ദൂസരാ ഔരത് : നോവലെറ്റ്, സൂസൻ പാലാത്ര, അധ്യായം അഞ്ച്

ദൂസരാ ഔരത് : നോവലെറ്റ്, സൂസൻ പാലാത്ര, അധ്യായം അഞ്ച്

കുട്ടികൾ വീട്ടിലില്ലാത്ത ദിവസങ്ങൾ ഒച്ചിഴയുന്നതു പോലെ.... ഒരു രസവുമില്ല. പ്രഭേട്ടൻ കൊറോണക്കാലം പൊളിച്ചുകളഞ്ഞ തൻ്റെ ബിസിനസ്സിനെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. സത്യത്തിൽ ഏട്ടന് ബിസിനസ്സ് ഉണ്ടെങ്കിലോ ഇല്ലെങ്കിലോ തനിക്കെന്ത്? കാൽക്കാശിനുപകാരമില്ല. ലാഭം കിട്ടിയാൽ, പണം കൈവന്നാൽ തന്നെ അവഗണിയ്ക്കും. വരവുചെലവു കണക്കുകൾ  അറിയിക്കില്ല. കാണാൻ പോലും കഴിയാറില്ല. ദുർമുഖം കാണുകയും വേണം. ലിബിൻ നേരിട്ടു പറഞ്ഞിട്ടുണ്ട് ചെമ്മീനിലെ ചെമ്പൻ കുഞ്ഞാണ് പപ്പയെന്ന്. അപ്പോൾ അങ്ങേരും ചിരിയിൽ പങ്കുകൊള്ളും. കയ്യിൽ കാൽക്കാശില്ലാതാകുമ്പോൾ സങ്കടം, പരവേശം, പ്രമേഹം, ബി.പി. എല്ലാം ... പിന്നെ ആശുപത്രിയും ചികിത്സകളും... അപ്പോഴും മുട്ടുദിഷ്ടതി വഹിക്കാൻ താൻ മാത്രം..

            പിള്ളേരു മൂന്നു പേരും ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നതു മാത്രമാണ് തനിക്ക് ആകെയൊരാശ്വാസമുള്ളത്. ഇനിയിപ്പോൾ അവര് ഈസ്റ്ററിനേ വരൂ ... വന്നാൽപ്പിന്നെ നേരെ ചൊവ്വെ ഒരിടത്തിരിക്കാൻ പോലും സാധിക്കാറില്ല, എങ്കിലും മക്കൾ കൂടെയുള്ളപ്പോൾ അനുഭവിക്കുന്ന ആ സന്തോഷം സത്യത്തിൽ ഈ ലോകജീവിതം കൊണ്ട് ആകെ ലഭിച്ചിട്ടുള്ളത് മക്കളുടെ ആ കറയറ്റ സ്നേഹം മാത്രമാണ്. അതിൽ കറ പുരട്ടാൻ ആരു ശ്രമിച്ചാലും അത് നടപ്പിലാകില്ല. അത് തൻ്റെ ഒരു വാശിയാണ്.

      ഈ മനുഷ്യൻ ഇതെവിടെ പോയി. ഫോൺ ബല്ലടിക്കുന്നു. താൻ ചെന്നെടുത്താൽ പിന്നെ അതുമതി, പ്രശ്നമാകാൻ. നിർത്താതെ റിംഗ്ടോൺ അനാർക്കലിയിൽ ലതാ മങ്കേഷ്ക്കർ പാടിയ പാട്ട് "യേ സിന്ദഗി ഉസ് ...കി ഹേ......" തൻ്റെയും ഇഷ്ട ഗാനമാണ്. പക്ഷേ ഇതിൽ ഇങ്ങേരുടെ പഴയ പ്രണയം മണക്കുന്നില്ലേ... അതു കൊണ്ട് അവൾക്ക് തൻ്റെ ആ ഇഷ്ടഗാനത്തിൻ്റെ റിംഗ്ടോൺ ആസ്വദിക്കാനാവുന്നില്ല. 

          അവൾ ചെന്നു ഫോൺ എടുത്തു... പ്രഭേ .... കൊഞ്ചിക്കുഴഞ്ഞ് ഒരു സ്ത്രീ സ്വരം... ലാലി ചോദിച്ചു... "ആരാ... "

മറുതലയ്ക്കൽ മൗനം... 

"ആരാന്നു പറ.... "

ഫോൺ കട്ടായി. 

ലാലി ആ നമ്പർ കുറിച്ചെടുത്തു സൂക്ഷിച്ചു. 

       പ്രഭാത് പുറത്തുനിന്നു വന്നയുടനെ ലാലി പറഞ്ഞു: "ആരോ വിളിച്ചിരുന്നു" 

"ങാ, നീ കുടിയ്ക്കാൻ വല്ലോമെടുക്ക് "

ഷുഗർ പ്രോബ്ളമുള്ള മനുഷ്യനല്ലേ, അവൾ അടുക്കളയിൽ ചെന്ന് എളുപ്പത്തിൽ നാരങ്ങാ പിഴിഞ്ഞു.. ഉപ്പു ചേർത്ത് അയാൾക്കു കൊണ്ടെ കൊടുത്തു. പ്രഭാതിൻ്റെ മുഖത്തെ ഭാവം അവൾ വായിച്ചെടുത്തു. ...നിനക്ക് അടുക്കളയിൽ പണിയൊന്നുമില്ലേന്ന്...

         മെഷീനകത്തു  കംഫർട്ടുമുക്കി ഇട്ടിരുന്ന തുണികൾ അവൾ സാവകാശം പെറുക്കിയെടുത്തു. പ്രഭേട്ടൻ്റെ  ഷേർട്ട്സും പാൻ്റ്സുമാണ്. മുറ്റത്ത് ഹാംഗറിൽ കൊണ്ട് തുണികൾ അവൾ ഒന്നൊന്നായി തൂക്കിയിട്ടു.

      റോഡിലൂടെ പോയ തങ്കമണി അവളോട് ക്ഷേമം അന്വേഷിച്ചു :

"ലാലിയെ പ്രാതൽ കഴിഞ്ഞോ?"

ഉച്ചയൂണിനെ ഇന്നാട്ടുകാർ പ്രാതൽ എന്നു വിളിക്കാറുണ്ട്. ഈ നാട്ടുകാർക്ക് അല്ലേലും തലതിരിവാണല്ലോ... ചുണ്ടിൽ വിരിയാൻ തുടങ്ങിയ  പുഞ്ചിരിയെ അവൾ ഞെരുക്കി കരിയിച്ചു കളഞ്ഞു. കാരണം സ്വന്തമാംസം വിറ്റു ജീവിക്കുന്ന ഒരുവളാണ് തന്നോട് ലോഹ്യം ചോദിക്കാൻ വന്നിരിക്കുന്നത്. തനിക്ക് അവളെ കാണുമ്പോൾ മുതൽ ശരീരം പെരുത്തു വരും... അത്ര അരിശമാണ്. അപ്പഴാ ലോഹ്യം കൂടാൻ അടുത്തു വരുന്നേ... 

        ലാലി മനുഷ്യനെ വിലയിരുത്തുന്നത് കേൾവിയുടെ അടിസ്ഥാനത്തിലല്ല. സ്വന്തകണ്ണാൽ കാണണം.  മറ്റുള്ളവർ പറയുന്നത് വിശ്വസിക്കാറില്ല. ആളുകൾ അവരുടെ താല്പര്യവും നേട്ടവുമനുസരിച്ച് പലതും പറഞ്ഞെന്നിരിക്കും. അതവൾ വിശ്വസിയ്ക്കില്ല.

        എന്നാൽ അയൽപക്കത്തുള്ള ഒരു പുരുഷനോടൊപ്പം പരസ്യമായി മ്ലേച്ഛതകൾ സംസാരിച്ചിട്ട്....അയാളുടെ ഒപ്പം തങ്കമണി തിരികെ വീട്ടിൽപ്പോയത് അവളുടെ സ്വന്തകണ്ണാൽ കണ്ടതും സ്വന്തംചെവിയിൽ കേട്ടതുമാണ്... തങ്കമണിയും തങ്കമണിയെ അന്വേഷിച്ചു വന്നവനും ലാലി തൻ്റെ വീട്ടുമുറ്റത്ത് ചെടിയുടെ മറവിൽ നടക്കല്ലിൽ ഇരിക്കുന്നത് കണ്ടില്ല. അവരുടെ അറപ്പുളവാക്കുന്ന സംസാരം.... ഹോ അതോർക്കാനും കൂടി കഴിയുന്നില്ല. പെരുവന്താനം കുഞ്ഞാണ് തങ്കമണിയോടൊപ്പം മ്ലേച്ഛതയ്ക്കായി പോയത്. അവൾക്കു് കുഞ്ഞിൻ്റെ ഭാര്യ അമ്മിണിയോട് സഹതാപം തോന്നി.... പാവം... ഭർത്താവിനെക്കുറിച്ച് പറയുമ്പോൾ ഏഴുനാവാണ്.  പാവം അമ്മിണി. തങ്കമണിയ്ക്ക് മഹാമാരി വരുന്നത് അവൾ സ്വപ്നം കണ്ടു അന്നു മുതൽ ദിവാസ്വപ്നം.

      ഇല്ല, തങ്കമണിയ്ക്ക് ഒന്നും സംഭവിച്ചില്ല, അവൾ  ചക്കക്കുരു പോലെ നടക്കുന്നു. കുഞ്ഞിൻ്റെ ഭാര്യ അടിക്കടി രോഗിയായിക്കൊണ്ടിരുന്നു. 

     ലാലി ചെവി വട്ടം പിടിച്ചു. പ്രഭേട്ടനാണ്. ആരോടോ പക്കാഹിന്ദിയിലാണ് സംസാരം.  വീടിൻ്റെ പിറകിൽ ആട്ടിൻ തൊഴുത്തിനു സമീപം നില്ക്കുന്നു. അവൾ  ഭർത്താവറിയാതെ അവളുടെ ഫോണിൽ സംസാരം സൂത്രത്തിൽ റെക്കോഡു ചെയ്തു. മറുതലയ്ക്കലെ സംസാരം  ശ്രദ്ധിച്ചാൽ മനസ്സിലാക്കാം.. പ്രഭേട്ടൻ്റെ മറുപടിയും .. 

       അവൾ തൻ്റെ ചെന്നെയിലുള്ള  വിശ്വസ്ത കൂട്ടുകാരി ദീനാമ്മക്ക് റെക്കോഡു ചെയ്ത ശബ്ദം  അയച്ചുകൊടുത്തു. കൂട്ടുകാരി എത്ര നിർബ്ബന്ധിച്ചിട്ടും കാര്യങ്ങൾ വിട്ടു പറഞ്ഞില്ല.  

        "എന്താ ഇപ്പം ഈ നേരത്ത് ? "പ്രഭ ചോദിക്കുന്നു.

"എനിക്കു് കാണണം... പെട്ടെന്നു വാ..."

" പെട്ടെന്ന് ഓടി വരാൻ പറ്റുന്ന ദൂരമാണോ?"

"നാളെ വരാം, നാളെ രാത്രിയിൽ ഇവിടുന്നു തിരിയ്ക്കാം ... നാളെ കഴിഞ്ഞു രാവിലെ അങ്ങെത്തും"

" ഞാനുടനെ വിടില്ല"

"വേണ്ടെന്നേ... എനിക്കും അതല്ലേ ഇഷ്ടം"

............

"വേറൊരു കോൾ വരുന്നു... ലൈനിൽ കാണണം, കേട്ടോ പെണ്ണേ.... "

ലാലിക്ക് ദു:ഖം സഹിക്കാനായില്ല. തൻ്റെ ഭർത്താവ് തന്നെയല്ലാതെ മറ്റൊരാളെ എടീന്നോ, പെണ്ണേന്നോ വിളിക്കുന്നത് ലാലിക്ക് സഹിക്കാൻ വയ്യ. അത്ര അധികാരം പ്രയോഗിക്കാൻ ഇവൾ തൻ്റെ ഭർത്താവിൻ്റെ ആരാണ്?  

പ്രഭാത് വേറൊരു കാൾ അറ്റൻഡു ചെയ്തു... അതും ഹിന്ദിയിൽ 

"അതാരായിരുന്നെടാ രാവിലെ ഫോണെടുത്തത്? "

"രണ്ടാം ഭാര്യ" പ്രഭാത് മലയാളത്തിൽ മറുപടി കൊടുത്തു. മലയാളം അറിയാവുന്ന ഹിന്ദിക്കാരനാണ്. 

"രണ്ടാം ഭാര്യയോ?"

"അതേടാ... നാശം തൊലയത്തുമില്ല, ദൂസരാ ഔരത് "

"പോടാ തമാശിക്കാതെ 

അപ്പോൾ മീനാക്ഷിയോ?"

"അവൾ എൻ്റെ എല്ലാമെല്ലാമല്ലെ ... എൻ്റെ  കരളാണെന്ന് നിനക്കറിയില്ല്ലടാ " 

"അതറിയാം, എനിക്കറിയേണ്ടത്, നിൻ്റെ ജീവിതത്തിൽ മീനാക്ഷിയ്ക്കുള്ള സ്ഥാനമാണ് ...  അതിൻ്റെ സത്യാവസ്ഥയാണ്.. അറിയേണ്ടത് " 

" സത്യമാടാ മീനു എൻ്റെ പെഹലാ ഔരത് ... എൻ്റെ ആദ്യ ഭാര്യ... എനിക്കുള്ളതെല്ലാം അവൾക്കാണ്. ആ ബന്ധം നിലനിർത്തിപ്പോകാൻ... ഉലയാതിരിക്കാൻ കാരണവന്മാർ ആലോചിച്ച് പളളിയിൽ നടത്തിത്തന്ന കല്യാണം തലയിലേറ്റി. അതിൽ രണ്ടാണ്മക്കളുമുണ്ട്. അവന്മാരെ പൂർണ്ണമായി എനിക്കു് തള്ളാൻമേലാ.."

  "ങെ"

"ങാ.. അത്ര തന്നെ ... അതിലപ്പുറമൊന്നുമില്ല"

   "ഹും" 

"പോടാ ഫോൺ  വച്ചിട്ട് പോ ഞാൻ  മീനൂനോട് ഇച്ചിരി സ്വകാര്യം പറയട്ടെ, കട്ടുറുമ്പാകാതെ പോ"

 "ങാ നിൻ്റെ കരളു  പേടിച്ചിരിക്ക്വാടാ...  എന്നാ ശരി. ഞാൻ പിന്നെ സമയം പോലെ  കാളിൽ വരാം"

  "ങേ ഇതിനോടകം ആ പൊട്ടിപ്പെണ്ണ് അതും പറഞ്ഞോ "

 " രാവിലെ ഫോൺ എടുത്തത് ഒരു സ്ത്രീയാണെന്നു മനസ്സിലായ ഉടനെ ഭയപ്പാടോടെ എന്നെ വിളിച്ചതാ.... ഞാൻ പിന്നെ വിളിയ്ക്കാം..."

ഹിന്ദിയിലും മലയാളത്തിലും മാറി മാറി സംസാരിയ്ക്കുന്ന അയാൾ മീനാക്ഷിയുമായി അടുത്ത പരിചയമുള്ളയാളാണ്. സൂത്രത്തിൽ ആ നമ്പർ കുറിച്ചെടുത്ത് അയാളോട് കൃത്യമായി കാര്യങ്ങൾ ചോദിച്ചറിയണം.  പക്ഷേ തൻ്റെ ഭർത്താവ് വളരെ കുറുക്കനാണ്. പേരു മാറ്റിയാണ് നമ്പർ സേവ് ചെയ്യുന്നത്.  പുരോഹിതന്മാരുടെയും കവികളുടെയുമൊക്കെ പേരിലാണ് ഇത്തരം കൂട്ടുകാരുടെ പേരൊളിപ്പിച്ചിരിക്കുന്നത്.

ദീനാമ്മ വളരെപ്പെട്ടെന്നു തന്നെ ഫോണിലെ സന്ദേശം പരിഭാഷ നടത്തി ലാലിക്ക് അയച്ചു കൊടുത്തു. എല്ലാം അറിഞ്ഞപ്പോൾ അവൾക്ക് തല കറങ്ങി. അവൾ വീടിനുള്ളിൽക്കയറി, ദൈവസന്നിധിയിൽ  മുട്ടുകുത്തി... നെഞ്ചിലടിച്ചു കരഞ്ഞു .... 

  ചങ്കുപൊട്ടുന്ന വേദന.... കരളുലയുന്നു ... ഹൃദയത്തിലെ രക്തം മുഴുവൻ തലയിൽ ഇരച്ചുകയറുന്നോ. ഹൃദയവും കരളും തലച്ചോറും കൂടി വൻ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു

        ഒന്നുതലചായ്ച്ചു കരയാൻ ഒരു ചുമൽ കിട്ടാതെ അവൾ നിലവിളിച്ചു. 

     സങ്കടം പങ്കുവച്ച് കരയാൻ യേശുവല്ലാതെ മറ്റാരുമില്ല. തൻ്റെ അമ്മ മരിച്ചുപോയി, ആരോട് ഈ സങ്കടം ഒന്നു പറയും...  ആത്മഹത്യചെയ്യാനിഷ്ടമില്ല. സ്നേഹശൂന്യനായ... ചതിയനായ ഭർത്താവിൻ്റെ കൂടെയുള്ള ജീവിതം എത്ര ക്ലേശകരമാണ്. അത് അനുഭവിച്ചവർക്കേ ആ വേദനയുടെ ആഴം മനസ്സിലാകൂ... 

   വിവാഹത്തിൻ്റെ ആദ്യനാളുകളിൽ എന്തിനും ഏതിനും തന്നെ കുറ്റപ്പെടുന്ന ഭർത്തൃ സഹോദരി ഇച്ഛപിഴച്ചാൽ പറയുമായിരുന്നു എൻ്റെ ഔദാര്യമാണ് നിൻ്റെ വിവാഹ ജീവിതമെന്ന്.

"അവൻ ഇവിടെ എൻ്റെ കൂട്ടുകാരിയുടെ അനിയത്തിയെ കല്യാണം  കഴിക്കാനിരുന്നതാണ്. ആ വീട്ടുകാർ പ്രഭയെ ഒരു മരുമകനായേ... എന്നും  കണ്ടിട്ടുള്ളൂ ... കാണുന്നുള്ളൂ...  അന്യമതസ്ഥനെ ഞാൻ വിവാഹം ചെയ്തതിൽ അതീവ ഖിന്നമായ അമ്മച്ചിയെ സങ്കടപ്പെടുത്താതിരിക്കാൻ.  കാരണം,  പ്രഭകൂടി സ്വന്തയിച്ഛ പ്രകാരം മതം നോക്കാതെ വിവാഹിതനായാൽ, അഭിമാനിയായ  അമ്മച്ചി പിന്നെ ജീവിച്ചിരിക്കില്ല. അത് മൂന്നുതരം. ഞാൻ അതിനു വേണ്ടി പ്രഭച്ചെറുക്കൻ്റെ ബ്രെയിൻ വാഷ് ചെയ്ത് അവനെ നാട്ടിലയച്ചതും നിന്നെ അവൻ്റെ തലയിൽകെട്ടിവച്ചതും "

അവർ സത്യത്തിൽ തൻ്റെ ഭർത്താവിനെ പിന്നീട് ഇതിൻ്റെ പേരിൽ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. ഭർത്താവ് സമ്പാദിച്ച പണം മുഴുവൻ വിധവയായ ആ പെങ്ങളും മക്കളും കൂടി പങ്കിട്ടെടുത്തു. ഒരു സാരിയെങ്കിലും ഭർത്താവിൻ്റെ കയ്യിൽ നിന്ന് തനിയ്ക്ക് ലഭിക്കാതിരിക്കാൻ അവർ പ്രയത്നിച്ചു. അങ്ങനെ ഭർത്താവിൽ നിന്ന് തനിക്ക് ഒരു അന്തിക്കൂട്ടിനപ്പുറം ഒന്നും ലഭിക്കില്ലെന്നു മനസ്സിലാക്കി  താൻ ജോലിയ്ക്കായി പല വാതിലുകളിലും അലഞ്ഞു. ധാരാളം ടെസ്റ്റുകൾ എഴുതി. പത്രത്തിൽ വന്ന അപേക്ഷകളെല്ലാം അയച്ചു. അവസാനം തമ്പുരാൻ ഒരുജോലി നല്കി. മക്കളെ വളർത്തി. കുടുംബം ഏറ്റവും നന്നായി നോക്കി, ഭർത്താവിനെ ഒന്നും ഭാരപ്പെടുത്തിയില്ല. ഒരു മൊട്ടുസൂചി പോലും അയാൾ തനിക്ക് നല്കിയിട്ടുമില്ല. 

   കടഭാരങ്ങൾ മുഴുവനും തൻ്റെ ചുമലിൽ അടിച്ചേല്പിച്ചിട്ട് അയാൾ തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയി. ഇതെല്ലാം ആ നാത്തൂൻ്റെ പ്രേരണയാൽ മാത്രം. എത്ര കിട്ടിയാലും തൃപ്തിപ്പെടാത്ത ആ നാത്തൂനെ ശത്രുവായി മാത്രം കരുതി. അവർ മരിച്ചിട്ടും അവരെക്കുറിച്ചുള്ള ഓർമ്മകൾ അറപ്പായി. 

        പ്രഭയുടെ പ്രിയപ്പെട്ടവൾ.. അതും ആദ്യഭാര്യ...  ആദ്യ ഭാര്യ.... കാർന്നോന്മാർ ആലോചിച്ച് പള്ളിയിൽ കല്യാണം നടത്തിക്കൊണ്ടു വന്ന താൻ ദൂസരാ ഔരതാണു പോലും.  

    ദൈവമെ എന്തു വിശ്വസിച്ചാണ് താനും മക്കളും ഈ ചതിയൻ്റെ കൂട്ടത്തിൽ ഇത്രവർഷവും കഴിഞ്ഞത്? 

        തനിക്ക് അപമാനം മാത്രം വരുത്തിയ മനുഷ്യൻ. യാതൊരു രീതിയിലും പിന്തുണയോ സ്നേഹമോ നല്കാഞ്ഞവൻ. തൻ്റെ സ്വർണ്ണം മുഴുവൻ ഊരിവാങ്ങി വില്ക്കാൻ കൊണ്ടുപോയിട്ട് ഒറ്റ പൈസ പോലും തന്നെ കാണിയ്ക്കാഞ്ഞവൻ.

      ഉള്ളമുരുകുന്നേ... ചങ്കു പൊടിയുന്നേ... എൻ്റെ ദൈവമേ... 

ഭിത്തിയിൽ കിടക്കുന്ന വിവാഹ ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി. ഒരു കസേര വലിച്ചിട്ട് അതിൽകയറിനിന്ന് ആ ചില്ലിട്ട ഫോട്ടോ അവൾ കൈക്കലാക്കി... ഊക്കോടെ അവൾ അത് തറയിലേയ്ക്ക് എറിഞ്ഞുടച്ചു. 

      പുന്നാരയെ ഫോൺവിളിച്ച് കൊഞ്ചിക്കൊണ്ടിരുന്ന പ്രഭാത് ശബ്ദംകേട്ട് ഓടിയെത്തി, അയാളുടെ വായിൽനിന്ന് വാക്കുകളായി വിഷസർപ്പങ്ങൾ ഇഴഞ്ഞു നീങ്ങി. 

"എന്താ... എന്താ.. ..ടീ .. വട്ടു മൂത്തോ ..."

      ദൈവമേ... എൻ്റെ ദൈവമെ അവൾ നിർത്താതെ  നിലവിളിച്ചുകൊണ്ടിരുന്നു..

   ബുഡ്ഡി അവളുടെ സമീപം നീങ്ങിവന്ന് അവളെ മുട്ടിയുരുമ്മി നിന്നു.. അവളുടെ കൈവിരലുകളിൽ അവൻ മൃദുവായി കടിച്ചു... അവളുടെ കണ്ണുകളിലെ നനവ് അവൻ ഒപ്പിയെടുത്തു ..  സ്നേഹമുള്ള, നന്ദിയുള്ള നായയുടെ കഴുത്തിൽ നിന്ന് അവൾ ലീഷ് മാറ്റി  ദൂരെയെറിഞ്ഞു. എന്നിട്ട് അവൾ ഉച്ചത്തിലലറി സ്നേഹമുള്ള, ബുദ്ധിയുള്ള... നന്ദിയുള്ള പൊന്നോമനേ നിന്നെ ഞാനിനി ബന്ധിക്കുകയില്ല ... നീ സ്വതന്ത്രനാകൂ... ഇഷ്ടമുള്ളിടത്തേയ്ക്ക് ഓടിപ്പോകൂ... ഞാനും പോകുന്നു ... അവൾ തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു... 

           .........

 

         (അവസാനിച്ചു)