ദൂസരാ ഔരത്: നോവലെറ്റ്, സൂസൻ പാലാത്ര; അധ്യായം - മൂന്ന്

 ദൂസരാ ഔരത്: നോവലെറ്റ്, സൂസൻ പാലാത്ര; അധ്യായം - മൂന്ന്

ത്രനേരം ആ കിടപ്പു കിടന്നുവെന്ന് അറിയാൻമേല. ചുറ്റിനും കൂരിരുട്ട്. റോഡിലെ പഞ്ചായത്തു വിളക്കിൻ്റെ വെട്ടം ജനൽ വഴി അരിച്ചെത്തുന്നുണ്ട്.

        ലാലി എഴുന്നേറ്റ് ലൈറ്റിട്ടു. മുറി മുഴുവൻ പ്രകാശപൂരിതമായി. നിലക്കണ്ണാടിയ്ക്കു മുന്നിൽച്ചെന്ന് അവൾ കവിളുകളിൽ വിരലോടിച്ചു. പ്രഭയുടെ മോതിരപ്പാട് രക്തം കട്ടപിടിച്ച്,  കറുത്ത് കരിവാളിച്ച് ഇടത്തേ കവിളത്ത് ഒരു മറുകുപോലെയായിട്ടുണ്ട്.  അവൾ മുടി  മാടിയൊതുക്കി കെട്ടിവച്ചു. കറ്റാർവാഴപ്പോളയിട്ടു കാച്ചിയ സുഗന്ധമുള്ള എണ്ണ തലയിൽ അമർത്തിപ്പിടിപ്പിച്ചു. എളുപ്പത്തിൽ ഒരു കാക്കക്കുളി നടത്തി. മൂത്ത മകനും ഭാര്യയും ബാംഗ്ളൂരിൽ നിന്ന് നാളെ വരും. വീടും പുരയിടവും വൃത്തിയാക്കണം. എല്ലായിടത്തും കണ്ണും കാതുമെത്തുന്ന പ്രകൃതമാണ് മരുമകൾക്കു്. വൃത്തിക്കൂടുതൽ ഒരു അസുഖം പോലെയായിട്ടുണ്ട്. 

          അവർ നേരം വെളിച്ചയാകുമ്പോഴേക്ക് എത്തുമത്രേ. അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ആർത്തിയോടെ വരുന്ന മക്കൾക്ക് എന്താണ് ഉണ്ടാക്കി വയ്ക്കേണ്ടത്? അവൾ കുറച്ച് പച്ചരിയെടുത്ത് വെള്ളത്തിലിട്ടു. ശീഘ്രം രണ്ടു തേങ്ങ പൊതിച്ച് എളുപ്പത്തിൽ ചുരണ്ടി വച്ചു. വെളുത്തുള്ളിയും ചുവന്നുള്ളിയും ജീരകവും ചേർത്തരച്ച് ഈസ്റ്റുമിട്ടു വച്ചാൽ പിള്ളേർ വരുമ്പോഴേക്ക് പുളിച്ചു പൊങ്ങും എളുപ്പം വെള്ളേപ്പം ചുട്ടുകൊടുക്കാം. ഫ്രിഡ്ജിൽ പാകം ചെയ്തു  വച്ചിരിക്കുന്ന ബീഫ് ഒന്നുകൂടി ഉലർത്തി കൊടുക്കാം. 

         വീടും പരിസരവും ഒന്നു കൂടി വൃത്തിയാക്കാൻ സമയമില്ല. 

      ഓർക്കാപ്പുറത്തു പ്രഭ നല്കിയ അടിയുടെ വേദനയും അഭിമാനക്ഷതവും മൂലം പോയിക്കിടന്ന് കരഞ്ഞതാണ്. ഉറങ്ങിയതോ സമയം പൊയ്പ്പോയതോ അറിഞ്ഞില്ല. ഇന്നിനി എന്തായാലും തൻ്റെ കൈ കൊണ്ട് ആ മനുഷ്യന് ഭക്ഷണം വിളമ്പില്ല. തീർച്ച. ലോഹ്യമായിരുന്നെങ്കിൽ ആൾ വന്ന് തേങ്ങ പൊതിച്ചു ചുരണ്ടി തരുമായിരുന്നു. ടി വി യിൽ കൊച്ചു കുട്ടികളുടെ സംഗീത മത്സരത്തിൽ ശ്രദ്ധയൂന്നിയിരിക്കയാണ്. രാവിലെ മുതൽ ഫോണിലും ടി വി യിലും മാറി മാറിക്കളിച്ചു രസിക്കയാണ്. താൻ സമയം കിട്ടുന്നതനുസരിച്ച് പത്തും പതിനഞ്ചും ദിവസത്തെ പത്രം ഒന്നിച്ചു കൂട്ടിയാണ് വായിക്കാറുള്ളത്.  

       താനും വഴിയിൽക്കിടന്ന് അനാഥയായി ജനിച്ചതൊന്നുമല്ല. ഒരപ്പൻ്റെയും അമ്മയുടെയും സന്തോഷത്തിൽ പിറന്നതാണ്. സന്തോഷത്തോടെ സ്നേഹം തന്ന് അവർ വളർത്തിയതാണ്. ഈ വിവാഹത്തോടെ തൻ്റെ ക്യാരക്ടർ പോലും മാറിപ്പോയില്ലേ. അവരെപ്പോലും ഒന്നുമറിയിയ്ക്കാതെ മനസ്സിൻ്റെ കോണിൽ ഒരു  ശ്മശാനം ഒരുക്കി. എന്നിട്ടും ഒരിക്കലെങ്കിലും പ്രഭ തന്നെ സ്നേഹിച്ചിട്ടുണ്ടോ? കാര്യം കാണാൻ ഒരു സ്നേഹാഭിനയവുമായി വരും. താൻ അതിൽ വീഴും... വീണ്ടും പഴിയും ദുഷിയും പരിഹാസവും ചൂഷണവും മാത്രം.

        മൂത്തമകൻ ലിബിൻ വളർന്ന്, അവന് തിരിച്ചറിവായതിൽപ്പിന്നീടാണ് ജീവിതത്തെക്കുറിച്ച് ഒരു പ്രതീക്ഷ തന്നെ കൈവന്നത്. തൻ്റെ കണ്ണൊന്നു നിറഞ്ഞാൽ ഉടൻ ഓടി വന്ന് കെട്ടിപ്പിടിച്ച് പൊന്നുമോൻ  ആശ്വസിപ്പിക്കും. അമ്മയ്ക്ക് ദൈവം ഞങ്ങളെപ്പോലെ രണ്ടു നല്ല മക്കളെ തന്നില്ലേ... പപ്പയെ പപ്പേടെ വഴിക്കു തന്നെ വിട്ടേക്ക് ... അമ്മയെ സ്നേഹം കൊണ്ടു പൊതിയാൻ ഞങ്ങൾ മതിയില്ലേ... എന്ന് പലവട്ടം പറഞ്ഞ് അവൻ ആശ്വസിപ്പിച്ചിട്ടുണ്ട്. ഇളയവൻ കൊഞ്ചിക്കളിച്ച് ഒന്നും അറിയാതെ അവൻ്റെ പപ്പേടെ മാത്രം വാലേത്തൂങ്ങിയായി. 

         ലിബിൻ്റെ സ്വഭാവത്തിന് ഈയിടെ ഒരു മാറ്റമുണ്ടായോ? അവൻ എന്തൊക്കെയോ തന്നിൽനിന്ന് മറയ്ക്കുന്നതുപോലെ. "ദൈവമേ എൻ്റെ പിള്ളേര് എങ്കിലും എന്നെ മനസ്സിലാക്കണേ" ലാലി ഉള്ളുരുകി പ്രാർത്ഥിച്ചു.

          നല്ല മിടുമിടുക്കി ഒരു പെൺകുട്ടിയെയാണ്  ദൈവം ലിബിന് ഭാര്യയായിക്കൊടുത്തത്. ശ്രദ്ധ. പേരുപോലെ എല്ലാക്കാര്യത്തിലും  ശ്രദ്ധയുള്ള നല്ലൊരു കുട്ടി. 

       അവളെ തന്നിൽനിന്ന് അകറ്റാൻ ചില കളികൾ അപ്പൻ ബോധപൂർവ്വം നടത്തിയതായി ലിബിൻ പറഞ്ഞറിഞ്ഞു. ആദ്യം വിശ്വസിച്ചില്ല. പിന്നീട് എല്ലാം സത്യമെന്ന് മനസ്സിലാക്കി. "മോളെ അമ്മയ്ക്കൊരു പിടിപ്പുമില്ല, ഒരു കഴകത്തും, വൃത്തീം മെനേം  ഇല്ലാത്തൊരെണ്ണമാ അത്.  മോളു വേണം ഈ വീടിനെ ഒരു വീടാക്കി എടുക്കാൻ. ഒരു പെണ്ണിൻ്റെ കുറവു മോളുവേണം നികത്താൻ. തുടങ്ങി പലതും.. പലതും...

       പക്ഷേ അവൾ ഒരു ഭാഗം മാത്രം കേൾക്കാത്ത സ്വഭാവക്കാരിയായതിനാലും, നല്ല രീതിയിൽ വീട്ടുകാർ വളർത്തിവിട്ടതിനാലും ഒന്നും മുഖവിലയ്ക്കെടുത്തില്ല.

        ലാലി ഓടിനടന്ന് എല്ലാം അടുക്കിപ്പെറുക്കി  വീടെല്ലാം തൂത്തു തുടച്ചിട്ടു. കുതിർന്നു കിടന്ന അരി അല്പം ചോറുകൂടി ചേർത്തരച്ചു വച്ചു. പണ്ടത്തെ അമ്മമാർ ഇങ്ങനെയൊന്നും വെള്ളേപ്പമുണ്ടാക്കാൻ സമ്മതിക്കില്ല. അവർക്ക് തരിയുള്ള അരിപ്പൊടി തന്നെ വേണം കപ്പി കാച്ചാൻ. കപ്പി കാച്ചുന്നതിനു പകരം എളുപ്പ വഴിയിൽ ഒരു ക്രിയ. ഒരു സോസർ ചോറു കൂടി അരച്ചു ചേർക്കുക.

        പരിഹാസികളും വായ് നോക്കികളുമായ അയല്ക്കാർക്ക് ചിരിക്കാൻ അവസരമൊരുക്കിയതിൽ അവൾക്ക് കുണ്ഠിതമുണ്ടായി. പാതിരാത്രിയിൽ അരി മിക്സിയിൽ അരച്ചതൊക്കെ അവർ പറഞ്ഞു രസിക്കട്ടെ. 

           കോവിഡ് കാലമായതിൽപ്പിന്നെ അയലത്തെ ടീച്ചർ  ഓൺലൈൻ പഠിപ്പീരാണ്. തൻ്റെ അടുക്കള വാതില്ക്കലാണ് അവരുടെ ഓൺലൈൻ മേളം. ജനൽ അടച്ചിട്ട് അവരിൽ നിന്ന് രക്ഷപ്പെടാൻ വൃഥാശ്രമം നടത്തും. പക്ഷേ വാർക്ക അടുക്കളയിൽ നില്ക്കാൻ വയ്യ. യൂട്രസ്സും ഓവറികളുമൊക്കെ റിമൂവ് ചെയ്ത തനിക്കു് എപ്പോഴും ചൂടാണ്.  മനോവിഷമത്തോടെ ജനൽ തുറന്നിടും. അവൾ പരിഹാസവും അറപ്പുളവാക്കുന്ന വാക്കുകളും പറഞ്ഞ് തന്നെ ചൊടിപ്പിക്കും. സഹികെടുമ്പോൾ ലാലി ഉച്ചത്തിൽ ദൈവത്തെ വിളിച്ച് കാറും. കാരണം അവർ ഞായറാഴ്ചകളിൽ  വേദപാഠ ക്ലാസ്സുകൂടി എടുക്കുന്നത് കേൾക്കാറുണ്ട്. ദൈവസ്നേഹമില്ലാതെ ദൈവെത്തെയും വിശ്വാസികളെയും കബളിപ്പിച്ച് ജീവിക്കുന്നവർ. അവർ കേൾക്കെയാണ് പലപ്പോഴും പ്രഭേട്ടൻ തന്നെ ശാസിക്കാറ്. അതിൻ്റെ ആ സുഖത്തിലാണ് ആ സ്ത്രീയുടെ പരിഹാസം. 

          പുരയ്ക്കകത്ത് വളർത്തുന്ന തൻ്റെ ഓമന പട്ടിക്കുട്ടി ബുഡ്ഡി മാത്രം ഉറങ്ങാതെ തനിക്കു കൂട്ടിരിക്കുന്നു. അതിനെ ഇളയ മകൻ ജിബിന് മരുമകൾ ശ്രദ്ധ കൊണ്ട്  കൊടുത്തതാണ്. തനിക്ക് പണിയുണ്ടാക്കാൻ. താനിവിടെ ഒന്നും ചെയ്യാതെ സുഖിച്ചു കഴീവല്ലെ. മക്കളെ ഒക്കെ കഷ്ടപ്പെട്ട് വളർത്തി വാർദ്ധക്യത്തിലെത്തുന്ന അച്ഛനമ്മമാർക്ക് മക്കൾ കൊടുക്കുന്ന സ്നേഹ സമ്മാനമാണ് ഈ 'ലക്കീ ഡോഗ്സ്'. ആദ്യമൊക്കെ ബുഡ്ഡി പുരയ്ക്കകത്ത് മുള്ളി, അപ്പിയിട്ടു. അതിൻ്റെ പേരിൽ താൻ നിരന്തരം വഴക്കിട്ടു. എന്നാൽ ഇന്ന് ഒന്നു മിണ്ടിയും പറഞ്ഞും ഒപ്പമിരുത്തി ലാളിക്കാനും ബുഡ്ഡിയുണ്ട്. "കൊച്ചേ, അമ്മടെ  മുത്തുവാവേ" എന്നൊക്കെ വിളിച്ചാൽ അരുമയോടെ ഓടി അടുത്തുവരും. മനുഷ്യനേക്കാൾ സ്നേഹവും കരുതലും വിവരവുമുള്ള മൃഗം. ബുഡ്ഡിക്ക് ഇറച്ചി ചൂടാക്കി കൊടുത്തു. കുടിയ്ക്കാൻ വെള്ളവും. 

     ദൈവമേ രാത്രി രണ്ടു മണികഴിഞ്ഞു. പ്രഭേട്ടൻ്റെ ഭീതിപ്പെടുത്തുന്ന കൂർക്കംവലി കേൾക്കാം. അവൾ കാസറോൾ തുറന്നു നോക്കി, സന്തോഷമായി. ഒറ്റ ചപ്പാത്തി മിച്ചമില്ല. കഴിച്ചല്ലോ, ഷുഗറുകാരനാണ്. താനുള്ളപ്പോൾ വീട്ടിൽ ആരും  അത്താഴപ്പട്ടിണി കിടക്കാൻ പാടില്ല. വിളമ്പിയെടുത്ത് കൊടുത്തില്ലെങ്കിലും കഴിച്ചെന്നു കണ്ടപ്പോൾ ആശ്വാസമായി.  കറിപ്പാത്രത്തിൻ്റെ മൂടി തുറന്നുനോക്കി. മിടുക്കൻ കറിയും കൂട്ടിയിട്ടുണ്ട്. 

ബെഡ്റൂമിൽ  അടുത്തുചെന്നു നോക്കി. ഹൊ എന്തൊരു പാവം പിടിച്ച മനുഷ്യൻ ... വല്യ ചുമടുമായി കേറ്റംകേറിപ്പോകുന്ന മാതിരിയാണ്  കൂർക്കംവലി.

        അവൾ ലൈറ്റണച്ച് അയാളുടെ ഓരം ചേർന്ന് കിടന്നു. വീണ്ടും എണീറ്റു ചെന്ന് ഫോണിൽ അലാറം വച്ചു. എന്നിട്ട് പിറുപിറുത്തു "സമയം പോകുന്ന ഒരു പോക്കേ രണ്ടരയായി, ഇനിയിപ്പം കിടന്നാലും ഉറക്കം വരില്ല. പിള്ളേരിപ്പമിങ്ങുവരും.  ഫോൺ എടുത്ത് അതിൽ നിന്ന് ബൈബിൾ വായിക്കാൻ തുടങ്ങി.

1കോരിന്ത്യർ  13 ആം അധ്യായം.... സ്നേഹമാണ് വിഷയം. നാലും അഞ്ചും  വാക്യങ്ങളിൽ കണ്ണുകളുടക്കി നിന്നു. "സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല ദ്വേഷം പ്രവർത്തിക്കുന്നില്ല, ദോഷം കണക്കിടുന്നില്ല" മതി ദൈവം തന്നോട് സംസാരിച്ചല്ലോ ഇനി കിടന്നുറങ്ങാം. അവൾ ഭർത്താവിനോട് ചേർന്നു കിടന്നു. ക്രമേണ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.  

           ( തുടരും...)