ഊര് തേടി: മിനികഥ, കാരൂര്‍ സോമന്‍

ആദിവാസി ഊരു മുഴുവന്‍ ഉറക്കലഹരിയിലാണ്. ശങ്കുണ്ണി കുളിര്‍ കാറ്റിലൂടെ നടന്നു. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് രാത്രിയിലെത്തിയത്. പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ശങ്കുണ്ണി അച്ഛനൊപ്പം വനത്തില്‍ തേനെടുക്കാന്‍ പോയത്. അച്ഛനെ കടുവ വലിച്ചിഴച്ച് കൊന്നുതിന്നുന്നത് കണ്ട് ഭയന്ന് അലറിവിളിച്ച് പ്രാണനുമായി ഓടിയോടിയെത്തിയത് ട്രെയിന്‍ സ്റ്റേഷനിലാണ്. ആദ്യം കണ്ട ട്രെയിനില്‍ ചാടി കയറി. അതെത്തിയത് തമിഴ്‌നാട്ടിലാണ്. എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പെറ്റമ്മയെ, മൂത്ത സഹോദരിയെ കാണാനൊരു മോഹം. ട്രെയിനില്‍ യാത്ര ചെയ്‌ത് ഊരിലെത്തി.
ആദിവാസി ഊരില്‍ വ്യത്യസ്‌തമായൊരു കാഴ്‌ച കണ്ടു. പുതുമഴയില്‍ വിടര്‍ന്ന പൂക്കളെപ്പോലെ ഒന്നിലധികം ചെറിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. മണിമന്ദിരങ്ങളില്‍ സുഖമായുറങ്ങുന്ന ഭരണാധിപന്മാര്‍ മനുഷ്യരെ തിരിച്ചറിഞ്ഞിരിക്കുന്നു.
അവന്റെ വീട്ടിലെത്തി സന്തോഷത്തോടെ അമ്മയെ, സഹോദരിയെ ജനാലയിലൂടെ നോക്കി. പുതുപൂക്കളുടെ സുഗന്ധം ദുര്‍ഗന്ധമായി മാറി. രണ്ട് മുറികളില്‍ കണ്ടത് ആടുമാടുകളാണ്. ഇമവെട്ടാതെ അതിനോട് ചേര്‍ന്നുള്ള ചെറ്റകുടിലിലേക്ക് നടന്നു. അമ്മയുടെ കൂര്‍ക്കം വലിച്ചുള്ള ഉറക്കം കാതുകളിലെത്തി. ശങ്കുണ്ണി മഞ്ഞിന്റെ കുളുര്‍മയില്‍ ഏകനായിരുന്നുറങ്ങി.