ട്രംപിന്റെ വിശ്വസ്തൻ,  ആരാണ് വെടിയേറ്റ് കൊല്ലപ്പെട്ട യുവ നേതാവ് ചാർലി  കിർക്ക്?

Sep 11, 2025 - 12:57
 0  74
ട്രംപിന്റെ വിശ്വസ്തൻ,   ആരാണ് വെടിയേറ്റ് കൊല്ലപ്പെട്ട യുവ നേതാവ് ചാർലി  കിർക്ക്?


ന്യൂയോർക്ക്: കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർക്കുവേണ്ടി ശക്തമായി പ്രചാരണം നടത്തിയ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ ചാർലി കിർക്ക് അപ്രതീക്ഷിതമായി വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുകയാണ്. ഒരു പ്രസംഗത്തിനിടെ  പൊതു ഇടത്തിൽ വച്ച് ഈ യുവനേതാവ് കൊല്ലപ്പെട്ടത്  വലിയ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്.


പതിനെട്ടാം വയസിൽ ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനായ കിർക്കിന്റെ മരണം യുഎസ് രാഷ്ട്രീയ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കി. ഒരു വലതുപക്ഷ സ്വാധീനശക്തി എന്നതിലുപരി, ഗർഭഛിദ്രം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, വംശീയ സിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള ലിബറൽ കാമ്പസുകളിലെ സംവാദത്തിലൂടെ  ഏറെ ശ്രദ്ധനേടിയിരുന്നു  31കാരനായ ചാർലി കിർക്ക്.

 ചാർലി ഒരു കൺസർവേറ്റീവ് ആക്ടിവിസ്റ്റും ട്രംപിന്റെ അടുത്ത സുഹൃത്തുമായിരുന്നു. 2012ൽ ടേണിങ് പോയിന്റ് യുഎസ്എ എന്ന വിദ്യാർഥി സംഘടന അദ്ദേഹം സ്ഥാപിച്ചു.  'ചേഞ്ച് മൈ മൈൻഡ്' എന്ന പേരിൽ കോളേജുകളിൽ ചാർലി സംവാദങ്ങൾ നടത്തിയിരുന്നു. 2024ലെ യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ പ്രചാരണത്തിൽ  വലിയ പങ്കുവഹിച്ച ചാർലി കിർക്ക് യുവാക്കൾക്കിടയിൽ ട്രംപിൻ്റെ സ്വാധീനം വർധിപ്പിക്കാൻ നിർണായക നീക്കങ്ങളാണ്  നടത്തിയത്.


ചാർലി കിർക്ക്  മികച്ച വ്യക്തിയും ഇതിഹാസതുല്യനുമായിരുന്നു എന്ന് ട്രംപ് അനുസ്മരിച്ചു. "അമേരിക്കയ്ക്ക് ഇത് ഇരുണ്ട നിമിഷമാണ്. അമേരിക്കയിലെ ചെറുപ്പക്കാരുടെ മനസ്സ് അദ്ദേഹത്തെക്കാൾ നന്നായി ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് എനിക്ക്. ചാർലി കിർക്ക് ദശലക്ഷങ്ങൾക്ക് പ്രചോദനമായിരുന്നു. അവനെ അറിഞ്ഞവരും സ്നേഹിച്ചവരുമെല്ലാം ഈ ദുഃഖത്തിൽ പങ്കുചേരുന്നു. അമേരിക്കയെ സ്നേഹിക്കുകയും തുറന്ന സംവാദത്തിന് ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഒരു ദേശസ്നേഹിയായിരുന്നു ചാർലി "- ട്രംപ് കൂട്ടിച്ചേർത്തു