എയർ ഷോ വീഡിയോയ്ക്കായി യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് അപകട വിവരമറിയുന്നത്: തേജസ് അപകടത്തിൽ മരിച്ച നമാൻ്റെ പിതാവ്

Nov 22, 2025 - 12:16
 0  6
എയർ ഷോ വീഡിയോയ്ക്കായി യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് അപകട വിവരമറിയുന്നത്: തേജസ് അപകടത്തിൽ മരിച്ച നമാൻ്റെ പിതാവ്

കോയമ്പത്തൂർ:  ദുബായ് എയർഷോയ്ക്കിടെ കഴിഞ്ഞ ദിവസം തേജസ് യുദ്ധവിമാന അപകടത്തിൽ മരിച്ച വിങ് കമാൻഡർ നമാൻ സ്യാലിൻ്റെ പിതാവ് അപകട വിവരം അറിഞ്ഞത് യൂട്യൂബിൽ വീഡിയോകൾ തിരയുമ്പോൾ. മകൻ പങ്കെടുക്കുന്ന എയർ ഷോയുടെ വീഡിയോകൾക്കായി യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്നതിനിടെയാണ് അപകടം സംബന്ധിച്ച വാർത്തകൾ നമൻ സിയാലിൻ്റെ പിതാവ് ജ​ഗൻ നാഥ് സ്യാലിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ജ​ഗൻ നാഥ് സ്യാലിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എയർ ഷോയിലെ തൻ്റെ പ്രകടനം ടിവി ചാനലുകളിലോ യൂട്യൂബിലോ കാണാൻ മകൻ തലേന്ന് ഫോണിൽ സംസാരിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ജ​ഗൻ നാഥ് സ്യാൽ പറയുന്നത്. മകൻ ആവശ്യപ്പെട്ടത് പ്രകാരം അപകടം നടന്ന ദിവസം വൈകുന്നേരം നാല് മണിയോടെ ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന എയർ ഷോയുടെ വീഡിയോകൾ യൂട്യൂബിൽ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടതെന്നാണ് നമാൻ സ്യാലിൻ്റെ പിതാവ് വ്യക്തമാക്കിയിരിക്കുന്നത്.

'അപകട വിവരം അറിഞ്ഞ ഉടൻ തന്നെ വിംഗ് കമാൻഡർ കൂടിയായ എന്റെ മരുമകളെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഞാൻ തീരുമാനിച്ചു. നിമിഷങ്ങൾക്കുള്ളിൽ, കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തി, എന്റെ മകന് എന്തോ മോശം സംഭവിച്ചതായി എനിക്ക് മനസ്സിലായി' എന്നായിരുന്നു ജ​ഗൻ നാഥ് സ്യാൽ വ്യക്തമാക്കിയിരിക്കുന്നത്.

ഹിമാചലിലെ കാം​ഗ്ര ജില്ലയിലെ പട്യാൽകാഡ് ​ഗ്രാമത്തിൽ നിന്നുള്ള ജ​ഗൻ നാഥ് സ്യാൽ വിരമിച്ച സ്കൂൾ പ്രിൻസിപ്പലാണ്.