ഡോക്ടര്‍ ചാക്കോ Vs. വെറും ചാക്കോ: തനി നാടൻ

ഡോക്ടര്‍ ചാക്കോ Vs. വെറും ചാക്കോ: തനി നാടൻ

'ഹലോ ഡോക്ടര്‍ ചാക്കോയല്ലേ?`

'അല്ല, ആള്‌ മാറിപ്പോയി`

അങ്ങേത്തലക്കല്‍ എന്തെങ്കിലും പറയുന്നതിന്‌ മുന്‍പ്‌ അയാള്‍ ഫോണ്‍ താഴെ വച്ചു. വെളുപ്പിനെ രണ്ട്‌ - രണ്ടര ആയിക്കാണും. രാത്രി ബാക്കിയുള്ള സമയം സ്വസ്ഥമായി ഉറങ്ങിത്തീര്‍ക്കാമെന്ന്‌ കരുതി അയാള്‍ പുതപ്പ്‌ വലിച്ചിട്ട്‌ മുട്ടുകള്‍ക്കിടയില്‍ കൈകള്‍ തിരുകി തിരിഞ്ഞുകിടന്നു.

കണ്ണടച്ചില്ല അതിന്‌ മുന്‍പേ അതാ വീണ്ടും ഫോണ്‍ അടിക്കുന്നു.

'ഹലോ ഡോക്ടര്‍ ചാക്കോ, ഇത്‌ ജോണ്‍സണാ. ഞാനിന്ന്‌ കാണാന്‍ വന്നിരുന്നു`

'ചേട്ടാ ഇത്‌ നിങ്ങള്‍ ഉദേശിക്കുന്ന ഡോക്ടര്‍ ചാക്കോ അല്ല. ആള്‌ തെറ്റിയതാ. ഇനി വിളിക്കരുത്‌`

ഉള്ളില്‍ ദേഷ്യം തോന്നിയെങ്കിലും ഉറക്കം പോയാലോ എന്നുകരുതി അയാള്‍ ക്ഷോഭിച്ചില്ല. വെളുപ്പിനെ എണീറ്റ്‌ ജോലിക്ക്‌ പോകേണ്ടതാണ്‌.

അയാള്‍ തലയ്‌ക്കു മുകളില്‍ പുതപ്പ്‌ വലിച്ചിട്ട്‌ വീണ്ടും കണ്ണടച്ചു.

അപ്പോള്‍ കേള്‍ക്കാം വീണ്ടും ഫോണ്‍ ബെല്‍!

ഇത്‌ വല്യ ശല്യമായല്ലോ...!

എല്ലാം കേട്ടോണ്ട്‌ അടുത്തമുറിയില്‍ കിടന്ന ഞാന്‍ ഇത്തവണ എന്‍റെ മുറിയില്‍വച്ചിരുന്ന പാരലല്‍ ഫോണ്‍ എടുത്ത്‌ മറ്റേ തലക്കല്‍ ഉള്ള ആള്‍ എന്തേലും ഇങ്ങോട്ട്‌പറയുന്നതിന്‌ മുന്‍പ്‌ അങ്ങോട്ട്‌ പറഞ്ഞു

'ഹലോ ഡോക്ടര്‍ ചാക്കോ. ആരാ ഇത്‌?`

'ആ ഡോക്ടറെ, ഇത്‌ ജോണ്‍സണാ. ഞാന്‍ രാവിലെ ഓഫീസില്‍ വന്നിരുന്നു. ശ്വാസം മുട്ടലും ചുമയുമായി. കുറിച്ചുതന്ന മരുന്ന്‌ കഴിച്ചു`

ഇവിടുന്ന്‌ എന്തേലും ചോദിക്കുന്നുണ്ടോ എന്നറിയാന്‍ ജോണ്‍സണ്‍ ഒന്ന്‌ നിറുത്തി.

ഞാന്‍ ഒന്നും മിണ്ടിയില്ല. ജോണ്‍സണ്‍ തുടര്‍ന്നു...

'കുറിച്ചുതന്ന മരുന്ന്‌ കഴിച്ചിട്ടും കുറവൊന്നുമില്ല. വിഷമിച്ചാ ശ്വാസം എടുക്കുന്നത്‌. പനിയും ഉണ്ട്‌`

ശ്വാസ്സം എടുക്കാന്‍ അത്ര പാടാണെങ്കില്‍ എടുക്കാതിരുന്നുകൂടെ? ഞാന്‍ മനസ്സില്‍വിചാരിച്ചെങ്കിലും ചോദിച്ചില്ല. മെഡിക്കല്‍ എത്തിക്ക്‌സ്‌ ഞാന്‍ മറക്കാന്‍ പാടുണ്ടോ!

ഡോക്ടര്‍ ചാക്കോയുടെ ആത്മാവിനെ മനസ്സില്‍ ആവാഹിച്ച്‌ ഞാന്‍ ഒരു നിമിഷം ഒന്നാലോചിച്ചു...

എന്നിട്ട്‌ രണ്ടും കല്‍പ്പിച്ച്‌ പറഞ്ഞു

`രാവിലെ തന്ന മരുന്ന്‌ തന്നെ മുടങ്ങാത്‌ കഴിക്കുക. ആന്‍റിബയോട്ടിക്ക്‌പ്രവര്‍ത്തിക്കാന്‍ ഇരുപത്തിനാല്‌ മണിക്കൂര്‍ എങ്കിലും എടുക്കും''

അയാള്‍ എന്തേലും പറയുന്നുണ്ടോ എന്നറിയാന്‍ ഒരു നിമിഷം നിറുത്തി''

എന്നിട്ട്‌ തുടര്‍ന്നു ``കുറവില്ലെങ്കില്‍രാവിലെ ഓഫീസില്‍ വരിക`

അനുബന്ധമായി പറഞ്ഞു 'പനിക്ക്‌ ടൈലിനോള്‍ കഴിച്ചാ മതി`.

നാട്ടില്‍ കൊടുക്കുന്ന പാരസിറ്റമോളിന്‌ പകരമുള്ള ഒരു ഗുളികയാണ്‌ ടൈലിനോള്‍. അമിതമായി കഴിച്ചാല്‍ കരള്‍ ഉള്ളവരുടെ കരള്‍ തട്ടിപ്പോകും.

എന്‍റെ ആധികാരികമായ ചികിത്സവിധി കേട്ട്‌ ജോണ്‍സണ്‌ സമാധാനമായീന്ന്‌ തോന്നുന്നു, അയാള്‍ `ഓക്കേ ഡോക്ടര്‍` പറഞ്ഞു ഫോണ്‍ താഴെ വച്ചു. അഭിനവ ഡോക്ടര്‍ ചാക്കോ തിരികെ ഉറങ്ങാനും കയറി.

<><><><><><><><><><><><><><><><>

എന്‍റെ ചേട്ടനാണ്‌ വറുഗീസ്‌ ചാക്കോ. ചേട്ടനും ഡോക്ടര്‍ക്കും ഒരേ പേരാണ്‌...ഒരാള്‍ ഡോ. വറുഗീസ്‌ ചാക്കോ, മറ്റേയാള്‍ വെറും വറുഗീസ്‌ ചാക്കോ.

ചേട്ടന്‍ നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്ന്‌ ആദ്യമായി സ്വന്തം പേരില്‍ ഫോണ്‍ കണക്ഷന്‍ എടുത്ത അന്നുമുതല്‍ ഡോ. ചാക്കോക്കുള്ള ഫോണ്‍ മിക്കവാറും വരുന്നത്‌ ഇങ്ങോട്ടാണ്‌. ഫോണ്‍ ഡയറക്‌റ്ററിയില്‍ രണ്ടു പേരും അടുത്തടുത്ത്‌.

സമയത്തും അസമയത്തും വരുന്ന കോളുകള്‍ക്ക്‌ മറുപടി പറഞ്ഞു പറഞ്ഞു മടുത്തു.

ഒടുവില്‍ ഗത്യന്തരമില്ലാതെ ചേട്ടന്‍ തന്നെ ചികിത്സ തുടങ്ങുമോ എന്നെനിക്ക്‌ പേടിയുണ്ടായിരുന്നു. അതാണ്‌ ഇത്തവണ ഞാന്‍ തന്നെ ഫോണ്‍ എടുത്തത്‌.

ഞാന്‍ പറഞ്ഞുകൊടുത്ത മരുന്നുകള്‍ കഴിച്ച്‌ ഇതുവരെ ആരും നിര്യാതരായിട്ടില്ല എന്നുതന്നെയല്ല രോഗികള്‍ ശാരീരികമായും മാനസികമായും ആത്മീയമായും സുഖപ്പെട്ടിട്ടുണ്ട്‌.

സത്യത്തില്‍ ഞാനൊരു ഡോക്ടര്‍ ആകേണ്ടതായിരുന്നു.

 

 പോൾ ചാക്കോ