നടിയെ ആക്രമിച്ച കേസ്! വിധി ചോദ്യം ചെയ്യാൻ സർക്കാരിന്റെ അനുമതി; ക്രിസ്മസിന് ശേഷം അപ്പീൽ നൽകും
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. സ്പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം. ഈ മാസം 12-ന് പുറത്തുവന്ന വിധിയിൽ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്മസ് അവധി കഴിഞ്ഞ് ഹൈക്കോടതി വീണ്ടും തുറക്കുമ്പോൾ തന്നെ അപ്പീൽ ഫയൽ ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ നിയമപരമായ റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇപ്പോൾ നടപടിക്രമങ്ങൾ വേഗത്തിലായത്.
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കും 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷം ജഡ്ജി ഹണി എം. വർഗീസാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
അതേസമയം, ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ടിരുന്ന എട്ടാം പ്രതി നടൻ ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്കൊപ്പം മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, വടിവാൾ സലിം എന്ന എച്ച്. സലിം, പ്രദീപ് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി