അന്യരാവുന്നവർ : കവിത, സൂസൻ പാലാത്ര

അന്യരാവുന്നവർ : കവിത, സൂസൻ പാലാത്ര

കാര്യങ്ങളെല്ലാം കഴിഞ്ഞല്ലോ

  നേരവുമങ്ങിരുട്ടിയല്ലോ

ഇനി ഞാൻ നിന്നിട്ടെന്തിന്,

   പോകയാണു ഞാൻ

ഞാനിനി പോകയേ വേണ്ടൂ

  തണലുതേടി

അശരണയാം മാതാവുതിർത്തു

  നീർമിഴികളേറെയായ്

വേണ്ടുന്നവരെല്ലാവരുമൊരുമയായ്

  കഴിയുമീ വീട്ടില-

പശകുനമാവാതെ മണ്ടുവാനു -

  മുള്ളം കൊതിക്കുന്നുണ്ടഹോ

നാട്ടാരും ബന്ധുക്കളും

  മക്കൾ തന്നുടെ സ്തുതി

പാടുമീവേളയിലമ്മതൻ കണ്ണിൽ

നിന്നൊഴുകീയശ്രുകണങ്ങളിതാ

ധാരധാരയായ്

ഉള്ളതുകൊണ്ടോണംപോലെ

  യക്കൊച്ചുവീട്ടിലാമോദമായ്

കഴിഞ്ഞൊരാ നല്ലനാളുകൾ

  നിത്യവും താൻ കണ്ട കിനാവുകൾ

എല്ലാം പാഴിലായെന്മകനു

    പഠിപ്പുകൂടിയതാണെൻ്റെ ദു:ഖം

ആയമ്മ തൻ കണ്ണിൽനിന്നടർന്നു

   വീണൊരായിരമാമലീക ഫലങ്ങൾപോലെ

വസിക്കുവാനൊരുകൊച്ചു മുറി

  മാത്രംമതിയീ കൊട്ടാരവീട്ടിൽ

ജോലികളേറെയായ് ചിട്ടയായ്ചെയ്യാം

  ഉള്ളം മന്ദമായ് തേങ്ങുന്നിതാർദ്രമായ്

പൊന്നുമക്കളെയച്ഛനുറങ്ങുമീ മണ്ണിലായ്

  സ്മൃതിതൻതീരത്തു പാർക്കണം

അരുമയായ് താലോലിച്ചുവളർത്തിയ

 ദിനങ്ങളൊന്നുമേ യോർക്കാനാമകനു

നേരവുമില്ലാതായ്

  പടിഞ്ഞാറിൻ സംസ്കാര ചിത്തയാം മരുമോളും

വൃദ്ധമാതാവിനെ നോക്കാനറയ്ക്കുന്ന

   പേരക്കിടാങ്ങളും

മരുമകൾ തൻപച്ചപ്പരിഷ്‌ക്കാരിയാമ്മ

  ചോദിക്കുന്നിതാ ക്രൗര്യമായ്

ഇവിടെല്ലാം

തൂത്തുതുടച്ചിടാനിവർക്കാകുമോ?

  പൊന്നുമോളെ നീയി

മുതുക്കിയെയിനിയെന്തു ചെയ്യും?

പിന്നെ നാട്ടാരോടായി ഓതിയിവ്വിധം

  കണ്ടോകൂട്ടരെയെന്മകൾ

തൻപങ്കപ്പാടുകൾ

ചഞ്ചലാക്ഷിയാമാമകൾശങ്കയെന്യേയോതിനാൾ

  അമ്മേ വൃദ്ധസദനത്തിലാക്കും മമ്മീ,

ചേട്ടനുത്തരവാദപ്പെട്ടൊരു

സർക്കാരുഡോക്ടറല്ലേ

  വീട്ടിലും പ്രാക്ടീസില്ലേ...

വൃദ്ധയാം മാതാവുരിയാടുന്നിതാമന്ദമായ്

   മരുമകളെന്നെ 'അമ്മേ' എന്നുവിളിച്ചതെത്ര

ഭാഗ്യം

മരുമകളെത്രമെച്ചം തന്നമ്മയേക്കാൾ!

മണ്ടിത്തുടങ്ങിനാളാവൃദ്ധയാമമ്മ

     അമ്മക്കിളിക്കൂടും തേടി.

 

         ( ശുഭം)