചുക‍യറുകയായിരുന്നു. വിജയ പ്രതീക്ഷയിൽ  ഹ​രി​യാ​ന​യി​ലും ഡ​ൽ​ഹി​യി​ലും ആ​ഘോ​ഷ​ത്തി​നി​റ​ങ്ങി​യ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പിന്നീട് നിരാശയായിരുന്നു ഫലം .

കടുത്ത ഭരണവിരുദ്ധ വികാരം പ്രകടമായിരുന്ന ഹരിയാനയിൽ ബിജെപിക്ക്‌ തുടർച്ചയായി മൂന്നാം തവണയും അധികാരം ലഭിച്ചത് ചെറിയ കാര്യമല്ല . 90 അംഗ നിയമസഭയിൽ 48 സീറ്റിൽവിജയം നേടാൻ  ബിജെപിക്ക്‌ സാധിച്ചു. ഹരിയാനയിൽ കോൺഗ്രസിന്‌ അനായാസ ജയവും ജമ്മു -കശ്‌മീരിൽ തൂക്കുസഭയുമാണ്‌ പ്രവചനങ്ങൾ പറഞ്ഞതെങ്കിലും ഫലം മറ്റൊന്നായി. ഹരിയാനയിൽ ഭൂപീന്ദർസിംഗ് ഹൂഡയുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. എഎപിക്കോ പ്രാദേശിക കക്ഷികൾക്കോ  ഈ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പക്ഷേ, ബിജെപിക്കും കോൺഗ്രസിനും ഏതാണ്ടു തുല്യമായ വോട്ട് വിഹിതം ലഭിച്ചു.  ഇതിനിടെ മറ്റു കക്ഷികൾ പിടിച്ച ഓരോ വോട്ടും വിജയത്തിൽ നിർണായകമായിട്ടുണ്ടാവാം. കർഷകസമരം  തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുടെ മറപിടിച്ച് ബിജെപിയെ മറികടക്കാനാവുമെന്ന കോൺഗ്രസ് പ്രതീക്ഷകൾ വെറുതെയായി .ഖട്ടറിനു പകരം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ നയബ്  സിംഗ്സെയ്നി  തകർപ്പൻ വിജയത്തിലേക്കു പാർട്ടിയെ നയിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ മത്സരിച്ച  കോൺഗ്രസിന് നേരിട്ട തിരിച്ചടി ദേശീയ തലത്തിൽ തന്നെ  ആത്മവിശ്വാസം ഇടിച്ചേക്കാം. വരാനിരിക്കുന്ന മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തെ ഇപ്പോൾ നേരിട്ട പരാജയം ബാധിക്കാതിരിക്കണമെങ്കിൽ ആലസ്യം വിട്ടുണർന്ന്   പ്രവർത്തിക്കേണ്ടിയിരിക്കുന്നു . 

ജമ്മു-കാശ്മീരിന്റെ  പ്രത്യേകാധികാരങ്ങളും പദവിയും റദ്ദാക്കിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കുശേഷം  നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതുപോലെ നാഷണൽ കോൺഫറൻസും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യാസഖ്യം തന്നെ ജയിച്ചുകയറി . സഖ്യം അൻപതിലേറെ സീറ്റുകൾ നേടിയപ്പോൾത്തന്നെ മന്ത്രിസഭാ രൂപീകരണത്തിന് നാഷണൽ കോൺഫറൻസ് ശ്രമം തുടങ്ങി.

കോൺഗ്രസ്,​ സഖ്യത്തിൽ പങ്കാളിയാണെങ്കിലും സീറ്റുനില വച്ചു നോക്കിയാൽ കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല . 32 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് പത്തു സീറ്റിൽപോലും ജയിക്കാനായില്ല .  മുൻപ് കശ്മീർ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന പി.ഡി.പിയും നാല് സീറ്റിലൊതുങ്ങി. മുഫ്തി കുടുംബത്തിന്റെ ഇളമുറക്കാരിയായ ഇൽതിജ മുഫ്തിയുടെ തോൽവിഅവർക്ക് വൻ തിരിച്ചടിയുമായി. 

കശ്മീർ കേന്ദ്രഭരണത്തിൽ നിന്ന് വീണ്ടും സംസ്ഥാന ഭരണത്തിലാകുമ്പോൾ തീവ്രവാദവിരുദ്ധനിലപാടുകളും വികസനവും ഒരുമിച്ച് കൊണ്ടു പോകാൻ പുതുതായി സ്ഥാനമേൽക്കുന്ന സർക്കാരിനാകട്ടെ.