ചെരുപ്പ് പറഞ്ഞത്: കവിത, റീന മാത്യു

ചെരുപ്പ് പറഞ്ഞത്: കവിത, റീന മാത്യു

തേഞ്ഞത് ഞാനല്ല

നിന്റെ ആയുസ്സാണ്

മലിനമായത് ഞാനല്ല

നിന്റെ പ്രവർത്തികൾ

മലിമസമാക്കിയതാണ്

 

എന്നെ പുറത്താക്കി നീ

ദേവാലയത്തിൽ കടക്കുമ്പോൾ

കൂടെകൊണ്ടുപോകുന്ന

കനം തൂങ്ങുന്ന പാപഭാരം

താങ്ങാനാവാതെ ഒരു പക്ഷെ

ഈശ്വരൻ എനിക്ക് തന്ന

വരദാനമായിരിക്കും

ഈ പുറത്താക്കൽ

 

പടിക്കു പുറത്തെന്നു ഭ്രഷ്ട് കൽപ്പിച്ചെങ്കിലും

സന്തോഷിക്കയാണ് ഞാൻ

നിന്റെ മതി മറന്ന അനീതികളുടെ

ഉച്ചസ്ഥായികൾക്കൊന്നും

ഞാൻ പങ്കാളിയാകാറില്ലല്ലോ

 

ഞാൻ നിനക്കിന്നു

ദൈവതുല്യനാണ്

നിന്റെ അനീതികൾ കണ്ടിട്ടും

നിനക്കായി നിവർന്നു നിന്നു

നിന്റെ ചവിട്ടേറ്റു തുള വീഴാനും

ഉപേക്ഷിക്കപ്പെടാനും

നിന്റെ കാലുകൾ നോവാതിരിക്കാൻ

കൂർത്ത കല്ലിന്റെയും മുള്ളിന്റെയും

വേദനകൾ സഹിച്ച മൂർത്തിയാണ് ഞാൻ

 

നീ തിന്നു കൊഴുപ്പിച്ച

ശരീരഭാരം എന്നിലേക്കമരുമ്പോൾ

ഒരു മാത്ര കോപം ജനിച്ചെങ്കിലും

എന്നെപ്പോലെ തുന്നിചേർത്ത നിന്റെ

ജീവിതമോർത്തു

ഞാൻ നിശബ്ദ്നാവുകയായിരുന്നു...