പിതൃദിനത്തില്‍ ഉപ്പയെ ഓര്‍ക്കുമ്പോള്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളം)

Jun 14, 2025 - 10:20
 0  122
പിതൃദിനത്തില്‍ ഉപ്പയെ ഓര്‍ക്കുമ്പോള്‍ (അബ്ദുള്‍ പുന്നയൂര്‍ക്കുളം)

ഉപ്പ മണ്‍മറഞ്ഞിട്ട് ഈ December  3ന്45വര്‍ഷമാകുന്നു. വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചു നടക്കുന്ന ഒന്നാണ്, ഉപ്പ അന്ത്യവിശ്രമം കൊളളുന്നേടത്ത് സ്വന്തം അന്ത്യവിശ്രമം വേണമെന്ന്. പക്ഷേ ഉപ്പയുടെ കബറിന് മൂന്ന് മക്കള്‍ അവകാശികളായിട്ടുണ്ട്. അതില്‍ മൂത്ത സഹോദരന്‍, മുഹമ്മദുണ്ണി കുറച്ചകലെയാണ് കുടുംബവുമൊത്ത് വാസം. ഇളയവന്‍ സെയ്തുവിനോട് ആ ആഗ്രഹം സൂചിപ്പിച്ചെങ്കിലും, വ്യക്തമായ പ്രതികരണം ലഭിച്ചില്ല!

ആലോചിച്ചപ്പോള്‍ ഉപ്പ തനിക്ക് പിതാവ് മാത്രമായിരുന്നെങ്കില്‍, സെയ്തുവിന് ഉപ്പ പിതാവും മാതാവുമായിരുന്നു. കാരണം അവന് അഞ്ചു വയസ്സുളളപ്പോഴാണ് അവനെ ഉമ്മയുടെ അരികില്‍ നിന്നെടുത്ത് മലേഷ്യയിലേക്ക് കൊണ്ടുപോയത്. ഉപ്പ മലേഷ്യയിലാണ് ജോലി ചെയ്തിരുന്നത്. അന്നത്തെ നിയമമനുസരിച്ച് മലേഷ്യന്‍ പൗരര്‍ക്ക് അവരുടെ ആറ് വയസ്സിനു താഴെയുളള മക്കളെ കൊണ്ടുപോകാം. മലേഷ്യന്‍ പൗരനായ ഉപ്പ ആ അവസരം വിനിയോഗിച്ചു. പിന്നെ പ്രായപൂര്‍ത്തിയാകുന്നതുവരെ അവന്റെ എല്ലാമെല്ലാം ഉപ്പയായിരുന്നു. ആ സ്ഥിതിക്ക് അവനല്ലേ യഥാര്‍ത്ഥ അവകാശി?                                                                                        സംശയനിവാരണത്തിന് ഞാലില്‍ പളളിയിലെ ഉസ്താദിനെ സമീപിച്ചു. ഉസ്താദ് കാര്യങ്ങള്‍ ശ്രവിച്ച ശേഷം പറഞ്ഞു:'ജ്യേഷ്ഠന്റെ അഭീഷ്ടത്തിന് എതിരായി അനുജന്‍ ഒന്നും പറഞ്ഞില്ലല്ലോ…?'  

ഉപ്പ ചിലപ്പോള്‍ ആറ് മാസത്തോളം നാട്ടിലുണ്ടാവും. ആ കാലയളവില്‍ ഉപ്പ പാടത്തും പറമ്പിലും പണിയെടുപ്പിക്കും. അതിനിടെ ഞാനും ഉപ്പയും തമ്മില്‍ ഒന്നു രണ്ടു അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് പെങ്ങന്മാര്‍, കൂട്ടുകാരികളുമായി പശുവിന് ആമ്പല്‍ തീറ്റ ശേഖരിക്കാന്‍ പുഞ്ചപ്പാടത്തേക്ക് പോകുന്നുണ്ട്. അവര്‍ക്കൊപ്പം എനിക്കും പോകണം. ഉപ്പ തടഞ്ഞു. ഉപ്പയെ ശ്രദ്ധിക്കാതെ ഞാന്‍ സോദരിമാരുടെ പിന്നാലെ ഓടി. ഉപ്പ പുറകെയും. കൗമാരക്കാരനായ എനിക്കൊപ്പം ഉപ്പയെത്താന്‍, അല്പം പ്രയാസപ്പെടേണ്ടിവന്നെങ്കിലും, എന്നെ പിടിച്ചു വീട്ടിലേക്കു കൊണ്ടുവന്നു. തുടര്‍ന്നു രണ്ടു കയ്യും കെട്ടി അടിക്കാനുളള ശ്രമമായി. എപ്പോഴും ഉമ്മറത്തുണ്ടാവാറുളള ഉമ്മയുടെ നിഴല്‍ ആ ഭാഗത്തൊന്നും കണ്ടില്ല. ഭാഗ്യത്തിന് അപ്പോള്‍ വീട്ടിലേക്ക് വന്ന, അയല്‍വാസിയും ഉപ്പയുടെ സുഹൃത്തുമായ ഊക്കയില്‍ അയമുണ്ണി ഹാജി,'എന്താ മൊയ്തുണ്ണ്യേ നീ കാണിക്ക്ണ്' എന്ന് പറഞ്ഞു എന്നെ നിഷ്പ്രയാസം കെട്ടഴിച്ചു വിട്ടു!

മുമ്പൊക്കെ, പാടത്ത് നിന്നും പറമ്പില്‍ നിന്നും കുളത്തില്‍ നിന്നും മണ്ണ് കൊട്ടയിലാക്കി തെങ്ങിന്റെ കടക്കല്‍ ഇടുക പതിവായിരുന്നു. ചിലപ്പോള്‍ അഞ്ചോ പത്തോ പെണ്ണുങ്ങള്‍ക്ക് മണ്ണ് കൊട്ടയില്‍ നിറയ്ക്കാന്‍ ഒരാണും ഉണ്ടാവും. അന്ന് ഞാനായിരുന്നു കൊട്ട നിറച്ചു കൊടുത്തിരുന്നത്. അന്ന് ആണിനു അഞ്ചും പെണ്ണിനു ഒരു രൂപയുമായിരുന്നു പ്രതിഫലം. ഞാന്‍ ഉമ്മയെക്കൊണ്ട് ഉപ്പയോട് ഒരു രൂപ ചോദിപ്പിച്ചു. ഉപ്പ തന്നില്ല. ഉമ്മ എനിക്കുവേണ്ടി വാദിച്ചുമില്ല. ഉപ്പ പൈസ തരാത്തതില്‍ വേദന തോന്നി. പക്ഷേ, കെട്ടിയിട്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്ര പ്രയാസം തോന്നിയില്ല.                                                                                                

ഞാന്‍SSLC തോറ്റപ്പോള്‍ നാട്ടില്‍ പഠിച്ചാല്‍ ശരിയാവില്ല. ദൂരെ പോയി താമസിച്ചു പഠിക്കണമെന്ന് ശഠിച്ചു. ഉപ്പ അന്നത്തെങഘഅ, കെ.ജി. കരുണാകരമേനോന്റെ സഹായത്തോടെ പാലക്കാട് സൂരിയുടെ ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ത്തു; പ്രോത്സാഹിപ്പിച്ചു.

എഴുപതുകളുടെ തുടക്കത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജനം പോകാന്‍ തുടങ്ങി. എഴുപതിന്റെ ഒടുക്കത്തോടെ എനിക്കും ഒരാഗ്രഹം UAE യില്‍ പോകണമെന്ന്. പക്ഷേ ഗള്‍ഫില്‍ പോകണമെങ്കില്‍ ആരെങ്കിലും ജോലി സ്‌പോണ്‍സര്‍ ചെയ്യുകയോ, ഒരുNo objection certificate(NOC) അയച്ചു തരികയോ വേണം. അല്ലെങ്കില്‍5,000ക കൊടുത്തുNOCവാങ്ങണം. അന്ന് ആ തുക വലിയ തായിരുന്നു.  ഉമ്മ പറഞ്ഞതു പ്രകാരം ഞാന്‍ ഉപ്പാക്ക് കത്തയച്ചു. ഉപ്പ അതിനുളള സംഖ്യയും യാത്രാ ചെലവും അയച്ചു തന്നു.

ഉപ്പ ഓരോ ആവശ്യങ്ങളും സഫലീകരിച്ചു തരുന്നത് ജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാനാവില്ല. ഉപ്പ എപ്പോഴെങ്കിലും ശാസിക്കുമ്പോള്‍ ഉമ്മ എനിക്കുവേണ്ടി വാദിക്കാത്തതില്‍ ഉമ്മയോട് അനാദരവ് അന്നും ഇന്നും ഉണ്ടായിട്ടില്ല.

ഒരിക്കല്‍ ഉപ്പയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. അപ്പോള്‍ ഉപ്പ പാടത്ത് പോയിരിക്കയാണെന്ന് ഉമ്മ പറഞ്ഞു. പാതിവഴിയില്‍ വച്ചു ഉപ്പയെ കണ്ടു; വിവരം ധരിപ്പിച്ച ശേഷം തിരിച്ചു പോന്നു. പിന്നീടാണ് ഓര്‍ത്തത് ഉപ്പയോടൊത്ത് പോകുകയാണെങ്കില്‍, കുറച്ചു സമയം കൂടി ഉപ്പയുമായി  ചെലവഴിക്കാമായിരുന്നു; അതിനു തോന്നിയില്ല. കിട്ടാതെ പോയ ആ അനര്‍ഘ നിമിഷങ്ങള്‍ ഇന്നും ഒരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നു…!

ഞങ്ങള്‍ തമ്മില്‍ ഒരു പരസ്പര ധാരണയും ബഹുമാനവുമുണ്ടായിരുന്നു. ഉപ്പയുടെ ധന്യമായ ഓര്‍മ്മകള്‍ ഇന്നും ഒരമൂല്യ സമ്പത്തായി സൂക്ഷിക്കുന്നു.

Rest in peace Dad, love you.