അവിടെ എല്ലാവർക്കും സുഖമല്ലേ?: സൂസൻ പാലാത്ര

അവിടെ എല്ലാവർക്കും സുഖമല്ലേ?: സൂസൻ പാലാത്ര

 

തിരുവഞ്ചൂർ,

 12/8/ 2022

 

പ്രേഷിത:

 

        സൂസൻ പാലാത്ര

 

സ്വീകർത്താവ്: 

       രചന സോമു,

       ഭാവനാവിലാസം,

        മത്സരപ്പടി Po

        മുഖപ്പുസ്തകം കര.

 

       

    

 

പ്രിയപ്പെട്ട സൗക്കുട്ടാ,     

 

  (എനിക്കറിയാം രചനമോളേന്നു വിളിച്ചില്ലെങ്കിൽ നീ പിണങ്ങുമെന്ന്)

കുട്ടനും സോങ്കുട്ടനും സുഖം എന്നറിഞ്ഞതിൽ ദൈവത്തെ സ്തുതിക്കുന്നു. അവിടെ മഴ കിട്ടിയോ?  ഇപ്പോൾ ചൂടെങ്ങനെ? വല്ലപ്പോഴുമൊക്കെ സോങ്കുട്ടനോടൊപ്പം പുറത്തൊക്കെ പോകണം. ജോലിയൊക്കെ കിട്ടിക്കോളും. ഞങ്ങൾ പ്രാർത്ഥിയ്ക്കുന്നുണ്ട്. ഒട്ടും ടെൻഷനടിയ്ക്കണ്ട കേട്ടോ? 

  ഇവിടെ മഴയുടെ അതിപ്രസരമായിരുന്നു, ഈ വർഷവും.  2018 മുതലാണല്ലോ നാം വർഷകാലത്തെ ഭയപ്പെടാൻ തുടങ്ങിയത്. എന്റെ വല്യമ്മച്ചി  പറഞ്ഞ, 99 ലെ വെള്ളപ്പൊക്കം എനിയ്ക്ക്  കേട്ടുകേഴ്‌വി ആയിരുന്നെങ്കിൽ 2018 ലെ വെള്ളപ്പൊക്കത്തിന്റെ കാഠിന്യം നാം അനുഭവിച്ചറിഞ്ഞു. അതേക്കുറിച്ച് ഞാനെഴുതിയ 'കലിയടങ്ങിയോ തായേ ' എന്ന കവിത യൂട്യൂബിൽ കിടപ്പുണ്ട്. വല്ലപ്പോഴുമൊന്നു നോക്കണേ. 

ഈ വർഷത്തെ മഴക്കെടുതിയിലും,  പതിവുപോലെ ചില വേദനാജനകമായ മരണങ്ങൾ ഉണ്ടായി. അതിലൊന്ന് കുട്ടനെ പന്ത്രണ്ടിൽ കണക്കു പഠിപ്പിച്ച വിൻസി മിസ്സിന്റെ മകനാണ്. സങ്കടകരമായിപ്പോയി. ഒഴുക്കിൽപ്പെട്ടുപോയ  ആ മോനെ അനുജനും കൂട്ടുകാരനും ചേർന്ന് കൈ പിടിച്ച്  കരയ്ക്കുകയറ്റിയതാണ്. എന്നാൽ കാലിന്നടിയിലെ മണ്ണ് ഊർന്നുപോയി ആർക്കും രക്ഷിയ്ക്കാനാകാത്തവിധം ആ കുട്ടി ആഴക്കയത്തിൽ മുങ്ങിപ്പൊങ്ങി ഒഴുകിപ്പോയി. വരവുവെള്ളം ആയിരുന്നു. ഉയർന്നുവന്ന തലയും കൈകളും അല്പനേരം കാണാനായി. പാവം എത്രയെത്ര പേർ ഈ വർഷവും പാതിവഴിയിൽ വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ചുപോയി. കൂട്ടുകാരോടൊപ്പം കുളിയ്ക്കാനിറങ്ങിയതാണ് ആ പതിനെട്ടുകാരൻ. ഞാൻ ഒന്നു ചോദിച്ചോട്ടെ, കരകവിഞ്ഞ് കുത്തിയൊഴുകുന്ന ആറ്റിലും തോട്ടിലുമുള്ള മഴക്കാലത്തെ കുളി ആ കുട്ടികൾ  ഒഴിവാക്കിയിരുന്നെങ്കിൽ ആ പാവം മാതാപിതാക്കൾ ഇങ്ങനെ സങ്കടക്കടലിൽ അകപ്പെടുമായിരുന്നോ? 

 മനുഷ്യന്റെ സ്വാർത്ഥതയ്ക്കും ധനമോഹത്തിനും പരിധിയില്ല. മണൽ മാഫിയകളെ മാറി മാറി വരുന്ന സർക്കാർ ഒരു പരിധി വരെ  നിയന്ത്രിച്ചിട്ടുണ്ട്. എന്നാലും പ്രശ്നങ്ങൾ രൂക്ഷമാണ്. പിന്നെ, ധനക്കൊതിയന്മാർ  പാടങ്ങൾ നികത്തുന്നു, കുന്നുകൾ ഇടിച്ചു നിരത്തുന്നു, മണ്ണു വിറ്റു കാശാക്കുന്നു. 

മഴക്കാലം പ്രകൃതിയുടെ  പ്രതികാരകാലമായി മാറുന്നു. അബദ്ധത്തിൽ, റോഡ് നിശ്ചയമില്ലാതെ കഴിഞ്ഞ വർഷം നെടുമ്പാശ്ശേരിയിൽ  നിന്ന് കാറോടിച്ചുവന്ന ആ പെരുമ്പാവൂർകാരൻ ടാക്സി ഡ്രൈവറുടെ മരണം മോൾ ഓർക്കുന്നുണ്ടോ? നാലുമണിക്കാറ്റിൽ കഴിഞ്ഞ വർഷം നടന്ന ആ ദുരന്തം. 

ദൈവം തന്നെ തുണ, അല്ലാതാരു രക്ഷിയ്ക്കാനാണ്? നല്ല ദിനങ്ങൾക്കായി നമുക്ക് ദൈവത്തോട്  പ്രാർത്ഥിയ്ക്കാം.

പിന്നെ നമ്മുടെ നായ്ക്കുട്ടി ഓറിയോ പ്രസവിച്ചതിനെക്കുറിച്ച് എഴുതിക്കൊടുക്കാൻ ഒരു ഓൺലൈൻ പത്രം ആവശ്യപ്പെട്ടിട്ട് ഞാനെഴുതിയ 'ഓറിയോ പ്രസവിച്ച ഭീകരരാത്രി ' എന്ന ലേഖനം പലർക്കും ഇഷ്ടമായെന്ന് അവർ എന്നെ അറിയിച്ചു. 

ഓറിയോയുടെ എട്ടു കുട്ടികളെയും ഓരോരുത്തരായി വാങ്ങിക്കൊണ്ടുപോയി. ഓരോ കുട്ടി പോകുമ്പോഴും തേങ്ങൽ ഉള്ളിലടക്കി ബാക്കിയുള്ളതിനെ അവൾ സ്നേഹിച്ചു. എട്ടാമനും പോയതോടെ പാവം ഓറിയോ ചങ്കുപൊട്ടിക്കരഞ്ഞു, ഞാൻ  ഒരു പെണ്ണായതിനാലും രണ്ടു മക്കളുടെ അമ്മയായതിനാലും ആ കണ്ണീർ എനിയ്ക്ക് മനസ്സിലാകും. 

രാത്രിയിൽ അവൾ മുറികളിലെല്ലാം അവന്റെ മണം പിടിച്ച് തപ്പി, അവസാനം ഞാൻ അവനെ കുളിപ്പിച്ചു തോർത്തിക്കൊണ്ടിരുന്ന തോർത്ത് എടുത്തു നല്കി. ആ തോർത്തിന് അവൾ മുത്തം നല്കിക്കൊണ്ടിരുന്നു.

 അവളുടെ എട്ടാമത്തെ പുത്രനെ ഞാൻ 'കാ ' എന്നാണ് വിളിച്ചിരുന്നത്. സ്നേഹപൂർവ്വം കാപ്പാന്നു നീട്ടിവിളിയ്ക്കുമായിരുന്നു. ആ വിളി കേൾക്കുമ്പോൾ അവൻ ഓടി വന്ന് എന്നെ ഉമ്മകൾ കൊണ്ടു മൂടുമായിരുന്നു; മഹാ കുസൃതിയുമായിരുന്നു. 

 ഓറിയോ സ്വരം താഴ്ത്തി 'ബവു ' എന്നാണ് മകനെ വിളിച്ചിരുന്നത്.  നല്ല അനുസരണയുള്ള സ്നേഹമുള്ള മകനായിരുന്നു ആ  'ബവു', വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവൻ. അവൻ പോയ രാത്രി അവൾ ഒരു പോള കണ്ണുമടച്ചില്ല. ഏങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. ഞാൻ പിന്നെ അവൾക്കൊപ്പം കൂട്ടിരുന്നു, അവളെ തലോടി ആശ്വസിപ്പിച്ചു. അവൾ മുൻകാലുകളിൽ അവളുടെ തല ചേർത്തുപിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു, ഇടയ്ക്ക് എന്നെ വേദനയോടെ നോക്കിയപ്പോൾ അവളുടെ കൺകോണുകളിൽനിന്ന് മിഴിനീരൊലിയ്ക്കുന്നു.  പിന്നെ നേരം വെളുക്കുംവരെ അവൾ എന്റെ മടിയിൽ വിലപിച്ചും മയങ്ങിയും കിടന്നു. ഇപ്പോൾ കാ പോയിട്ട് ഒരാഴ്ചയായി. അവൾ പേരിന് എന്തെങ്കിലും കഴിച്ചാലായി. അവൾക്കു നല്കുന്നതൊക്കെ ആത്തമരച്ചില്ലകളിൽ വന്നിരിയ്ക്കാറുള്ള ആ  സൂത്രക്കാരികളായ കാക്കച്ചികൾ കൊത്തിത്തിന്നുന്നു.

  പിന്നെ  നമുക്ക് സ്ഥലപരിമിതി ഉള്ളതിനാൽ മുറ്റത്ത് രണ്ട് കുള്ളൻ തെങ്ങുകൾ വച്ചു. പറമ്പില്ലല്ലോ, മുറ്റമല്ലേയുള്ളൂ.  പിന്നെ രണ്ടു ഡ്രമ്മുകൾ വാങ്ങി തേൻ വരിയ്ക്കയും മാവും ഒക്കെ വച്ചിട്ടുണ്ട്. എന്റെ മക്കൾക്കും കൊച്ചു മക്കൾക്കും നല്ല ഓർമ്മകൾ സമ്മാനിയ്ക്കണ്ടേ? നിങ്ങൾ വരുന്ന നാളിൽ വല്ലതും ഇഷ്ടത്തിനൊത്തു കഴിയ്ക്കണ്ടേ.? "അണ്ണാറക്കണ്ണനും തന്നാലായത് " എന്നും പറയുമ്പോലെ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. 

 അങ്ങനെ  എഴുതി വരുമ്പോൾ പറയാൻ ഒരുപാടു കാര്യങ്ങളുണ്ട്.  എങ്കിലും നിർത്തുന്നു. എന്റെ  മോളെക്കുറിച്ച് മോളുടെ സോങ്കുട്ടനും,  സോങ്കുട്ടന്റെ അമ്മയ്ക്കും,, അതായത് നിന്റെ അമ്മൂസിന്, പറയാൻ നല്ലതു മാത്രമേയുള്ളൂ.  എന്നും ഇത് നിലനിർത്തണം.  ഇങ്ങനെ എല്ലാരെക്കൊണ്ടും നല്ലതു പറയിയ്ക്കണം. അതുമാത്രമാണ് ഈ അമ്മയുടെ ആഗ്രഹം. വീട്ടുകാര്യങ്ങൾ ക്രമമായി നോക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. പിന്നെ ജോലിയ്ക്കു പോയിത്തുടങ്ങുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് വളരെ സന്തോഷമായി മുന്നോട്ടു പോവുക.  കഷ്ടപ്പാടു വരും, അത് സ്വാഭാവികമാണ്.  ജോലി അത്യാവശ്യമാണ്, അതിനെക്കാൾ പ്രധാനമാണ് കുടുംബ ഭദ്രത. ഞാൻ എന്റെ പൊന്നുമക്കൾക്കു കാട്ടിത്തന്ന മാതൃക  ഒരിയ്ക്കലും മറക്കാതിരിയ്ക്കുക. ഞാൻ തിരക്കുള്ള ക്രിമിനൽകോടതിയിൽ എത്രമാത്രം കഷ്ടപ്പെട്ടു, എന്നിട്ട് വീടും ഭംഗിയായി നോക്കിയില്ലേ? 

നിന്റെ ചേച്ചിമോളും ചേട്ടനും എന്നും വിളിയ്ക്കാറുണ്ട്. അവർ ദൈവകൃപയാൽ  സുഖമായിരിയ്ക്കുന്നു. 

  പിന്നെ ഇവിടെ പപ്പയ്ക്ക് പ്രത്യേകിച്ച്  വിശേഷമൊന്നുമില്ല, ഇൻസുലിൻ എന്നും എടുക്കുന്നുണ്ട്. പിന്നെ പപ്പയുടെ കണ്ണിന്റെ ഓപ്പറേഷൻ അടിയന്തിരമായി നടത്തണം എന്ന് വിചാരിയ്ക്കുന്നു. ഞാൻ ദൈവം സഹായിച്ച്  സുഖമായിരിയ്ക്കുന്നു, ഒരു കുഴപ്പവുമില്ല. വേറെ പറയത്തക്ക വിശേഷം ഒന്നുമില്ല. ഇവിടുത്തെ കാര്യമോർത്ത് ഒരു ടെൻഷനും വേണ്ട.  

പിന്നെ നമ്മുടെ സ്വാതന്ത്ര്യദിനം, ഓണം ഒക്കെ ഇങ്ങനെ അടുത്തുകൊണ്ടിരിയ്ക്കുന്നു. 

 സ്നേഹത്തോടും പ്രാർത്ഥനകളോടുംകൂടി നിർത്തട്ടെ, ഉമ്മ. 

 

                         എന്ന്, 

             മുത്തിന്റെ  സ്വന്തംഅമ്മ

 

                            (ഒപ്പ്)

 

               സൂസൻ പാലാത്ര