നോവൽ: നീലിമ.. ഭാഗം 4... ലാലി രംഗനാഥ്
സർപ്പക്കാവിൽ പൂത്ത പ്രണയം.
ഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന ദിവസങ്ങളിൽ എല്ലാറ്റിനോടും ഒരു വിരക്തി തോന്നിയിരുന്നു നീലുവിന്. ഒരു വൈകുന്നേരം രമേശ് അമ്മയോട് ചോദിക്കുന്നതവൾ കേട്ടു.
" നീലു എവിടെ? റിസൾട്ട് വന്നാൽ അവൾക്ക് B Ed ന് ഒരു സീറ്റ് പറഞ്ഞു വച്ചിട്ടുണ്ട്.. "
" അവൾ മുറിയിലുണ്ട് ".
അമ്മ അടുക്കളയിൽ നിന്നും പറയുന്നത് കേട്ടു. പതിഞ്ഞ ശബ്ദമാണ് അവളുടെ അമ്മയ്ക്കെപ്പോഴും. രമേശിന്റെ കടുപ്പമുള്ള ശബ്ദത്തിന് മുന്നിൽ ആ വീട്ടിലെ എല്ലാവരുടെയും ശബ്ദം എല്ലായ്പ്പോഴും താഴ്ന്നു പോകുമായിരുന്നു.
ചെറിയൊരു ഞെട്ടൽ നീലുവിലുണ്ടായി,കാരണം ആരെയും പഠിപ്പിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല,അതുകൊണ്ടുതന്നെ അധ്യാപനം താൽപര്യവുമല്ലായിരുന്നു.
മുറിയിൽ നിന്നും പുറത്തുവന്ന അവൾ രമേശനോടായി പറഞ്ഞു.
" ചേട്ടാ..എനിക്ക് B.Ed ചെയ്യാൻ താല്പര്യമില്ല സൈക്കോളജി പഠിക്കാനാണാഗ്രഹം "
" എന്താ? നീ മനസ്സുകളെക്കുറിച്ച് പഠിച്ച് എന്ത് നേടാനാ? വലിയ ഗൗരവത്തിലാണ് അയാൾ അത് ചോദിച്ചത്.
" എന്റെ തീരുമാനത്തിനപ്പുറം ഒന്നും ഇവിടെ നടക്കില്ല. അവളോടത് പറഞ്ഞ് മനസ്സിലാക്ക്. "
അമ്മയോട് ഇതും പറഞ്ഞ് അയാൾ മുകളിലത്തെ നിലയിലേക്ക് ഗോവണി കയറിപ്പോയി. ചവിട്ടി മെതിച്ചുള്ള അയാളുടെ നടത്തയിൽ വീട് ആകെയൊന്ന് കുലുങ്ങിയത് പോലെ.
രമേശ് എന്ന മനുഷ്യന്റെ മനസ്സ് അയാളുടെ വളർച്ചയോടൊപ്പം സങ്കുചിതമാ വുകയായിരുന്നു. ഏത് ഹീനമായ
മാർഗ്ഗങ്ങളിലൂടെ ആയാലും അയാൾ നേടിയ സമ്പത്ത്, സാധാരണ കുടുംബ പശ്ചാത്തലം മാറ്റി സമ്പന്നതിലേക്ക് എടുത്തുയർത്തപ്പെട്ടിരുന്നു അപ്പോഴേക്കും നീലുവിന്റെ കുടുംബത്തെ.
നിശ്ശബ്ദ ജീവികളായി അമ്മയും അമ്മൂമ്മയും. സ്വതന്ത്രമായി പറക്കാനാ കാതെ ചിറകുകൾ ഒതുക്കിപ്പിടിച്ച്, നെടുവീർപ്പിട്ട് നീലുവിന്റെ സ്വപ്നങ്ങളും.
പെട്ടെന്നുള്ള അമ്മയുടെ മരണം ശാരിയെയും കുറെക്കാലത്തോളം മൗനത്തിൽ തളച്ചിട്ടു. എങ്കിലും പരസ്പരം വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ സൗഹൃദമാണ് ഏറ്റവും വലിയ ആശ്വാസമെ ന്ന് പലപ്പോഴും അവർ തിരിച്ചറിഞ്ഞിരുന്നു.
ഒരു വൈകുന്നേരം ശാരിയുടെ വീട്ടിലെത്തിയ നീലു പറഞ്ഞു..
" എടീ.. ചേട്ടൻ എന്നെ ബിഎഡ് ന് ചേർക്കണമെന്ന വാശിയിൽ ഉറച്ചു നിന്നതുകൊണ്ട് എന്റെ ഒരു വർഷമാണ് നഷ്ടമായത്. നിന്റെയും ഒരു വർഷത്തെ ക്ലാസ് നഷ്ടമായില്ലേ? എനിക്ക് പക്ഷേ പൊരുതി ജയിച്ചേ മതിയാകു. എം എ സൈക്കോളജിക്ക് തന്നെ എനിക്ക് ചേരണം. നീയും എം.എ ക്ക് ചേരാനല്ലേ പ്ലാൻ?
"അതെ ഞാനും സൈക്കോളജി തന്നെ എടുത്താലോന്നാ..പക്ഷേ നിന്റെ ചേട്ടൻ സമ്മതിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും?"
എന്നാൽ അമ്മയുടെയും അമ്മുമ്മയുടെയും ദിവസങ്ങളായുള്ള പരിശ്രമത്തിനൊടുവിൽ നീലു പിജിക്ക് അഡ്മിഷൻ നേടുകതന്നെ ചെയ്തു . കൂടെ ശാരിയും.
അവർ പട്ടണത്തിൽ പഠിക്കാൻ പോകുമ്പോഴും ഗ്രാമത്തിന് വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ കാലം കടന്നുപോയി, നീലുവിന്റെ വീടിനും ചുറ്റുപാടിനും ഒഴികെ.
തുളസിത്തറയും മുറ്റവും മൂന്നു മുറികളും ഉള്ള വീടിന്റെ സ്ഥാനത്ത് അയ്യായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള വീടു യർന്നു.വിലപിടിപ്പുള്ള കാറുകൾ മുറ്റത്ത് നിരന്നു.
നന്മ വറ്റിയത് രമേശിന്റെ മനസ്സിൽ മാത്രമായിരുന്നു.
നീലുവിന്റെ മനസ്സ് കൂട്ടിലടച്ച കിളിയുടെ നിസ്സഹായതയിലെപ്പോഴൊക്കെയോ തേങ്ങാറുണ്ടായിരുന്നു. ഭഗവാന്റെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ പലപ്പോഴും അവളുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകും.
"ആർക്കുവേണ്ടിയാണ്... എന്തിന് വേണ്ടിയാണ് എന്റെ ജീവിതം?
അവൾ സ്വയം ചോദിക്കും
യഥാർത്ഥ ജീവിതം എവിടെയാണ് ഞാൻ തിരയേണ്ടത്?"
ഒന്നിനും പ്രതികരണശേഷിയില്ലാത്ത സ്വന്തം അമ്മയോട് അവൾക്ക് സഹതാപം തോന്നും. ആ കണ്ണുകളിലെ ദൈന്യതയിൽ അവൾ തിരിച്ചറിയും തനിക്കുവേണ്ടിയാണ് അമ്മയുടെ ജീവിതം എന്ന്, ഒരിക്കലും അത് അവർ പറഞ്ഞിരുന്നില്ലെങ്കിൽ പോലും.
പിജി പഠനം കഴിഞ്ഞ അവധിക്കാലത്ത് ഒരു ദിവസം അമ്മുമ്മ അവളോട് പറഞ്ഞു...
" എന്റെ കുട്ടി ഇനി തിങ്കളാഴ്ച വ്രതം നോക്കണം ട്ടോ..ഈശ്വരനോടടുക്കുമ്പോൾ മനസ്സിന് നല്ല സുഖം കിട്ടും. "
നീലുവിന്റെ വിഷാദ ചുവയുള്ള കണ്ണുകളിൽ വസന്തം വിടരുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ അമ്മൂമ്മയാണ്. അമ്മൂമ്മയുടെ മടിയിൽ തലവച്ച് കിടക്കുമ്പോൾ സത്യവാന്റെയും, 'സാവിത്രിയുടെയും ശീലാവതിയുടെയുമെ ല്ലാം കഥകൾ അമ്മുമ്മ അവൾക്ക് പറഞ്ഞു കൊടുക്കും. കുട്ടിനാൾ മുതലേ അമ്മൂമ്മയുടെ ജീവിതഗന്ധിയായ കഥകൾ കേൾക്കാൻ അവൾക്കും ഇഷ്ടമായിരുന്നു.
അന്നൊരു തിങ്കളാഴ്ചയായിരുന്നു. തിങ്കളാഴ്ച വ്രതം നോറ്റ് അമ്പലത്തിൽ തൊഴാനായി,ചെറുതോട്ടിൽ കാലും മുഖവും കഴുകി കൽപ്പടവുകൾ കയറുമ്പോഴാണ് അവൾ ആദ്യമായി അയാളെ കണ്ടത്.
ഊരോ പേരോ ഒന്നും തന്നെ അറിയാതെ അവളുടെ മനസ്സിന്റെയുള്ളിൽ ആ രൂപം പതിഞ്ഞുവെങ്കിൽ അതൊരു മുജ്ജന്മ ബന്ധത്തിന്റെ ശേഷിപ്പ് തന്നെ ആയിരുന്നിരിക്കും. വല്ലാത്തൊരാകർഷണം തോന്നി അവൾക്ക് ആദ്യ കാഴ്ചയിൽ തന്നെ ആ പുരുഷ രൂപത്തോട്.
അമ്പലത്തിൽ പ്രദക്ഷിണം വെച്ച് തൊഴുതിട്ട് പടിയിറങ്ങാൻ തുടങ്ങുകയായിരുന്നു അയാൾ. എതിരെ കയറിച്ചെന്ന നീലുവിൽ അയാളുടെ ദൃഷ്ടിയുടക്കിയെങ്കിലും അവളെ ഒട്ടും ശ്രദ്ധിക്കാതെയാണ് അയാൾ പടിയിറങ്ങി പോയത്.എങ്കിലും ഒരിക്കൽ കൂടി കാണാൻ അവൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളും ഒരു നിമിഷം തിരിഞ്ഞു നോക്കിയത് യാദൃശ്ചികം എന്ന് ചിന്തിക്കാൻ നീലുവിന് കഴിഞ്ഞില്ല.
നല്ല ഉയരവും ഇരു നിറവും താടിയും ഉള്ള ഏകദേശം ഇരുപത്തിയെട്ട് വയസ്സോളം പ്രായമുള്ള അയാളെ ഇതിനു മുൻപൊരിക്കലും ആ സ്ഥലത്ത് അവൾ കണ്ടിട്ടേയില്ലായിരുന്നു. ചിരി മറന്ന
ചൊടികളും, ദുഃഖം ഖനീഭവിച്ച കണ്ണുകളും, മേദസ്സില്ലാത്ത ആകാരവും അയാൾക്ക് ഒരു യോഗിയുടെ ശരീരഭാഷ നൽകിയിരുന്നു.
ശിവന്റെ വിഗ്രഹത്തിന് മുൻപിൽ പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമ്പോഴും അയാളെ ഒരിക്കൽ കൂടി ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് നീലു വെറുതെ മോഹിച്ചു.
"ആരാവും അയാൾ?"
എന്ന ചോദ്യം അവളുടെ ഉള്ളിൽ ഉയർന്നു വന്നുകൊണ്ടിരുന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞിരുന്ന മനസ്സിനെ കടിഞ്ഞാണിട്ടത് പൂജാരിയും ക്ഷേത്രം സെക്രട്ടറി അനന്തൻ നമ്പ്യാരുമായുള്ള സംഭാഷണശകലങ്ങളാണ്.
" തിരുമേനി.. ഇപ്പോൾ ഇവിടുന്ന് തൊഴുന്നു മടങ്ങിയ ചെറുപ്പക്കാരൻ ആരാ?ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ?
"അതോ..അത് വാരിയത്ത് പുതുക്കിപ്പണി നടക്കുവല്ലേ?അവിടെ അകത്തിടങ്ങൾ മോടി പിടിപ്പിക്കാൻ വന്ന ആളാണ്.
രണ്ടീസായി എത്തിയിട്ട്,കൂടെ അമ്മയുമുണ്ട്.ഇന്നലെ വൈകിട്ട് തൊഴാൻ വന്നിരുന്നു " അപ്പോഴേക്കും അകലേക്ക് കൈ ചൂണ്ടി പൂജാരി പറഞ്ഞു.
" ദേ വരുന്നുണ്ടല്ലോ ആള്?
എന്നു പറഞ്ഞതും പടികേറി വരുന്ന അയാളെ കണ്ട് ഒരു നിമിഷം നീലിമ അത്ഭുതപ്പെട്ടു.
" ഈശ്വരാ ഇത് ദൈവ നിശ്ചയമോ? "
പൂജാരിയോട് എന്തോ പറഞ്ഞു മടങ്ങുമ്പോൾ തന്റെ ആരോ ആണ് ഇയാൾ എന്ന് അവളുടെ മനസ്സ് ഒരിക്കൽ കൂടി പറയുന്നതുപോലെ തോന്നി. കണ്ണിൽ നിന്നും മായുംവരെ അവളുടെ മിഴികൾ അയാളെ പിന്തുടർന്നു.
" നല്ല കേമൻ ചെക്കൻ,എന്താ അയാളുടെ പേര്?കെട്ടിയതാണോ?
നമ്പ്യാര് വിടാൻ ഭാവമില്ലായിരുന്നു.
" ഏയ് കെട്ടീട്ടൊന്നുമില്ല.. "സൂര്യ "..അതാ പേര്. കൊത്തുപണി ചെയ്യാൻ അഗ്രഗണ്യനാത്രേ.. ഇന്നലെ കവലയിലും ആൾക്കാർ പറയണുണ്ടായിരുന്നു. അയാൾ കൊത്തിയ ഒരു ശിവപാർവ്വതി ശില്പത്തെക്കുറിച്ച്. വീട്ടിൽ വച്ചിട്ടുണ്ടത്രേ.
അമ്മയും മോനും മാത്രമേ ഉള്ളൂ വീട്ടിൽ. ദൂരദേശക്കാരാ. ഇവിടിപ്പം താമസമൊക്കെ വാരിയത്ത് മനക്കാരുടെ വകയാണ്."
" സൂര്യ".. പേരും രൂപവും നീലുവിന്റെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം പിടിച്ചു. തൊഴുതു മടങ്ങുമ്പോൾ ശാരിയെ കാണാനായിരുന്നു
അവൾക്ക് ധൃതി.
എന്നാൽ അപ്രതീക്ഷിതമായി അന്ന് വൈകുന്നേരം ശാരി നീലുവിന്റെ വീട്ടിലേക്ക് വന്നു. അപ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു നീലുവിനെയാണ് അവൾ അവിടെ കണ്ടത്. ശാരിയെ പിടിച്ചു വലിച്ചു ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ട്, വികാരവായ്പ്പോടെ നീലു പറഞ്ഞു.
" എടീ .. ഞാനിന്ന് തിരിച്ചറിഞ്ഞു."
"എന്ത് തിരിച്ചറിഞ്ഞു ന്ന്.. വല്ലാത്ത അത്ഭുതത്തോടെയാണ് ശാരിയത് ചോദിച്ചത്.
" എന്റെ പ്രണയം തിരിച്ചറിഞ്ഞു ". ഒരു ലാസ്യ ഭാവത്തോടെ നീലുവത് പറയുമ്പോൾ..
" എന്ത് ചന്തമാടി നിന്നെ കാണാൻ? എന്ന് അറിയാതെ അവൾ പറഞ്ഞു പോയി.
" എന്താ പറ്റിയത് നിനക്ക്? ഒന്ന് തെളിച്ചു പറയൂ കുട്ട്യേ ".
" ശാരി മോളേ.. ഇന്ന് ഞാൻ ഒരാളെ കണ്ടു. ഞാനിതുവരെ തേടിയിരുന്ന ഒരാളെ. മറ്റാർക്കും കൊടുക്കാതെ ഞാൻ സൂക്ഷിച്ച എന്റെ പ്രണയത്തിന്റെ യഥാർത്ഥ അവകാശിയെ.
" എന്റെ ദൈവമേ വട്ടായോ മോളെ നിനക്ക്"?
" ഏയ് വട്ടൊന്നുമല്ല.. എന്റെ മിഴികളിൽ പ്രണയമായി പെയ്യാനും, മുടിയിഴകളിൽ സാന്ത്വനമായി തലോടാനും, എന്റെ മൃദുലത കളിൽ ആവേശമായി പടരാനും, എന്റെ കരളിലെ നോവാകാനും ഞാൻ കൊതിക്കുന്ന ഒരാളെ.. അയാളെ ഇന്ന് ഞാൻ കണ്ടു."
ചുറ്റിലും ഒന്ന് കണ്ണോടിച്ചിട്ട് നീലുവിനോടാ യി ശാരി ചോദിച്ചു.
"നീലൂ.. നിനക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ?"
അത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
"ഏയ്.. സത്യമാടീ.. ഞാൻ മനസ്സിൽ സൂക്ഷിച്ച പുരുഷന്റെ രൂപം എന്റെ മുന്നിൽ ഇന്ന് ദൈവം കാണിച്ചു തന്നു."
"അതാരാണെന്ന് പോലും അറിയാതെ നീ എങ്ങനെയാ ഇതൊക്കെ തീരുമാനിക്കുന്നത്? മനസ്സുകളെ പറ്റി പഠിച്ച്,പഠിച്ച് നിന്റെ മനസ്സ് നഷ്ടപ്പെട്ടോ എന്നാണ് എന്റെ സംശയം."
രാവിലത്തെ അമ്പലനടയിലെ വിശേഷങ്ങൾ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശാരി നെടുവീർപ്പോടെ പറഞ്ഞു.
" ഇനി ഞാൻ തന്നെ മുന്നിട്ടിറങ്ങാം സൂര്യയെ കണ്ടുപിടിച്ച് നിന്റെ പ്രണയം പറയാൻ.. അല്ലേൽ നിനക്ക് വല്ല മാനസിക രോഗവും വരുമോന്നാ എനിക്ക് പേടി.
നിന്നെ അയാൾ കണ്ടോ?നിന്നോടൊന്ന് ചിരിക്കുകയെങ്കിലും ചെയ്തോ?"
" എന്നെ കണ്ടു, പക്ഷേ ഒരു ഭാവമാറ്റവും ഉണ്ടായില്ല.
" ആണോ.. അപ്പോ ഒരു അരസികൻ ആണല്ലോ? അല്ലെങ്കിൽ പിന്നെ നിന്നെപ്പോലൊരു പെണ്ണിനെ കണ്ടിട്ട് മൈൻഡ് ചെയ്തില്ലന്ന് വെച്ചാൽ..?"
താഴെ നിന്ന് അമ്മുമ്മയുടെ വിളി വന്നപ്പോഴാണ് അവരുടെ സംസാരം മുറിഞ്ഞത്.
" കാവിൽ വിളക്ക് വച്ചു വരൂ കുട്ടിയേ .. ഇന്ന് ശാരിയും ഉണ്ടല്ലോ. ഇപ്പോ പുറപ്പെട്ടാൽ സന്ധ്യ ആകും മുമ്പ് തിരിച്ചു വരേം ചെയ്യാം."
മഞ്ഞൾ പൊടിയും എണ്ണയും കർപ്പൂരവും എല്ലാം ആയി കാവിലെ സർപ്പ പ്രതിഷ്ഠയ്ക്ക് മുന്നിൽ നിന്നപ്പോൾ ഇലയനക്കം കേട്ടാണ് അവർ രണ്ടുപേരും തിരിഞ്ഞു നോക്കിയത്. അത്ഭുതത്തോടെ അതിലേറെ സന്തോഷത്തോടെ നീലു അല്പം ഉറക്കെ പറഞ്ഞു..
"ശാരീ .. സൂര്യ."
കാവിന് അല്പം പിറകുവശത്തായാണ് സൂര്യ നിന്നതെങ്കിലും നീലു പറഞ്ഞതയാൾ കേട്ട്,ചെറുതായൊന്ന് ചിരിക്കാൻ ശ്രമിച്ചു.
" മോളെ..ഇതാണോ സൂര്യ? നിന്നെ ഞാൻ കുറ്റം പറയില്ല ട്ടോ. വിഷാദം പൂക്കുന്ന അയാളുടെ കണ്ണുകളിൽ ശരിക്കും നിനക്ക് തരാൻ വേണ്ടി തന്നെയാണ് പ്രണയം സൂക്ഷിക്കുന്നതെന്ന് എനിക്കും തോന്നിപ്പോകുന്നു. എന്തൊരു ചേർച്ചയാണ് രണ്ടുപേരും.
ശിവനും പാർവതിയും പോലെ."
ശബ്ദം വളരെ താഴ്ത്തിയാണ് നീലുവിന്റെ ചെവിയിൽ ശാരി അതു പറഞ്ഞത്.
പെട്ടെന്ന് സൂര്യയുടെ ഫോൺ ബെല്ലടിച്ചു. അയാളുടെ ഫോൺ കയ്യിൽ നിന്ന് താഴെ വീണത് നീലുവാണ് എടുത്തു കൊടുത്തത്.
അപ്പോൾ അവൾ അയാളോട് ചോദിച്ചു.
" ഇവിടെ അടുത്താണോ താമസം?
"അതെ വാരിയത്ത് മനയുടെ ഔട്ട് ഹൗസിൽ."
" രാവിലെ അമ്പലത്തിൽ ആരോ പറയുന്നത് കേട്ടു. പേര് സൂര്യ എന്നാണല്ലേ ?
കൂടുതൽ പരിചയപ്പെടാൻ നീലു വ്യഗ്രത കാട്ടുന്നത് പോലെ തോന്നി.
"അത് നേരത്തെ പറഞ്ഞല്ലോ?"
സൂര്യ അങ്ങനെ ചോദിച്ചപ്പോൾ നീലുവിന്റെ മുഖത്ത് അല്പം നിരാശ പടർന്നത് ശാരി ശ്രദ്ധിച്ചു. ചോദ്യങ്ങൾക്ക് മറുപടിയല്ലാതെ മറുചോദ്യം ഒന്നും അയാളിൽ നിന്നുണ്ടായില്ല.
"ഞാൻ നടക്കട്ടെ.." എന്ന് പറഞ്ഞു സൂര്യ നടന്നു നീങ്ങിയപ്പോൾ, വല്ലാത്ത
ഒരസ്വസ്ഥത നീലുവിനെ പിടികൂടിയത് പോലെ അവൾക്ക് തോന്നി. അത് തിരിച്ചറിയാൻ അവളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ശാരിക്ക് പ്രയാസവുമു ണ്ടായില്ല..
ലാലി രംഗനാഥ്
തുടരും