വഴുക്കല്‍: കവിത, ടോബി തലയല്‍, മസ്‌കറ്റ്

വഴുക്കല്‍: കവിത, ടോബി തലയല്‍, മസ്‌കറ്റ്

നിശ്ചിതത്വത്തിലേക്കുള്ള
ആകസ്‌മിക സഞ്ചാരമായി
വഴുക്കലിനെ കരുതുന്നവരുണ്ടാകാം
എന്നാലത്‌
നനഞ്ഞ നടവഴികള്‍ തക്കം പാര്‍ത്തിരുന്ന്‌
കുട്ടികളെ വീഴ്‌ത്തുന്ന
കുസൃതിയാവാം
പ്രണയം പ്രവഹിയ്‌ക്കുന്ന നോട്ടങ്ങ ള്‍
കൂട്ടിമുട്ടുന്നതാവാം
ഇലത്തുമ്പില്‍ വെള്ളത്തുള്ളികള്‍
നൃത്തം പഠിക്കുന്നതാവാം
പായലില്‍ കാലുകള്‍ ആര്‍ജിക്കുന്ന
വേഗതയാവാം
കുളക്കരയില്‍ നിന്ന്‌ ആഴത്തിലേക്ക്‌
മരണം പൊടുന്നനെ
വിളിക്കുന്നതാവാം
ഒരുകുഞ്ഞു നക്ഷത്രം കൂട്ടംതെറ്റി
കാര്‍മേഘങ്ങളുടെ കൈയില്‍ പെടുന്നതാവാം
കാലടികളില്‍ നിന്ന്‌ പാത
ഇരുട്ടിലേക്ക്‌ പിന്‍വാങ്ങുന്നതാവാം
കൊടുമുടിയോളം ചെന്ന സ്വപ്‌നങ്ങള്‍
ഹിമപാളിയോടൊപ്പം
അടരുന്നതാവാം
വള്ളത്തില്‍ നിന്നുമെടുത്തുയര്‍ത്തി
കടല്‍ത്തിരകള്‍
പുണരുന്നതാവാം
കണ്ണില്‍ നിന്നണപൊട്ടുന്ന
സങ്കടമാവാം!

ഒരമ്മയുടെ അടിവയര്‍ കീറുന്ന നൊമ്പരം
എത്ര വേഗത്തിലാണ്‌
നിറഞ്ഞൊഴുകുന്ന ആനന്ദത്തിലേക്ക്‌
വഴുതിപ്പോകുന്നത്‌!
മൗനമുദ്രിതമായ ചുണ്ടുകള്‍
എത്ര തിടുക്കത്തോടെയാണ്‌
നെഞ്ചിലെ സ്‌നേഹം തിരയുന്നത്‌
അനാദിയില്‍ നിന്ന്‌ എത്ര അനായാസമാണ്‌
ലോകത്തിലേക്കുള്ള ജനാലകള്‍
കണ്‍തുറക്കുന്നത്‌
കെട്ടിയിട്ട വള്ളത്തില്‍
കൈകാല്‍ ഇളക്കിയുള്ള
തുഴച്ചില്‍ പരിശീല നം കഴിഞ്ഞ്‌

പുഴുവിന്റെ പിടപ്പിലൂടെ
പാമ്പിന്റെ ഇഴച്ചിലിലേക്കും
വെറുതെയുള്ള കുതിപ്പുകളിലേക്കും
തളര്‍ന്നുള്ള കിതപ്പുകളിലേക്കും
നിസ്സഹായതയിലേക്കും നിശ്ശബ്ദതയിലേക്കും
മറവിയിലേക്കും
തെന്നിത്തെന്നിയുള്ള ഈ പോക്ക്‌
വഴുക്കല്‍ അല്ലെങ്കില്‍ പിന്നെ എന്താണ്‌?

 

  ടോബി തലയല്‍