സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

കൊച്ചി: ചലചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്.
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനക്കെതിരെ എസ്.ഐ. ടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിച്ചുവെന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളില്‍ നിന്ന് സംഘടന മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് സാന്ദ്ര തോമസും ഷീല കുര്യനും കത്തുനല്‍കിയിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ സിനിമാ രംഗത്തെ വനിതാ നിര്‍മാതാക്കള്‍ കടന്നു പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കായി സംഘടന ഒരു യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സാന്ദ്രയുടെ പ്രതികരണം.
സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കച്ച കത്തില്‍ ഉന്നയിച്ചിരുന്നത്.