ബസിൽ ദിലീപ് സിനിമ വേണ്ടെന്ന് യാത്രക്കാരി; അനുകൂലിച്ചും പ്രതികൂലിച്ചും തർക്കം

Dec 15, 2025 - 10:40
 0  6
ബസിൽ ദിലീപ് സിനിമ വേണ്ടെന്ന് യാത്രക്കാരി; അനുകൂലിച്ചും പ്രതികൂലിച്ചും തർക്കം

തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിൽ തർക്കം. തിരുവനന്തപുരം- തൊട്ടിൽപ്പാലം സൂപ്പർ ഫാസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തർക്കം രൂക്ഷമായതോടെ സിനിമ നിർത്തി കണ്ടക്ടർ പ്രശ്‌നം അവസാനിപ്പിച്ചു.

ഈ പറക്കും തളിക എന്ന സിനിമയാണ് ബസിൽ പ്രദർശിപ്പിച്ചത്. കേശവദാസപുരത്ത് നിന്ന് അടൂരിലേക്ക് യാത്ര ചെയ്ത പത്തനംതിട്ട അടൂർ സ്വദേശി ലക്ഷമി ആർ. ശേഖരാണ് ആദ്യം പ്രതിഷേധം ഉന്നയിച്ചത്. സിനിമ കാണാൻ ബുദ്ധിമുട്ട് ഉണ്ടെന്നും നിർത്തിയില്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുമെന്നും യാത്രക്കാരി കണ്ടക്ടറെ അറിയിച്ചു. 

ഇതിനുപിന്നാലെ ബസിലുണ്ടായിരുന്ന ഭൂരിഭാഗം സ്ത്രീ യാത്രക്കാരും സിനിമ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സിനിമ നിർത്തേണ്ടെന്ന് വാദവുമായി ചില യാത്രക്കാർ രംഗത്തെത്തി. തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കണ്ടക്ടർ ഇടപെട്ടു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ സിനിമ നിർത്തിയാണ് കണ്ടക്ടർ പ്രശ്‌നം അവസാനിപ്പിച്ചത്.