ഇന്ത്യ-കാനഡ ബന്ധത്തിൽ തുടരുന്ന അസ്വാരസ്യങ്ങൾ 

Oct 30, 2024 - 21:00
Nov 21, 2024 - 07:31
 0  68
ഇന്ത്യ-കാനഡ ബന്ധത്തിൽ തുടരുന്ന അസ്വാരസ്യങ്ങൾ 

കാനഡ, ഇന്ത്യക്കാർക്ക്  വളരെ  അടുപ്പമുള്ള  രാജ്യമാണ്. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് പഠനത്തിനും ജോലിക്കുമായി  കാനഡയിൽ ഉള്ളത്. ഇവരുടെ ഭാവിയെ   ദോഷകരമായി ബാധിക്കുംവിധം ഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം ഏറ്റവും മോശമായ നിലയിലേക്ക് നീങ്ങുന്നതായ സൂചനകളും വെളിപ്പെടുത്തലുകളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത് .  

ഇന്ത്യയും കാനഡയും തമ്മിൽ ആഴത്തിലുള്ള സാമൂഹിക സാംസ്‌കാരിക ബന്ധത്തിന്റെ സൗഹാര്‍ദ്ദപരമായ മുൻകാല ചരിത്രമാണുള്ളത്. സൗഹാർദത്തിൽ പ്രവര്‍ത്തിച്ചുപോന്ന രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ അകലം സൃഷ്ടിച്ചത്  ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനങ്ങളാണെന്നു പറയാം. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  സിഖ് വിഘടനവാദികളോട്  കാനഡ കാണിക്കുന്ന ആഭിമുഖ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന്   ഇന്ത്യ ആരോപിക്കുന്നു.  എന്നാൽ ഇന്ത്യ അനാവശ്യമായി  തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന ആരോപണമാണ് കാനഡ ഉന്നയിക്കുന്നത് .

പഞ്ചാബ് വിഭജിച്ച് സ്വതന്ത്ര രാജ്യം വേണമെന്ന്  ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ വിഘടനവാദികള്‍ കാനഡയാണ് പ്രധാനകേന്ദ്രമാക്കിയിരിക്കുന്നതെന്നാണ് ഇന്ത്യയുടെ  പ്രധാന ആരോപണം. 

 ട്രൂഡോയാകട്ടെ ജനരോഷം മറികടക്കാനുള്ള കുറുക്കുവഴി എന്ന നിലയിൽ കാനഡയുടെ ആഭ്യന്തരരാഷ്‌ട്രീയത്തിൽ ഖലിസ്ഥാൻവിഷയം ഉപയോഗിക്കാൻ ശ്രമിക്കുന്നു.  അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ,  കാനഡയിലുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ പിന്തുണ ലക്ഷ്യമാക്കിയുള്ള ട്രൂഡോയുടെ രാഷ്‌ട്രീയ നീക്കങ്ങളാണ് ഇപ്പോഴത്തെ സംഘർഷാവസ്ഥ  സൃഷ്ടിച്ചിരിക്കുന്നത് . 

 ഏറ്റവുമൊടുവിൽ പുറത്തുവന്ന വാർത്തകൾ പ്രകാരം  ഇന്ത്യയ്‌ക്കെതിരായ വിവരങ്ങള്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയത് കനേഡിയന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നത് സ്ഥിരീകരിച്ചിരിക്കുന്നു . കാനഡയിലെ സിഖുകാരെ ലക്ഷ്യമാക്കി ഇന്ത്യ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും  ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ഇതിലുണ്ടായെന്നും  കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കിയതിലുണ്ട്. വിവരങ്ങള്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന് കൈമാറിയത് കനേഡിയന്‍ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ പാര്‍ലമെന്റിന്റെ കോമണ്‍ പബ്ലിക് കമ്മിറ്റിക്ക് മുന്‍പാകെ നടത്തിയ വിശദീകരണങ്ങളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഖലിസ്ഥാൻ വിഘടനവാദി നേതാവ്  ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ വധത്തെ തുടർന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതാണ്‌ ഏറ്റവുമൊടുവിൽ  ഇന്ത്യ-കാനഡ  ബന്ധത്തെ ഇപ്പോഴത്തെ അകൽച്ചയിലെത്തിച്ചത് . ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന്‌ ഇന്ത്യ ആരോപിച്ചിരുന്ന നിജ്ജാർ 2023 ജൂൺ 18ന്‌ കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയയിൽ ഗുരുദ്വാരയ്‌ക്ക്‌ സമീപം വെടിയേറ്റാണ്‌ മരിച്ചത്‌. കേസിൽ നാല്‌ ഇന്ത്യക്കാർ കാനഡ പൊലീസിന്റെ കസ്‌റ്റഡിയിലാണ്‌. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടില്ല. 

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമക്ക് നിജ്ജാർ വധവുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണം വരെ കാനഡ മുന്നോട്ട് വെച്ചു. ഇതിന് പിന്നാലെ   ജസ്റ്റിൻ ട്രൂഡോയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്ത് വരികയും ചെയ്തു. 

അമേരിക്കയിൽ കഴിയുന്ന ഖലിസ്ഥാൻ വിഘടനവാദി ഗുർപത്‌വന്ത് സിങ്‌ പന്നൂവിനെതിരായ വധശ്രമം പരാജയപ്പെടുത്തിയെന്ന്‌ അമേരിക്കൻ ഏജൻസികൾ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഇന്ത്യൻ സംഘം അമേരിക്കയിൽ എത്തിയതും നിജ്ജാർ വധം ആസൂത്രണം ചെയ്‌തത്‌ മോദിസർക്കാരിലെ ഉന്നതനാണെന്ന്‌ അമേരിക്കൻ നയതന്ത്രജ്ഞനെ ഉദ്ധരിച്ച്‌ ‘വാഷിങ്‌ടൺ പോസ്‌റ്റി ’ ൽ റിപ്പോർട്ട്‌ വന്നതും ഒരേ സമയത്താണ്‌.

ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും തിരിച്ചുവിളിച്ചും ബന്ധങ്ങൾ കൂടുതൽ വഷളാക്കി . കാനഡയിലെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.

നാല്‌ കോടിയോളം ജനസംഖ്യയുള്ള കാനഡയിൽ ഇന്ത്യക്കാർ  30 ലക്ഷത്തോളം വരും. ഇവരിൽ 4,27,000 വിദ്യാർഥികളാണ്‌. ഇന്ത്യ-കാനഡ ബന്ധം  സാധാരണ നിലയിലേക്ക് എത്തണമെന്നതാവും ഇവരുടെയെല്ലാം താത്പര്യം. അതിനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു  .

വിദേശത്തിരുന്നുകൊണ്ട് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്ന  ഖാലിസ്ഥാൻ വിഘടനവാദികൾക്ക് ഒരു രാജ്യം  പിന്തുണ നൽകുന്നുവെങ്കിൽ അതിനെ ഒരുതരത്തിലും പിന്തുണയ്ക്കാനാവില്ല .

2015 മുതൽ പ്രധാനമന്ത്രി പദത്തിലുള്ള, അടുത്ത തവണയും ഭരണത്തിൽ തുടരാൻ  ശ്രമിക്കുന്ന ട്രൂഡോയ്ക്ക് കുത്യമായ  രാഷ്ട്രീയ ലക്ഷ്യമുണ്ട് . എട്ട് ലക്ഷം വരുന്ന സിഖ് ജനത കാനഡയിലെ പ്രബല ന്യൂനപക്ഷമാണ്.  പ്രധാന വോട്ടുബാങ്കായ  അവരെ പിണക്കാൻ ട്രൂഡോ തയ്യാറല്ല .

1985ൽ 300ലധികം പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക വിമാന അട്ടിമറിയിൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ പങ്ക് തെളിഞ്ഞിട്ടും അവരുമായി  ബന്ധം ഉപേക്ഷിക്കാൻ കാനഡ  തയ്യാറായില്ല. ഇന്ത്യയിൽ പ്രത്യേക സിഖ് രാജ്യത്തിനായുള്ള സായുധ നീക്കങ്ങളെ  ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടന്ന അതിശക്തമായ നടപടികളിലൂടെ ഇല്ലാതാക്കിയെന്ന് പറയാം. അതിന് ഇന്ദിരയുടെ ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നുവെന്നതും ചരിത്രം. 

ഇപ്പോൾ ഖാലിസ്ഥാൻവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും അതിന് ഫണ്ട് ചെയ്യുന്നതും കനേഡിയൻ മണ്ണിലാണ്. കാനഡയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദികളെ പിന്തുണയ്ക്കാതിരിക്കുകയാണ് ആ  രാജ്യം ചെയ്യേണ്ടത്. മുൻപ് ഖാലിസ്ഥാൻ വിഘടനവാദികൾ കാനഡയിൽ ഇന്ദിര ഗാന്ധിയുടെ വധം ആഘോഷിച്ച സംഭവമുണ്ടായപ്പോഴും ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന കാനഡയിൽ ഖാലിസ്ഥാൻ ഹിതപരിശോധന നടത്തിയപ്പോഴും അതിനെതിരേ   നടപടിയെടുക്കാൻ ട്രൂഡോ തയാറായിരുന്നില്ല.  രാഷ്ട്രീയ നിലനിൽപ്പിന് സിഖ് പിന്തുണ അനിവാര്യമായതിനാൽ ട്രൂഡോ ഭരണകൂടത്തിന് അവരെ  തള്ളിപ്പറയാൻ സാധിക്കുന്നില്ല.

നിജ്ജാറിന്റെ ഒന്നാം ചരമവാർഷികത്തിൽ കനേഡിയൻ പാർലിമെന്റ്  ഒരുമിനുട്ട് മൗനം ആചരിക്കുക പോലുമുണ്ടായി. 
 
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ- കാനഡ ഉഭയകക്ഷി ബന്ധം സാധാരണനിലയിൽ എത്താൻ നാളുകളെടുക്കുമെന്നാണ്‌ കരുതേണ്ടത്‌. 

സാധാരണക്കാരായ  മലയാളികളടക്കമുള്ള ലക്ഷക്കണക്കിന്‌ ഇന്ത്യക്കാർക്ക്  ഈ സംഘർഷ സാഹചര്യം വല്ലാത്ത പ്രതിസന്ധിതന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് .