ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാർക്കും ഒപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി പി രാധാകൃഷ്ണനെ അനുഗമിച്ചത്.
പ്രധാനപത്രികയ്‌ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.