രഹസ്യരേഖകൾ കൈവശം വച്ചു, ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു; ഇന്ത്യൻ വംശജനായ നയതന്ത്രജ്ഞൻ ആഷ്‌ലി ടെല്ലിസ് അറസ്‌റ്റിൽ

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ വിദേശകാര്യ വിദഗ്ധനും പ്രതിരോധ തന്ത്രജ്ഞനുമായ ആഷ്‍ലി ടെല്ലിസ് യുഎസിൽ അറസ്റ്റിൽ. രഹസ്യ ഫയലുകൾ അനധികൃതമായി സൂക്ഷിച്ചുവെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപിച്ചാണ് 64കാരനായ ആഷ്‍ലി ടെല്ലിസിനെ അറസ്റ്റ് ചെയ്തത്. രണ്ട് പതിറ്റാണ്ട് യുഎസ് സർക്കാരിൻ്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ടെല്ലിസിന്റെ വിർജീനിയയിലെ വീട്ടിൽനിന്ന് 1000ലധികം പേജുകളുള്ള അതീവ രഹസ്യരേഖകൾ കണ്ടെത്തിയെന്ന് യുഎസ് അധികൃതർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. റോമിലേക്ക് പോകാനിരിക്കെയാണ് ടെല്ലിസിനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് ആഷ്‍ലി ടെല്ലിസ് അറസ്റ്റിലായതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചു. ഫെഡറൽ കോടതിയുടെ ഉത്തരവുപ്രകാരമാണ് ടെല്ലിസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.