മൂന്നു വർഷത്തെ കാത്തിരിപ്പ് ; ദിലീപിന്റെ ബാന്ദ്ര ഒടിടിയിലേക്ക്
ദിലീപും തെന്നിന്ത്യയുടെ ഗ്ലാമർ നായിക തമന്നയും ഒന്നിച്ച ബിഗ്ബജറ്റ് ചിത്രമാണ് 'ബാന്ദ്ര.' ആക്ഷൻ ജോണറിൽ ഒരുക്കിയ ചിത്രം 2023 നവംബറിലാണ് തിയേറ്ററിലെത്തിയത്. നിരവധി പ്രേക്ഷകരാണ് ചിത്രം ഒടിടിയിൽ കാണാൻ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഏറെക്കാലത്തിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുകയാണ്. സ്ട്രീമിങ് പ്ലാറ്റ്ഫോമായ സി5 ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടു.
മലയാളത്തിനു പുറമെ തമിഴ് ഹിന്ദി ഭാഷകളിൽ നിന്നും വൻ താരനിരയാണ് ബാന്ദ്രയിൽ അണിനിരന്നത്. 'രാമലീല'യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിനായി ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.
'അലന് അലക്സാണ്ടര്‍ ഡൊമിനിക്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. ദിലീപിന്റെ കരിയറിലെ 147-ാമത് ചിത്രമാണ് 'ബാന്ദ്ര'. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്ഷന്.