ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപിന് തന്റെ പാസ്‌പോർട്ട് തിരികെ ലഭിക്കും. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. കേസിൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ മുൻപുണ്ടായിരുന്ന ജാമ്യവ്യവസ്ഥകൾക്കും ബോണ്ടുകൾക്കും പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.
പുതിയ സിനിമയുടെ പ്രമോഷൻ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകേണ്ടതുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യം ലഭിച്ചപ്പോൾ കോടതിയുടെ നിബന്ധന പ്രകാരമാണ് ദിലീപ് പാസ്‌പോർട്ട് സമർപ്പിച്ചിരുന്നത്. ഇടക്കാലത്ത് കോടതിയുടെ പ്രത്യേക അനുമതിയോടെ പലതവണ വിദേശയാത്രകൾ നടത്തിയിരുന്നെങ്കിലും പാസ്‌പോർട്ട് കോടതിയുടെ കസ്റ്റഡിയിൽ തന്നെയായിരുന്നു.
ദിലീപിനെ കുറ്റവിമുക്തനാക്കിയ ദിവസം തന്നെ പാസ്‌പോർട്ട് തിരികെ നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. വിധിക്ക് എതിരെ അപ്പീൽ നൽകാൻ സാധ്യതയുള്ളതിനാൽ പാസ്‌പോർട്ട് നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, വിധി വന്നതോടെ ദിലീപ് ഇപ്പോൾ കുറ്റവിമുക്തനാണെന്നും അതിനാൽ പാസ്‌പോർട്ട് തടഞ്ഞുവെക്കാൻ നിയമപരമായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.