വോട്ടർ പട്ടിക ക്രമക്കേട് ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

Sep 24, 2025 - 16:39
Sep 24, 2025 - 19:05
 0  215
വോട്ടർ പട്ടിക ക്രമക്കേട് ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക്  പിന്നാലെ ഇ സൈൻ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള 'ഇ-സൈൻ' എന്ന പുതിയ ഫീച്ചർ ഇ-നെറ്റ് പോർട്ടലിലും ആപ്പിലും അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ദ് നിയോജകമണ്ഡലത്തിൽ ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ച് ഒരു ആഴ്ച തികയുന്നതിന് മുമ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്കാരം.

അപേക്ഷകന് വോട്ടർ കാർഡിലെ പേര് ആധാറിലെ പേരിന് തുല്യമാണെന്നും ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. അതേസമയം, പേര് നീക്കം ചെയ്യാനോ എതിർപ്പുകൾ അറിയിക്കാനോ ഉപയോഗിക്കുന്ന ഫോം 7-ൽ മാറ്റമൊന്നുമില്ല.

നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷ ഇ സൈൻ ഫീച്ചർ അവതരിപ്പിച്ചത്.