എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ല; രാഹുൽ മാങ്കൂട്ടത്തിൽ

എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും ഒരുവിഭാഗം ആളുകൾ ഇടഞ്ഞ് തന്നെയാണ്. രാഹുലിന്‍റെ രാജിക്കായി പാർട്ടിയിലും സമ്മർദം മുറുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തി.
എന്നാൽ രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഐഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രാവിലെ പറഞ്ഞത്. സിപിഐഎമ്മിലെ ആരോപണ വിധേയർ രാജിവെച്ചില്ലല്ലോ എന്ന ചോദ്യം ആവർത്തിച്ചാണ് നേതാക്കൾ പ്രതിരോധം തീർക്കുന്നത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പരസ്യപ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി രംഗത്തെത്തി. സിപിഐഎം ചെയ്യുന്നതുപോലെ ആരോപണവിധേയരെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാകില്ലെന്ന് പറഞ്ഞ ഷാഫി ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും പറഞ്ഞു.