രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന് പുറപ്പെടും
ന്യൂഡൽഹി: ഇന്ത്യയുടെ ഗതാഗത ചരിത്രത്തിൽ വിപ്ലവം കുറിക്കാൻ പോകുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ഇന്ത്യ അതിവേഗ റെയിൽപ്പാതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായി സർവീസുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായ സൂറത്ത് – ബിലിമോറ പാതയിലായിരിക്കും 2027-ൽ ആദ്യ ട്രെയിൻ സർവീസ് നടത്തുക. രണ്ടാം ഘട്ടം വാപി മുതൽ സൂറത്ത് വരെ, മൂന്നാം ഘട്ടം വാപി മുതൽ അഹമ്മദാബാദ് വരെ, അവസാന ഘട്ടം മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള മുഴുവൻ പാതയും സജ്ജമാകും. അഹമ്മദാബാദിലെ സബർമതിയെയും മുംബൈയിലെ താനെയെയും ബന്ധിപ്പിക്കുന്ന 508 കിലോമീറ്റർ പാതയാണ് നിർമ്മിക്കുന്നത്.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയും 2 മണിക്കൂർ 17 മിനിറ്റ് യാത്രാസമയവുമാണ് ബുള്ളറ്റ് ട്രെയിനിന്റെ മറ്റു പ്രത്യേകതകൾ.