ഫണ്ട് തേടി യുഎസിലെത്തിയ സെലൻസ്കിക്ക് നിരാശ

ഫണ്ട് തേടി യുഎസിലെത്തിയ  സെലൻസ്കിക്ക് നിരാശ
വാഷിംഗ്ടണ്‍ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്നതിന് കൂടുതല്‍ ഫണ്ട് തേടി യുഎസിലെത്തിയ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കിക്കു നിരാശ.
യുക്രെയ്നു ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ റിപ്പബ്ലിക്കൻ കോണ്‍ഗ്രസ് അംഗങ്ങള്‍ സെലൻസ്കിയെ അറിയിച്ചു.

യുക്രെയ്ൻ, ഇസ്രയേല്‍, തായ്‌വാൻ എന്നിവര്‍ക്കായി 11,000 കോടി ഡോളറിന്‍റെ സഹായപാക്കേജ് പ്രസിഡന്‍റ് ജോ ബൈഡൻ തയാറാക്കിയിട്ടുണ്ട്. എന്നാല്‍ കുടിയേറ്റ നിയന്ത്രണത്തിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിക്കാതെ പാക്കേജ് പാസാക്കാൻ അനുവദിക്കില്ലെന്നാണ് റിപ്പബ്ലിക്കന്മാരുടെ നിലപാട്. ഇതോടൊപ്പം യുക്രെയ്ൻ യുദ്ധം സംബന്ധിച്ച്‌ വൈറ്റ് ഹൗസിന് വ്യക്തമായ പദ്ധതിയില്ലെന്നും റിപ്പബ്ലിക്കന്മാര്‍ ആരോപിക്കുന്നു.

ഹൗസ് സ്പീക്കര്‍ കൂടിയായ മൈക് ജോണ്‍സന്‌ അടക്കമുള്ള റിപ്പബ്ലിക്കൻ നേതാക്കന്മാരുമായി സെലൻസ്കി നേരിട്ടു ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചയ്ക്കുശേഷം സെലൻസിക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണാൻപോലും ജോണ്‍സൻ കൂട്ടാക്കിയില്ല. യുക്രെയ്നു സഹായം നല്കുന്ന കാര്യത്തില്‍ വ്യക്തമായ പദ്ധതിയും കോണ്‍ഗ്രസിന്‍റെ മേല്‍നോട്ടവും വേണമെന്ന് ജോണ്‍സൻ പിന്നീട് പറഞ്ഞു