കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി 1 ന്

കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി 1 ന്

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി നിര്‍മ്മല സീതാരാമൻ.മോദി സര്‍ക്കാരിനായി നിര്‍ണായക ഇടക്കാല ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുന്നതെന്നതിനാല്‍ സംസ്ഥാനങ്ങളും പ്രതീക്ഷയോടെയാണ് ബഡ്ജറ്റിനായി കാത്തിരിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വിലക്കയറ്റം നേരിടാനും നിലവിലുള്ള പണപ്പെരുപ്പ പ്രവണതകള്‍ പരിഹരിക്കാനും സാധ്യതയുള്ള നികുതി ഇളവുകള്‍ പോലുള്ള ധനപരമായ നടപടികള്‍ നടപ്പിലാക്കുന്നത് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബഡ്ജറ്റാണിത്.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെയുള്ള ഇടക്കാല ബഡ്ജറ്റാണ് ഫെബ്രുവരി ഒന്നിനു ധനമന്ത്രി അവതരിപ്പിക്കുന്നത്.അതിനാല്‍ തന്നെ പുതിയ പ്രത്യക്ഷ നികുതി വ്യവസ്ഥയില്‍ എന്തെങ്കിലും വര്‍ദ്ധനവ് ഉണ്ടാകാൻ സാധ്യതയില്ല.അതേസമയം റയില്‍വെ മേഖലയില്‍ കാര്യമായ 'സംഭാവന' നല്‍കുന്നതായിരിക്കും ഇടക്കാല ബഡ്ജറ്റെന്നാണ് സൂചന.