പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പദ്ധതി തുടങ്ങുന്നു

Sep 22, 2025 - 12:53
 0  303
പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ്; നോര്‍ക്ക കെയര്‍ പദ്ധതി തുടങ്ങുന്നു

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ എന്ന പേരില്‍ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുന്നു. . 16000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‌ലെസ് ചികില്‍സ ഉറപ്പാക്കുന്ന പദ്ധതി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉള്‍പ്പെടുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി.

നോര്‍ക്കയുടെ അറിയിപ്പ് ഇങ്ങനെ: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നാളെ മുതല്‍ ഒക്ടോബര്‍ 22 വരെ നീളുന്ന നോര്‍ക്ക കെയര്‍ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിനും ഔദ്യോഗികമായി തുടക്കമാകും.

തിരുവനന്തപുരം ഹയാത്ത് റിജന്‍സിയില്‍ (ദ ഗ്രേറ്റ് ഹാള്‍) വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശനം ചെയ്യും. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പ്രവാസി കുടുംബത്തിനുളള ഇ-കാര്‍ഡ് ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ കൈമാറും.