ഐഡഹോ, നെബ്രാസ്ക, മൊണ്ടാന, നോർത്ത് ഡക്കോട്ട, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

Nov 8, 2026 - 13:40
Nov 8, 2026 - 13:41
 0  4
ഐഡഹോ, നെബ്രാസ്ക, മൊണ്ടാന, നോർത്ത് ഡക്കോട്ട, വാഷിംഗ്ടൺ സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു
പി പി ചെറിയാൻ


വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക, മൊണ്ടാന, നോർത്ത് ഡക്കോട്ട, വാഷിംഗ്ടൺ എന്നീ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്. നവംബർ 10-ന് ഒറിഗണിലും ദീപാവലി ആഘോഷം നടക്കും.

സീയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റും കമ്മ്യൂണിറ്റി നേതാക്കളും ചേർന്നാണ് ഈ ചടങ്ങുകൾ സംഘടിപ്പിച്ചത്. ബിസിനസ്, പൊതുസേവനം, സാംസ്കാരിക വൈവിധ്യം എന്നീ മേഖലകളിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം നൽകുന്ന സംഭാവനകളെ ഗവർണർമാർ ചടങ്ങുകളിൽ പ്രശംസിച്ചു.

വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ, ഐഡഹോ ഗവർണർ ബ്രാഡ് ലിറ്റിൽ, നെബ്രാസ്ക ഗവർണർ ജിം പിള്ളൻ, മൊണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട്ടെ, നോർത്ത് ഡക്കോട്ട ഗവർണർ കെല്ലി ആംസ്ട്രോംഗ് എന്നിവർ അതത് സംസ്ഥാനങ്ങളിലെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഇതിനുപുറമെ വാഷിംഗ്ടൺ സംസ്ഥാനത്തെ നിരവധി സിറ്റി കൗൺസിലുകളിലും മേയർമാരുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷങ്ങളും ദീപം തെളിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.

സീയാറ്റിൽ മേഖലയിൽ ഏകദേശം രണ്ടുലക്ഷത്തോളം ഇന്ത്യൻ അമേരിക്കക്കാർ വസിക്കുന്നുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ദീപാവലിയുടെ പ്രാധാന്യവും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളും മുൻനിർത്തി വിവിധ സംസ്ഥാന-സിറ്റി ഭരണകൂടങ്ങൾ പ്രത്യേക പ്രഖ്യാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.