കേരള ബ്ലാസ്റ്റേഴ്സിനെ യുഎഇ ഗ്രൂപ്പ് ഏറ്റെടുത്തു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ നിർണായക മാറ്റം. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയിലെത്തി. പുതിയ സീസണിലുടനീളം ഘട്ടംഘട്ടമായിട്ടായിരിക്കും ഉടമസ്ഥാവകാശ കൈമാറ്റം നടക്കുക.
പൂർണമായ കൈമാറ്റം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ക്ലബ്ബിന്റെ വാണിജ്യ, പ്രവർത്തന ചുമതലകൾ ഒഫിയോ സ്പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. കേരള ബ്ലാസ്റ്റേഴ്സിനെ കൂടുതൽ വലിയ ആഗോള ഫുട്ബോൾ ബ്രാൻഡായി വളർത്തുകയാണ് പുതിയ ഉടമകളുടെ ലക്ഷ്യം. ക്ലബ്ബിന്റെ നിലവിലെ പ്രവർത്തനങ്ങൾ കൊച്ചിയിൽ തന്നെ തുടരുമെന്നും പുതിയ ഉടമസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായ നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം. കഴിഞ്ഞ സീസണിലെ സാമ്പത്തിക നഷ്ടങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക സമ്മർദ്ദങ്ങളുമാണ് മുഴുവൻ ഓഹരികളും വിൽക്കാനുള്ള തീരുമാനത്തിലേക്ക് മാഗ്നം സ്പോർട്സിനെ എത്തിച്ചത്. നേരത്തെ ഏകദേശം 120 കോടി രൂപയുടെ മൂല്യനിർണയത്തിൽ ഏറ്റെടുക്കൽ ചർച്ചകൾ നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, പുതിയ ഉടമസ്ഥതയോടെ ക്ലബ്ബിന്റെ ഭാവി പദ്ധതികളിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ മാനേജ്മെന്റ് അടിസ്ഥാന സൗകര്യ വികസനത്തിനും ദീർഘകാല പദ്ധതികൾക്കും പ്രാധാന്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ നിലവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തന്നെ ഹോം മത്സരങ്ങൾ തുടരുന്നതിനൊപ്പം ഭാവിയിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.