ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍'': പുസ്തക പ്രകാശനം ജനുവരി 3 ശനിയാഴ്ച്ച തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍
ജോർജ് തുമ്പയിൽ
ന്യൂയോർക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ കാര്യങ്ങളിലും ഇന്നും അഭിനിവേശമുള്ള ക്രാന്തദർശി - മണിച്ചേട്ടൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ഡോ.എം.വി.പിള്ളയെ പരിചയപ്പെടുത്തി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രമേശ് ബാബു രചിച്ച ''ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍'' എന്ന പുസ്തകം പ്രകാശിതമാവുന്നു.
ജനുവരി 3 ശനിയാഴ്ച 4 ന് തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന ലളിതമായ ചടങ്ങിൽ മോഡല്‍ സ്‌കൂൾ പ്രിന്‍സിപ്പൽ കെ.വി. പ്രമോദ് അദ്ധ്യക്ഷത വഹിക്കും. അദ്ദേഹത്തിൽ നിന്ന് ഡോ. എം വി പിള്ളയുടെ ട്രിപ്‌ലെറ്റ് കൊച്ചുമക്കൾ - ഒറിയോണ്‍ പിള്ള, ആഡ്രിയന്‍ പിള്ള, മാക്‌സിമസ് പിള്ള (Masters Orion Pillai, Adrian Pillai, Maximus Pillai - USA) എന്നിവർ പുസ്തകം ഔപചാരികമായി ഓരോ പകർപ്പ് വീതം ഏറ്റുവാങ്ങും.
ഗ്രന്ഥകര്‍ത്താവ്- മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ രമേശ് ബാബു പുസ്തക പരിചയം നടത്തും. കലാസാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. എസ്. വേണുഗോപാൽ (സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍) എന്നിവരടക്കം ആശംസകൾ നേർന്ന് സംസാരിക്കും. കുമാരി കീര്‍ത്തന രമേശിൻറെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മോറിസണ്‍ ആന്റ് ഡിക്‌സണ്‍ ഫാര്‍മ കമ്പനി - യു.എസ്.എയുടെ ലീഗല്‍ ഡിവിഷന്‍ തലവന്‍ വിനു പിള്ള സ്വാഗതം പറയും.
ഡോ. എം.വി. പിള്ള നന്ദി അറിയിക്കും. തുടർന്ന് വിദ്യാർത്ഥികൾക്കായി ലഘുവായ സായാഹ്ന സൽക്കാരവും നടക്കും.
കൃത്യമായി പറഞ്ഞാൽ 1992 ജൂലൈ 10 ന് - അന്നാണ് അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഡോ. എം വി പിള്ള എന്ന ആ വലിയ മനുഷ്യനെ ആദ്യമായി കാണുന്നത്. സിനിമാ നടൻ ലാലു അലക്‌സിനൊപ്പം 'മലയാളം പത്രം' സാരഥികളോട് ചേർന്ന് ഒരു കാറിൽ ന്യൂയോർക്കിൽ നിന്ന് വാഷിങ്ടൺ ഡി സിയിലേക്ക് പോകുന്നു. ('മലയാളം പത്രം' - ആ ഒരു പേരായിരുന്നല്ലോ അക്കാലത്ത് അമേരിക്കൻ മലയാളികളുടെ ജിഹ്വ). അന്ന് അദ്ദേഹം ഡോ. മാധവൻ വേലായുധൻ പിള്ള ആയിരുന്നു.
1992 ജൂലൈ 9 മുതൽ 13 വരെ വാഷിങ്ടൺ ഡി സിയിലെ ഹയാത്ത് റീജൻസിയിൽ നടന്ന, ഫൊക്കാനാ കോൺഫറൻസിൽ എറെ ശ്രദ്ധിക്കപ്പെട്ട 'നിളാതീരം' സാഹിത്യസമ്മേളനം വിജയമായതിന്റെ മുഖ്യശില്പി, ഡോ. എം വി പിള്ളയായിരുന്നു. പാർത്ഥസാരഥി പ്രസിഡന്റ് ആയിരുന്ന ഫൊക്കാന കമ്മിറ്റി ഡോ.എം.വി.പിള്ളയുടെ നിർദ്ദേശത്തിൽ ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച 'ഭാഷയ്ക്കൊരു ഡോളർ' പദ്ധതി മലയാള ഭാഷയോടും പിറന്ന നാടിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതീകമായി. ഇന്ന് പലരും 'ഭാഷയ്ക്കൊരു ഡോളർ' പദ്ധതിയുടെ ഉപജ്ഞാതാക്കളായി വിലസുന്നു എന്ന കാര്യം ഓർത്താണ് ഇത് പറയുന്നതും. അന്നത്തെ അതേ ആർജ്ജവത്തോടെയും കരുത്തോടെയും ഇന്നും 'ഭാഷയ്ക്കൊരു ഡോളർ' മുൻപോട്ടുപോകുന്നു എന്നത് അഭിനന്ദനാർഹമാണ്.
നിളാതീരം സമ്മേളനം ഒരു തുടക്കം മാത്രമായിരുന്നു. ജൂലൈ പത്തോടെ ഡോ.എം വി പിള്ളയെ മണിച്ചേട്ടൻ എന്ന സ്നേഹപ്പേരിൽ ഞാനും ഹൃദയത്തോട് ചേർത്തുവച്ച് തുടങ്ങി. പിന്നീട് മലയാളം പത്രത്തിലൂടെ എത്രയോ കൂടിച്ചേരലുകൾ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ 33 വർഷത്തിനിപ്പുറവും ആ സ്നേഹം അതേ മധുരിമയോടെ നിൽക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് .
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റി ഓൺ കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായിരുന്ന ഡോ.എം.വി. പിള്ള എൺപതാണ്ടിന്റെ ജീവിത നിറവിലും നിറചിരിയും ചടുലതയുമായി ജനഹൃദയങ്ങളെ കീഴടക്കുന്നു. ആതുരസേവനത്തിലും സാഹിത്യ സാംസ്കാരികരംഗത്തും ഒരുപോലെ ബഹുമതികളേറെ സ്വന്തമാക്കിയ ഈ അതുല്യ പ്രതിഭയുടെ ജീവിതം പുസ്തകത്താളുകളിൽ ഇതൾ വിടരുന്നത് ഏറെ സന്തോഷകരമാണ് .
മണിച്ചേട്ടനിലെ ആദരണീയ വ്യക്തിത്വത്തെ ലോകത്തിന് പരിചയപ്പെടുത്തുന്ന ''ഡോ.എം.വി.പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍'' എന്ന പുസ്തകം കോഫി ബുക് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. പ്രകാശന കർമം ഒരു വലിയ ഔപചാരിക പരിപാടിയായി മാറാതിരിക്കണമെന്ന മണിച്ചേട്ടന്റെ ആഗ്രഹം കൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കു മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. ഗൾഫ് ഗ്രാഫിക്സ് വെങ്ങാനൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.