രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അഞ്ച് പേരുടെ പരാതിയിൽ എഫ്ഐആര്‍,

Sep 4, 2025 - 12:34
 0  56
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അഞ്ച് പേരുടെ പരാതിയിൽ എഫ്ഐആര്‍,

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പുറത്തുവന്നു. അഞ്ച് പേരുടെ പരാതികളിലാണ് എംഎൽഎയ്ക്കെതിരെ നടപടി ആരംഭിച്ചത്. പരാതിക്കാരിൽ ഒരാളും നേരിട്ട് സംഭവവുമായി ബന്ധപ്പെട്ടവർ അല്ല, മൂന്നാം കക്ഷികളായാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബി.എൻ.എസ് 78(2) വകുപ്പ്, 351 പൊലീസ് ആക്ട്, 120 വകുപ്പ് എന്നിവ പ്രകാരമാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്തതും, അവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെട്ടതുമാണ് എഫ്.ഐ.ആറിൽ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.

കൂടാതെ, സ്ത്രീകളെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശങ്ങൾ അയച്ചതായും, ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ച് ഇതിനോടകം കേസ് കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ആരോപണങ്ങൾക്കൊടുവിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാകുകയാണ്.

കേസിനോട് ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എംഎൽഎക്കെതിരെ കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ പൊലീസ് നടപടികൾ ആരംഭിച്ചു.