ബീഹാർ: എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്

Nov 16, 2025 - 20:08
 0  6
ബീഹാർ: എൻഡിഎ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്

പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ വമ്പൻ  വിജയം നേടി അധികാരത്തിലെത്തിയ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് നടക്കും. നവംബർ 20 ന് പട്‌നയിലെ ഗാന്ധി മൈതാനിൽ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നിരവധി വിഐപികൾ ചടങ്ങിന് എത്തും. ബീഹാർ തെരഞ്ഞെടുപ്പിൽ 202 സീറ്റുകൾ നേടി എൻഡിഎ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. 89 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2020 ലെ തിരഞ്ഞെടുപ്പിൽ നിന്ന് പ്രകടനം മെച്ചപ്പെടുത്തിയ ജെഡിയു 85 സീറ്റുകൾ നേടി. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 19 സീറ്റുകളും കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 5 സീറ്റുകളും
രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച 4 സീറ്റുകളും നേടി.

ബീഹാർ നിയമസഭയിൽ ആകെ 34 മന്ത്രിമാർ ആയിരിക്കും ഉണ്ടായിരിക്കുക. ബിജെപിയിൽ നിന്നും 15 മന്ത്രിമാരും ജെഡിയുവിൽ നിന്നും 14 മന്ത്രിമാരും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ നിന്നും 3 മന്ത്രിമാരും എൻഡിഎ സഖ്യത്തിലെ മറ്റു പാർട്ടികളായ രാഷ്ട്രീയ ലോക് മോർച്ചയിൽ നിന്നും ഹിന്ദുസ്ഥാനി മോർച്ചയിൽ നിന്നും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്.