സിപിഐ 'ചതിയൻ ചന്തു'വെന്ന് വെള്ളാപ്പള്ളി : ആ തൊപ്പി ചേരുന്നത് അത് പറഞ്ഞയാള്‍ക്കെന്ന് ബിനോയ് വിശ്വം

Dec 31, 2025 - 19:58
 0  4
സിപിഐ 'ചതിയൻ ചന്തു'വെന്ന് വെള്ളാപ്പള്ളി :  ആ തൊപ്പി ചേരുന്നത് അത് പറഞ്ഞയാള്‍ക്കെന്ന്  ബിനോയ് വിശ്വം

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയും തമ്മില്‍ പൊരിഞ്ഞ പോര് . തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചുള്ള പ്രതികരണങ്ങളാണ് തുറന്ന ഏറ്റുമുട്ടലില്‍ എത്തി നില്‍ക്കുന്നത്. പരാജയത്തിന്റെ കാരണത്തില്‍ പ്രധാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രവര്‍ത്തനം എന്ന സിപിഐ വിലയിരുത്തലാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.

ചതിയന്‍ ചന്തുമാരാണ് സിപിഐയെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ തള്ളിപ്പറയുകയാണ്.വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ്. അല്ലാതെ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇങ്ങനെ പറഞ്ഞ് നടക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചാൽ എന്താണ് തെറ്റ്. താന്‍ അയിത്ത ജാതിക്കാരനാണോ. ഉയര്‍ന്ന ജാതിക്കാരന്‍ കയറിയെങ്കില്‍ നിങ്ങള്‍ പ്രശ്‌നമാക്കുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ചതിയന്‍ ചന്തു തൊപ്പി ചേരുന്നത് അത് പറഞ്ഞയാള്‍ക്കാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നല്‍കി. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. ഇടതു മുന്നണിക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പിച്ചിട്ടില്ല. യഥാര്‍ഥ വിശ്വാസികളുമായി കൈകോര്‍ക്കും. വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോ എന്ന് ജനങ്ങള്‍ വിലയിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു.

ഇതിന് ഇനി എന്ത് മറുപടി വെള്ളാപ്പള്ളി നല്‍കും എന്നാണ് അറിയേണ്ടത്.