ദീപാവലി ആഘോഷത്തിനിടെ 'കാർബൈഡ് ഗൺ' ഉപയോഗിച്ച 14 കുട്ടികൾക്ക് കാഴ്ച നഷ്ടമായി
ഭോപ്പാൽ: ദീപാവലി ആഘോഷങ്ങൾക്കിടെ, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ 'കാർബൈഡ് ഗൺ' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടർന്ന് മധ്യപ്രദേശിൽ 122-ൽ അധികം പേർക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. രോഗികളായവരിൽ കൂടുതൽ പേരും യുവാക്കളാണ്.
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളിൽ 72 മണിക്കൂറിനുള്ളിൽ പരിക്കേറ്റ യുവാക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്.
ഒക്ടോബർ 18-ന് സർക്കാർ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാർബൈഡ് തോക്കുകൾ. എന്നാൽ നിരോധനം നിലനിൽക്കുമ്പോഴും പ്രാദേശിക വിപണികളിൽ വിൽപന തുടരുന്ന വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.