ദൂസരാ ഔരത്: സൂസൻ പാലാത്ര, നോവലെറ്റ്‌, അധ്യായം 4

 ദൂസരാ ഔരത്: സൂസൻ പാലാത്ര, നോവലെറ്റ്‌, അധ്യായം  4

    "എടീ, എഴുന്നേറ്റേ.... പിള്ളേരിങ്ങുവന്നെന്ന് ... "

"ങേ, ആരാ ...."

"പിള്ളേര് വന്നെന്ന് എഴുന്നേക്കാൻ"

"ഞാ.. ഒന്നു കെടന്നോള്ളൂ, ഇപ്പഴാ ഒറങ്ങിയേ"

"ആ സൗകര്യം പോലെ ചെയ്യ് "

വീടിനുമുന്നിൽ നിർത്താതെയുള്ള ഹോണടി. അവൾ ചാടിയെഴുന്നേറ്റ് വായും മുഖവും കഴുകി ... പല്ലു തേക്കാൻ നേരമില്ല... അവർക്ക് ബ്രേക്ഫാസ്റ്റ് കൊടുത്തിട്ട് പിന്നെയാകാം, പല്ലുതേക്കലൊക്കെ.  മരുമകൾ കേറിവന്ന് കെട്ടിപ്പിടിക്കുമ്പോൾ നാറ്റമൊന്നും വരാതിരിയ്ക്കാൻ കുറെ പേസ്റ്റ് വായിലിട്ട് കുലുക്കുഴിഞ്ഞുതുപ്പി. ഇട്ടിരുന്ന നൈറ്റിമാറ്റി അലക്കിവാസന വരുത്തി വച്ച ഒരെണ്ണമിട്ടു. മുടി എളുപ്പത്തിൽ മാടിയൊതുക്കിക്കെട്ടിവച്ചു. എന്നിട്ട് എളുപ്പം സിറ്റൗട്ടിലേക്ക് ചെന്നു. 

    മരുമകൾ പാളി മകനെ നോക്കുന്നു. ലിബിൻ അച്ഛനെയങ്ങു വാത്സല്ലിക്കുകയാണ്. ശ്രദ്ധ പറഞ്ഞു: "ഏട്ടനോട്  ഞാനപ്പഴേ പറഞ്ഞില്ലേ, പപ്പ ഒരുപോള കണ്ണടയ്ക്കാതെ നമ്മളെ കാത്തിരിക്കുമെന്ന്, ഇപ്പക്കണ്ടോ എങ്ങനെയാന്ന് "

ലിബിൻ ഒരക്ഷരവും ഉരിയാടിയില്ല. പകരം തന്നെ രൂക്ഷമായൊന്നു നോക്കുക മാത്രം ചെയ്തു. ബാഗുകൾ എടുക്കാൻ സഹായിച്ചപ്പോൾ ശ്രദ്ധ പറഞ്ഞു: "അയ്യോ അമ്മാ... അത് ഞാനെടുത്തോളാം  മുഷിഞ്ഞ തുണികളാണ്... നനയ്ക്കാനുള്ളത് "

"അതിനെന്താ ഞാൻ മെഷീനിലിട്ട് കഴുകാമല്ലോ "

"ഓ വേണ്ടമ്മ ... ഹാൻഡ് വാഷ് വേണം ... അവിടെയിട്ടേക്ക്, ഉറങ്ങി എണീക്കുമ്പോൾ കഴുകാം."

"കഴിച്ചിട്ട് ഉറങ്ങിയാൽ മതി... ദാ ചൂടപ്പവും ചിക്കനുമുണ്ട്."

"വരുന്നു ... യാത്ര ചെയ്തു വന്നതല്ലേ,

കൊറോണ സീസണല്ലേ... കുളിക്കട്ടെ, എന്നിട്ടാകാം വിശാലമായ കഴിപ്പ് " 

" ശ്രാച്ചീ.... നമ്മടെ ടോയ്ലറ്റിൽ കേറിക്കോ.... ഞാ ... ജിബിൻ്റെ ബ്രാത്റൂമിപ്പോകാം"

ബ്രാത്റൂം ... നീ വിട്ടില്ല ... അല്ലേ... പപ്പയാണ്. 

കൂട്ടച്ചിരിയിൽ ലാലിയും പങ്കു ചേർന്നു. 

ജിബിൻ കുഞ്ഞായിരിക്കുമ്പോൾ.. എല്ലാവരും കൂടിയിരിക്കുന്ന ഒരു സന്തോഷവേളയിൽ അവനോട്‌  അവൻ്റെ ഏറ്റവും വലിയ ആഗ്രഹം ചോദിച്ചപ്പോൾ, അവൻ  പറഞ്ഞതാണ്: "എനിക്ക് സ്വന്തമായി ഒരു 'ബ്രാത്റൂം' വേണം.

   കുട്ടികൾ വളർന്ന് പെണ്ണുകെട്ടാറായപ്പോൾ, തൻ്റെ സ്വർണ്ണമൊക്കെ തൂക്കിവിറ്റ്, ലോണുകളും സംഘടിപ്പിച്ച് വീടിൻ്റെ മുഖഛായ മാറ്റി. ഇപ്പോൾ ഇത്തിരി വെടിപ്പും വൃത്തിയുമുണ്ട്. പപ്പയ്ക്കും മക്കൾക്കും മുറികളും ടോയ്ലറ്റുകളുമൊക്കെ അവരവർക്കിഷ്ടപ്പെട്ട രീതിയിലാക്കി. 

   ലാലി ഓർത്തു സത്യത്തിൽ തനിക്കെന്താണ് സ്വന്തമായിട്ടുള്ളത്. ഒരു കട്ടിലെങ്കിലും. ഇപ്പോൾ ഈ വീട്ടിൽ ഉള്ളതെല്ലാം തൻ്റെ മാത്രം വിയർപ്പിൻ്റെ ഫലമാണ്. പക്ഷേ തനിക്കിവിടെ എന്തുണ്ട് സ്വന്തമായി. ഇപ്പോഴും വീട്ടിൽ വരുന്ന അതിഥികളുൾപ്പെടെ ചോദിക്കാറുണ്ട്? 

"സ്വന്തം വീടെവിടെയാ?"

അതു കേൾക്കുമ്പോൾ അവൾക്കു ചിരിവരും. എന്തൊരു ഭോഷൻ ചോദ്യം .. ഇവറ്റകൾക്കു വേറെ ഒന്നും ചോദിക്കാനില്ലേ..

ഇവിടെ വന്ന് ഈ വീടിനെ വീടാക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായിട്ടും ഓരോ മണ്ടൻചോദ്യങ്ങള്

"സ്വന്തം വീടെവിടാന്ന് "

അല്ലെങ്കിലും സത്യത്തിൽ ഏതു മനുഷ്യനാ ഇവിടെ സ്വന്തം വീടുള്ളത്? എൻ്റെ എൻ്റെ എന്ന അവകാശം പറഞ്ഞ് അധികാരം പ്രയോഗിച്ച് വെട്ടിപ്പിടിച്ചുണ്ടാക്കുന്നതൊക്കെ നാളെ ഈ മണ്ണിൽ ഇട്ടിട്ട് വെറുങ്കയ്യോടെ പോകണ്ടേ. മഹാനായ അലക്സാണ്ടർ എല്ലാം വെട്ടിപ്പിടിച്ചിട്ട്, തൻ്റെ യൗവ്വനത്തിൽ മരിച്ചു.  മരണ സമയം ഭൃത്യന്മാരോടു പറഞ്ഞുവത്രെ: തൻ്റെ കൈകൾ രണ്ടും ശവപ്പെട്ടി ക്ക് പുറത്തേയ്ക്കിടണമെന്ന് .. പ്രജകൾ അറിയണം താൻ വെട്ടിപ്പിടിച്ചതൊന്നും കൊണ്ടു പോയിട്ടില്ല, കൊണ്ടുപോകാൻ കഴിയില്ല, എല്ലാം ഇവിടെ ഇട്ടിട്ട് വെറുങ്കയ്യോടെയാണ് പോകുന്നതെന്ന്. ഭോഷനായ മനുഷ്യൻ എല്ലാം മറക്കും. എൻ്റെ എന്റെ എന്നു പറഞ്ഞ് അടക്കി ഭരിക്കും. ബുദ്ധിയുള്ള മനുഷ്യൻ ഇവിടെ സൽക്കർമ്മങ്ങൾ ചെയ്ത് അക്കരെ നാട്ടിൽ സമ്പാദിക്കും. അവിടെ നവരത്നഖചിതമായ ഭവനം  അപ്പൻ ഒരുക്കീട്ടുണ്ട്. തനിക്ക് അതു മാത്രംമതി. ഈ ഭൂവിലെ താല്ക്കാലിക വീട്  വേണ്ടേ വേണ്ട. ലാലിയുടെ കണ്ണിൽ നനവ് പടർന്നു. ഒരു നിമിഷം അവൾ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി നോക്കി. കൈ കൂപ്പി നിന്നു. 

        വീണ്ടും,വളരെ  സാവകാശം  അവൾ ഈ ഭൂമിയിലെ നനവാർന്ന മണ്ണിലൂടെ  കാലുകളൂന്നി  നടന്നു..

        സത്യത്തിൽ തൻ്റെ മാത്രമല്ല മൊത്തം സ്ത്രീജനങ്ങളും നേരിടുന്ന പ്രശ്നം.    

ഇനി എല്ലാരും പറയുന്ന സ്വന്തം വീട്ടിൽ ചെല്ലാമോ?

അപ്പനുമമ്മയും മരിച്ചിട്ട്, എന്തവകാശത്തിലാ അങ്ങോട്ടു ചെല്ലുന്നത്. സഹോദരനും ഭാര്യയും എത്ര നന്നായി ഇടപെട്ട് സ്നേഹിച്ചാലും അപ്പനുമമ്മയും സഹോദരങ്ങളുമായി ഒന്നിച്ചു കഴിഞ്ഞ നാളുകൾ ഓർമ്മ വരും... ഓർമ്മയുടെ തുരുത്തുകളിൽ ... ഒഴുക്കു വെള്ളത്തിലെ ഒതളങ്ങ പോലെ തിരിഞ്ഞുമറിയും... രണ്ടു ദിവസം നില്ക്കാൻ പോയാലും വളരെപ്പെട്ടെന്നു തന്നെതിരിച്ച് താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഈ വീട്ടിലേക്ക് ... അത്  ഭർതൃഗൃഹം .. അതിലേക്കു വരും.

ചിന്തകൾ കാടു കയറുകയാണ്. അതിനിടയിൽത്തന്നെ അവൾ എളുപ്പത്തിൽ വെള്ളേപ്പം ചുട്ടു. ഒരു അപ്പക്കല്ലിൽ മൂന്നെണ്ണം വീതം.... ചിക്കൻ വെളിച്ചെണ്ണയും ഉള്ളിയും കറിവേപ്പിലയും കുരുമുളകുപൊടിയുമിട്ട് വറുത്തെടുത്തു.  

നേരം വെളുത്താലേ പാൽ കിട്ടൂ... ശ്രദ്ധ ഫ്രിഡ്ജിൽ കൊണ്ടെ എന്തൊക്കെയോ വച്ചല്ലോ.. നോക്കട്ടെ, പാലുണ്ടോന്ന്... ഭാഗ്യം രണ്ടു പാക്കറ്റുണ്ട്. 

പാവം പിള്ളേർ വന്ന വഴിക്ക്  എവിടെ നിന്നോ സംഘടിപ്പിച്ചതാകാം. അവൾ എളുപ്പത്തിൽ ചായകൂട്ടി. ലിബിൻ പറഞ്ഞു "എന്തിനാമ്മേ രാവിലെ ഏത്തയ്ക്കാ പുഴുങ്ങിയത് ... ഹെവി ഫുഡ്ഡു കഴിച്ചിട്ടുറങ്ങി എളുപ്പം എണീക്കാൻ പറ്റുമോ? ശ്രദ്ധയ്ക്ക് പന്ത്രണ്ടു മണിക്ക് ഓഫീസ് മീറ്റിംഗ് അറ്റൻഡു ചെയ്യേണ്ടതാ.."

"ഇന്ന് അവധിയല്ലേ"

"അല്ലമ്മേ ... വർക്ക് ഇൻ ഹോം.. ആണെന്നു കരുതി 

ജോലി ഉഴപ്പാൻ പറ്റുമോ"

ശ്രദ്ധ പറഞ്ഞു: "അമ്മ കുറച്ചു വെളുത്തുള്ളി അമ്മേടെ കുഞ്ഞ് ഇടിയുരിലിൽ ചതച്ച് അല്പം മുളകുപൊടീം ഉപ്പും ഒരു തുള്ളിവെളിച്ചെണ്ണേം ചേർത്തെടുക്ക്. അതിൽ മുക്കി ഈ കുറ്റം പറയുന്ന പാർട്ടി മുഴുവൻ ഏത്തയ്ക്കായും അകത്താക്കും"

ലാലിക്ക് സന്തോഷമായി ഭക്ഷണം വേസ്റ്റാകത്തില്ല. സമയോചിതമായ ഇടപെടലുകൾ നടത്താൻ അതീവ സമർത്ഥയാണ് ഈ പെൺകുട്ടി.  താനാഗ്രഹിച്ചതുപോലെ തന്നെ ബോൾഡായ ഒരു മരുമകളെ ദൈവം തന്നു. ദൈവത്തോട് നന്ദിയും മരുമോളോട് വാത്സല്യവും വർദ്ധിച്ചു. 

പിള്ളേർ വിശന്നാണ് വന്നത്. വളരെ നന്നായിക്കഴിച്ചു. ഉറങ്ങാൻ പോയി. ലിബിൻ ചെവിയിൽ പറഞ്ഞു: "അമ്മയ്ക്ക് ശ്രാച്ചി എന്തൊക്കെയോ വാങ്ങീട്ടുണ്ട്. ഉറങ്ങിയെഴുന്നേറ്റിട്ട് തരും കേട്ടോ "

"പോടാ പോയിക്കെടന്നുറങ്ങടാ.

പപ്പയെ പിള്ളേര് ഒപ്പമിരുത്തി കഴിപ്പിച്ചതാണ് .. തന്നെയും നിർബ്ബന്ധിച്ചതാണ്. അസമയത്തു കഴിച്ചാൽ വയറ്റിൽ ഗ്യാസുകെട്ടും. പണ്ടേതന്നെ ഒരുവിധപ്പെട്ട  ഭക്ഷണങ്ങളൊന്നും  സ്വീകരിയ്ക്കാത്ത ഒരു ധിക്കാരിയായ വയറാണ് തൻ്റേത്. 

     പ്രഭയുടെ കഴിപ്പും കഴിഞ്ഞു.   അതുകൊണ്ട് ഇനി പ്രാതൽ വേണ്ട. ഇത്തിരി ഉറങ്ങിയേക്കാം.  പോയിക്കിടന്നു. പക്ഷേ ഉറക്കം പിണങ്ങിപ്പോയി, അടുത്തേയ്ക്ക് വരുന്നേയില്ല. എന്നാൽപ്പിന്നെ പ്രാർത്ഥിച്ചിട്ട് മുറ്റമടിച്ചു വൃത്തിയാക്കി തൻ്റെ അടുക്കളസാമ്രാജ്യത്തിൽ കുടിയേറാം.. 

    നിലത്ത് ഒരു പുൽപ്പായ വിരിച്ചിട്ടിരുന്നു.

"ഉഷഃകാലം നാം എഴുന്നേല്ക്കുക പരനേശുവേ സുതിപ്പാൻ

ഉഷഃകാലമെന്താനന്ദം നമ്മൾ പ്രിയനോടടുത്തീടുകിൽ "

കൊച്ചൂഞ്ഞുപദേശിയുടെ അതിമനോഹരമായ പ്രഭാതഗാനം അവൾ ശബ്ദം താഴ്ത്തി ഈണത്തിൽപ്പാടി. 

ബുഡ്ഡി ഉച്ചത്തിൽ കുരയ്ക്കുന്നു. അവന് പപ്പയുമായി പ്രാത: കാലത്ത് ഒരു നടത്തമുള്ളതാണ്. നടക്കാൻ പോകുന്നവഴി അവൻ ഒന്നും രണ്ടും നടത്തും. അതിനു സമയമായിക്കാണും. തിരിച്ചു വന്നുകേറുമ്പോൾ പാലുകാരൻ നീലാംബരൻ വരും. പിന്നെ വീണ്ടും ഭയങ്കര കുരയാണ്. ഇന്ന് പപ്പ നടക്കാൻപോണില്ലേ, അയ്യോ നീലാംബരനാണല്ലോ.. 

     അവൾ അടുക്കളയിൽ ചെന്ന് പാത്രമെടുത്ത് പാൽ വാങ്ങി. നീലാംബരൻ പതിവായി ബുഡ്ഡിക്കു വേണ്ടി  ഒരുതുടം പാൽ അധികം ഒഴിച്ചുതരും. എന്നിട്ട് അവനെ ഒന്നു കളിപ്പിച്ചിട്ടേ പോകൂ.. 

        അവൾ ബുഡ്ഡിക്ക് കുടിക്കാൻ കുറച്ചു  പാലൊഴിച്ചുകൊടുത്തു. ബാക്കി അടുക്കളയിൽ മൂടിവച്ചിട്ട് പുല്പായയിൽ വീണ്ടുമിരുന്നു പ്രാർത്ഥിക്കാൻ. എന്നിട്ട് ദൈവത്തോട് ക്ഷമ ചോദിച്ചു. ".... തമ്പുരാനെ പ്രാർത്ഥിക്കാനിരുന്നിട്ട് മനസ്സ് എങ്ങാണ്ടേലെ ഒക്കെയങ്ങുപോയി. പ്രാർത്ഥിക്കാനാവാതെ വന്നല്ലോ. എൻ്റെ അമ്മയുടെ ഉദരത്തിൽ അത്ഭുതകരമായി  എന്നെ മെനഞ്ഞ് അന്നു മുതൽ എന്നെ വാത്സല്യത്തോടെ പരിപാലിച്ച എൻ്റെ രക്ഷിതാവേ അങ്ങയോടുള്ള എൻ്റെ സംസർഗ്ഗം കുറഞ്ഞു പോകുന്നത് ക്ഷമിക്കണേ... " ദൈവവുമായുള്ള സംസർഗ്ഗമാണ് പ്രാർത്ഥന.  അതിൽ മാത്രം ഒരു വിള്ളലും ഉണ്ടാകാതെ അവൾ എന്നും  സൂക്ഷിച്ചിട്ടുണ്ട്.  

    വീണ്ടും അടുക്കളയിൽ കയറി. ഭരണം ഏറ്റെടുത്തു... എന്നിട്ട് മെല്ലെപ്പറഞ്ഞു:

  "ഇതു ഭരണമല്ലല്ലോ ... അടിമത്തമല്ലേ? ... തൃപ്തിയുള്ള അടിമത്തം. സംതൃപ്തമായ കുടുംബ ജീവിതത്തിന് അവശ്യം ആവശ്യമായ അടിമത്തം...." എന്നിട്ട്  അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. തേച്ചു കമഴ്ത്തി വച്ചിരുന്ന കഞ്ഞിക്കലം എടുത്ത് അതിൽ വെള്ളംനിറച്ച് അടുപ്പിൽ വച്ചു. 

        ഇന്ന് ജിബിനും വരുമല്ലോ, അവനും ചോറുവേണം. അവൻ നല്ലതു വല്ലോം തിന്നാൻ മാത്രം വരുന്നതാ. ചേട്ടൻ്റെ കൂടെ  രണ്ടുദിവസം കഴിയാനാണെന്നാണ് ഭാഷ്യം. പക്ഷേ വന്നാലുടനെ വണ്ടീം എടുത്ത്  അവൻ്റെ കൂട്ടുകാരെ തേടിപ്പോകും... ഉച്ചയൂണു കാലാകുമ്പോൾ കേറിവരും.  ചേട്ടൻ്റെ കുടെ  രണ്ടുദിവസം നിന്നിട്ട് അവൻ പോകും. 

       ലാലിയുടെ മക്കളെപ്പോലെ സത്സ്വഭാവികളായ പിള്ളേർ ആ നാട്ടിൽ ചുരുക്കമാണ്. അതിൽ ആ അമ്മയ്ക്ക് അഭിമാനവുമാണ്. 

          പ്രഭാത് ആരെയാണ് ഈ രാവിലെ വിളിയ്ക്കുന്നത്. അവൾ ചെവി വട്ടം പിടിച്ചു. "അതേ യോ, എപ്പം... നീ സമാധാനമായിരിക്കുപെണ്ണേ ഏതിനും ഞാനില്ലേ, ങാ അവനോട് പോയി പണി നോക്കാൻപറ ... ഒന്നുമില്ലെന്നേ  ഞാൻ ദേ വരുന്നു ..."  

      ദൈവമേ ഈ മനുഷ്യൻ ആരോടാ ഈ സംസാരിക്കുന്നേ.... ഇയാൾ എൻ്റെ സ്വസ്ഥത കളയുമല്ലോ... തന്നെയൊന്നു നുള്ളി നോവിക്കാഞ്ഞ മനുഷ്യൻ ഇപ്പോൾ അടിയും ഇടിയും വരെയായി. 

        ഉറങ്ങിക്കിടന്ന മകനെ പ്രഭാത് വിളിച്ചുണർത്തി. "എടാ മോനെ  എന്നെ കവലവരെ കൊണ്ടാക്ക്"

ലാലി ഒച്ചയിട്ടു. അവനിത്രേം ദൂരം വണ്ടി ഓടിച്ചു വന്നതല്ലേയുള്ളൂ... കെടന്നൊറങ്ങട്ടെ. നിങ്ങടെ സ്കൂട്ടറെടുക്ക്. ലാലിയെ എരിച്ചുകളയും വിധം പ്രഭാത് രൂക്ഷമായിതുറിച്ചു നോക്കി. എന്നിട്ടു ഉച്ചത്തിൽ കൂവി "വട്ടിയെ ആരെങ്കിലും വിളിച്ചോ, പോ....വട്ടീ....ദൂരെപ്പോ!

 

 

                 (തുടരും)