ഗുരുചിന്തകം ;കവിത , ജോംജി

Nov 25, 2024 - 18:38
 0  58
ഗുരുചിന്തകം ;കവിത , ജോംജി



ഗുരു ഒരു കവിതയായി
 മുമ്പിൽ നിറയുന്നു.
ജിവിതം ചിതറിവീഴുന്ന
വഴിയരികിൽ നിന്ന്
ഒരു കാക്ക പറന്നു പോകുന്നു.
കവിതയുടെ ചിറക്
അരിയപ്പെട്ടിരിക്കുന്നു.
നിറയെ ശരണം വിളികളിൽ
ഭൂമി നടുങ്ങുന്നു.
ഒരു ജാതി അനേകം കയ്യിടങ്ങൾ തീർത്ത്
മരമായി വളർന്ന് സൂര്യനെ മൂടുന്നു.
ഒരു മതം അനേകം വഴികളായി
പിരിഞ്ഞ്  തൂക്കുകയാറായി ജീവിതത്തെ മുറുക്കുന്നു.
ഒരു ദൈവം മതി എന്ന് പറഞ്ഞവനെ
വിഗ്രഹമാക്കി
പൂമാലയിൽ കുരുക്കുന്നു.
മുറുകിയ പൂമാലയുടെ
കുരുക്കിൽ അറ്റുപോയ തല
ഭൂമിയുടെ മീതെ
അവകാശികളില്ലാതെ
ഉരുണ്ടുകൊണ്ടിരിക്കുന്നു.
ഇപ്പോൾ  തലയറ്റ ജീവിതം  മാത്രം.
നിലാവ് ഇരുട്ടിന് വഴിമാറി
കറുപ്പിലേക്ക് നുഴഞ്ഞു കയറുന്നു.
 തലയറ്റ ജീവിതത്തിൽ നിന്ന്
ഒരു പുഞ്ചിരി സ്ഫോടനമായി
പടർന്ന് താഴ്‌വരയെ മൂടുന്നു.
വലയിൽ കുടുങ്ങിയ ജീവിതത്തെ  മത്സ്യങ്ങൾ
പൊരിച്ചു തിന്നുന്നു.
ഭൂമി പരന്നു പരന്ന് മുട്ടയുടെ
തോടിലേക്ക് വലിഞ്ഞു കയറുന്നു.
ഇങ്ങനെയാണ് ജീവിതമെന്ന്
ഉറക്കെ പ്രാർത്ഥിക്കുന്നു.
പ്രാർത്ഥനയിൽ നൈവേദ്യം
മദ്യമായൊഴുകി ഭൂമിയെ മൂടുന്നു.