ധർമ്മസ്ഥല : ബംഗളഗുഡ്ഡ വനമേഖലയിൽ പരിശോധന; വീണ്ടും അസ്ഥികൾ കണ്ടെത്തി

Sep 17, 2025 - 19:32
 0  2
ധർമ്മസ്ഥല : ബംഗളഗുഡ്ഡ വനമേഖലയിൽ  പരിശോധന; വീണ്ടും അസ്ഥികൾ കണ്ടെത്തി

ബെംഗളൂരു: ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് ബംഗളഗുഡ്ഡ വനമേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മനുഷ്യ അസ്ഥികൾ കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടക ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നടത്തിയ പരിശോധനയിലാണ് അഞ്ചിടങ്ങളിൽ നിന്നായി അസ്ഥിക്കഷണങ്ങൾ ലഭിച്ചത്. ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് എസ്.ഐ.ടി. വീണ്ടും പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് യൂട്യൂബറായ മനാഫ് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും, കൂടുതൽ അസ്ഥികൾ ഇനിയും കണ്ടെത്താൻ സാധ്യതയുണ്ടെന്നും മനാഫ് പറഞ്ഞു. തന്റെ ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കപ്പെടും എന്ന് പറഞ്ഞ മനാഫ്, ഇപ്പോഴും തനിക്ക് വധഭീഷണി നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ധർമ്മസ്ഥലയിൽ നടന്നതായി പറയപ്പെടുന്ന  വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മനാഫിനെ സെപ്റ്റംബർ 10-ന് എസ്.ഐ.ടി. ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാമെന്ന് അറിയിച്ച് മനാഫിനെ വിട്ടയച്ചതായി അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, ഈ കേസുമായി ബന്ധമുള്ള മറ്റൊരു യൂട്യൂബറായ അഭിഷേകിനെയും എസ്.ഐ.ടി. ചോദ്യം ചെയ്യുകയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

മാധ്യമങ്ങളോട് സംസാരിക്കവെ മനാഫ്, ധർമ്മസ്ഥലയിൽ നടന്ന സംഭവങ്ങൾ സത്യമാണെന്നും നിരവധി പേർ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ആരോപിച്ചു