ധര്‍മ്മസ്ഥല കേസ്; വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

Aug 23, 2025 - 12:45
 0  614
ധര്‍മ്മസ്ഥല കേസ്; വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

ബെംഗളുരു; ധര്‍മ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. ധര്‍മസ്ഥല ക്ഷേത്ര പട്ടണത്തില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പോലീസ് പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവിലുള്ളത്.

അതേസമയം മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പോലീസില്‍ പരാതി നല്‍കിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മകളെ കാണാനില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.