കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഇത് തട്ടിപ്പെന്ന് സതീശൻ

Nov 1, 2025 - 11:33
 0  10
കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഇത് തട്ടിപ്പെന്ന് സതീശൻ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയില്‍ ഈ സഭയില്‍ ഇരിക്കാന്‍ കഴിയുന്നുവെന്നത് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി. ഭവന നിർമ്മാണത്തിനു നടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു