“മരിക്കുന്നില്ല ഞാൻ എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാഷ് ഒരുക്കിയ ഈ ഗാനം ഒരദ്ഭുതമാണ്. ഹിന്ദോളത്തിൽ കൊരുത്തെടുത്ത ഹൃദയരാഗം. വയലിനിൻ്റെ മാസ്മരിക ഭാവം സൃഷ്ടിക്കുന്നഒരു ലോകം ആദ്യമുണ്ടാകുന്നു. പിന്നെയാണ് വേണുഗോപാലിൻ്റെ സ്വരമെത്തുന്നത് പ്രിയപ്പെട്ട ആളിൻ്റെ മിഴികളിൽ വിടരുന്ന നീലാമ്പൽപ്പോലെ, മിഴിവിളക്കിലെ പ്രണയനാളം പോലെ ഹൃദയവീണയിലെ പ്രണയ രാഗം പോലെ….
ഉം ...ഉം .. ഉം
പാട്ടിന്റെ തുടക്കത്തിലുള്ള ഈ ഹമ്മിംഗ് അതി മനോഹരമാണ്.
ചന്ദനമണിവാതിൽ പാതി ചാരി ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ
എന്തായിരുന്നു മനസ്സില്‍ …
വാതില്‍ പാതി ചാരി നില്ക്കുന്ന അരുമസഖിയുടെ
മിഴികളില്‍ തിരയിളക്കുന്ന ഹിന്ദോളമെന്ന രാഗം.
ആ നിമിഷങ്ങളില്‍ എന്തായിരുന്നു നിന്റെ മനസ്സില്‍ എന്ന ആര്‍ദ്രമായ ചോദ്യമാണ് കവി മനസ്സില്‍ നിന്നും വരുന്നത്.
മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഒഴുകിപ്പരന്നുപോകുന്ന അനുഭൂതി ..വേണുഗോപാലിന്റെ മധുര സ്വരം .. ഹിന്ദോളത്തിന്റെ തേൻ മധുരം... മറ്റൊന്നിലും മനസ്സിനെ അലയാന്വിടാതെ, പൂർണ്ണമായും അലിഞ്ഞുചേരാന്‍ തയ്യാറെടുത്തു വേണം ഈ പാട്ടുകേൾക്കാൻ ...
ഇത് വേണുഗോപാലിന് മാത്രമറിയാവുന്ന ഗാനലാവണ്യമാണ്.
എന്നൊടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരു പോലെയല്ലേ ..
പോയ കലാലയകാലത്തെ പ്രണയവരികളില്‍
നനവായി ഈ രണ്ട് വരികള്‍ കാണാമായിരുന്നു.
അവസാനയാമത്തില്‍ മഞ്ഞുകണമേറ്റ് നനഞ്ഞു
പൂക്കുന്ന സ്വര്‍ണ്ണ മന്ദാരങ്ങളെയാണ് ഇവിടെ
സാക്ഷിയായി സങ്കല്പ്പിച്ചിരിക്കുന്നത്.
മായാവിരല്സ്പര്ശമേല്ക്കുമ്പോള് വിടരുന്ന
മാദകമൗനങ്ങൾ എന്ന കാവ്യഭാവന എത്ര ചേതോഹരമാണ്.
നല്ല ഭംഗിയും മണവുമുള്ള വരികൾ എന്ന് വിശേഷിപ്പിക്കാം ചന്ദനമണിവാതിലിനെ.
ഉപയോഗിച്ചിരിക്കുന്ന ഓരോ പദത്തിന്റെയും സൗന്ദര്യവും അവ മനസ്സിൽ വിടർത്തുന്ന ദൃശ്യങ്ങളുടെ മാസ്മരികതയും അനുപമമാണ്. ഉടഞ്ഞുവീഴാൻ വെമ്പുന്ന മാദകമൗനങ്ങളാണ് പ്രണയികൾ. അന്ത്യയാമത്തിലെ മഞ്ഞുതുള്ളികളേറ്റ് പൂത്തുലഞ്ഞ ഒരായിരം സ്വർണമന്ദാരങ്ങൾ പോലെ, ഓരോ ഹൃദയത്തിലും പ്രണയത്തിന്റെ ഈ അപൂർവ സൗന്ദര്യം നിശ്ശബ്ദമായി സാക്ഷ്യം പറയും. പരസ്പരം ഒന്നും ഒളിച്ചുവെക്കാനില്ലാത്ത, സുതാര്യതയുടെ തെളിനീരൊഴുകുന്ന ഹൃദയങ്ങളിലാണ് യഥാർഥ പ്രണയം അതിന്റെ കൂടൊരുക്കുന്നത്. എന്തും തുറന്നുപറയാനും എല്ലാം പങ്കുവയ്ക്കാനും കഴിയുമെന്ന ആഴമുള്ള വിശ്വാസമാണ് പ്രണയത്തെ ഇത്രമേൽ മനോഹരമാക്കുന്നത്. ആ വിശ്വാസത്തിന്റെ ആർദ്രമായ ഉറപ്പോടെ, കൈക്കുമ്പിളിൽ ശൃംഗാരചന്ദ്രികയുടെ മുഖം ചേർത്തുവെച്ച് അവളുടെ ഹൃദയത്തിലേക്ക് ഈ ഗാനം പതിയെ ഒഴുകിയെത്തുന്നു. പ്രണയത്തിന്റെ മൗനഭാഷയ്ക്ക് ഇതിലും ഹൃദ്യമായൊരു ആവിഷ്കാരം വേറെയുണ്ടാകുമോ?