പ്രശസ്ത ബാലെ നര്‍ത്തകൻ വ്ലാഡിമിര്‍ ഷ്‌ക്ലിയറോവ് അഞ്ചാം നിലയില്‍ നിന്ന് വീണുമരിച്ചു

ലോകപ്രശസ്ത ബാലെ നർത്തകനും റഷ്യനുമായ വ്ലാഡിമിർ ഷ്‌ക്ലിയറോവ് അന്തരിച്ചു. അഞ്ചാം നിലയില്‍ നിന്ന് വീണുമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ മാരിൻസ്കി തിയേറ്ററിലുള്ള സഹപ്രവർത്തകരാണ് ഷ്‌ക്ലിയറോവിന്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. സംഭവത്തില്‍ റഷ്യൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നട്ടെല്ലിന് ശസ്ത്രക്രിയ നടത്താൻ രണ്ട് ദിവസം ശേഷിക്കെയാണ് ഷ്‌ക്ലിയറോവിന്റെ മരണം സംഭവിച്ചത്. അസഹ്യമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹം വേദനസംഹാരികളുടെ പിടിയിലായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും പ്രോട്ടോകോളിന്റെ ഭാഗമായി അന്വേഷണം നടത്തുമെന്നുമാണ് റഷ്യയുടെ നിലപാട്.
സെൻ്റ് പീറ്റേഴ്‌സ്ബർഗില്‍ ജനിച്ച ഷ്‌ക്ലിയറോവ് 2003-ലാണ് റഷ്യൻ ബാലെ അക്കാദമിയായ വാഗനോവയില്‍ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. അതേവർഷം തന്നെ പ്രശസ്ത മാരിൻസ്കി തിയേറ്റർ ഗ്രൂപ്പില്‍ ചേരുകയായിരുന്നു അദ്ദേഹം. തിയേറ്ററിലെ സഹനർത്തകിയായ മരിയ ഷിറിങ്കിനയെയാണ് ഷ്‌ക്ലിയറോവ് വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.