രാജീവ് വധകേസ് പ്രതികൾ മോചിതരാവുമ്പോൾ

രാജീവ്ഗാന്ധി വധം ലോകത്തെ ഞെട്ടിച്ച നിഷ്ഠുരവും ക്രൂരവുമായ സംഭവമായിരുന്നു. 1984 മുതൽ അഞ്ചുവർഷം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവിനെ വധിച്ച കേസിലെ മുഴുവൻ പ്രതികളേയും മോചിപ്പിക്കണമെന്ന സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസമാണുണ്ടായത്. കുറ്റവാളികളായ ഈ തടവുകാർ വിട്ടയക്കപ്പെട്ടത് അവരുടെ നിരപരാധിത്വം കൊണ്ടല്ല മറിച്ച് സോണിയ ഗാന്ധിയും മക്കളും സ്വീകരിച്ച ദയ നിറഞ്ഞ സമീപനം കൊണ്ടാണ്. ചില രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളുമൊക്കെ കുറ്റവാളികളെ വാഴ്ത്താൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും
ഇക്കാര്യത്തിൽ സോണിയ ഗാന്ധിയും മക്കളും സ്വീകരിച്ച നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ് . എന്നാൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി വിധിക്കെതിരെ നിയമ നടപടികളിലേക്ക് പോകുന്നതിലും പുനഃപരിശോധനാ ഹരജി സമർപ്പിക്കുന്നതിലും താത്പര്യമില്ലെന്ന് മല്ലികാർജുൻ ഖാർഗെയെ സോണിയാ ഗാന്ധി അറിയിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
മുൻപും സോണിയ കുടുംബം കുറ്റവാളികളോട് ക്ഷമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. 2000-ൽ, കേസിലെ പ്രതി നളിനിയുടെ വധശിക്ഷ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണൻ ജീവപര്യന്തമായി കുറച്ചിരുന്നു. അറസ്റ്റിലായപ്പോൾ അന്ന് ഗർഭിണിയായിരുന്ന നളിനിയോട് ദയ കാണിക്കണമെന്ന് സോണിയ കോടതിയോടാവശ്യപ്പെട്ടിരുന്നു.
1991 മെയ് 21ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പാതിവഴിയിലെത്തിയ സന്ദർഭത്തിലാണ് തമിഴ് പുലികൾ രാജീവിനെ ആസൂത്രിതമായി കൊലചെയ്തത്. ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത ആ ക്രൂരകൃത്യവുമായി പലവിധേന ബന്ധപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ഏഴുപേരും ജയിൽമോചിതരായത് നിരപരാധികളെന്ന നിലയിലല്ല സോണിയ ഗാന്ധിയും മക്കളും സ്വീകരിച്ച
ഉദാര സമീപനം ഒന്നുകൊണ്ട് മാത്രമാണ്
തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിക്കെത്തിയ രാജീവിനെ എൽ.ടി.ടി.ഇ.ക്കാരി ധനു മനുഷ്യബോംബായിവന്ന് പൊട്ടിത്തെറിച്ച് കൊലപ്പെടുത്തുകയായിരുന്നു .സംഭവത്തിൽ കൂട്ടുപ്രതികൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തില്ലെങ്കിലും കുറ്റവാളികൾ അല്ലാതാകുന്നില്ല . നീണ്ട ജയിൽവാസത്തിനിടയിൽ ഉന്നതവിദ്യാഭ്യാസംനേടി, ജയിൽനിയമമനുസരിച്ച് ജീവിച്ചു എന്നീ കാര്യങ്ങൾ പക്ഷേ കുറ്റത്തെ ന്യായീകരിക്കാൻ മതിയാവില്ല. ശിക്ഷയെ മനഃപരിവർത്തനത്തിനുള്ള അവസരമായാണ് നീതിന്യായവ്യവസ്ഥ കാണുന്നത്.
കുറ്റവാളികളെ മോചിപ്പിച്ചതിലുള്ള കോൺഗ്രസ്സിന്റെ വൈകാരികമായ പ്രതികരണത്തെ കുറ്റപെടുത്താനാവില്ല . കാരണം രാജീവ് ഗാന്ധിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം പാർട്ടിയെ ഇന്നും വേട്ടയാടുന്നു . 1984 ഒക്‌ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖുകാരായ അംഗരക്ഷകരാൽ വെടിയുണ്ടകൾക്കിരയായതിന് പിന്നാലെ കോൺഗ്രസ്സിന്റെ പ്രതീക്ഷയത്രയും രാജീവ് ഗാന്ധിയിലായിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസ്സിന് നഷ്ടമായ അധികാരം തിരിച്ചു പിടിക്കാൻ 1991ലെ പൊതുതിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി ശ്രമിക്കുന്നതിനിടയിലായിരുന്നു ചാവേറാക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ കുടുംബത്തെ പോലെ തന്നെ പാർട്ടിയെ സംബന്ധിച്ചിടത്തോളവും ഈ നഷ്ടം ചിന്തിക്കാവുന്നതിലുമേറെയായിരുന്നു .ജനലക്ഷങ്ങൾ നെഞ്ചേറ്റിയ നേതാവിനെ കൊലചെയ്തതിലൂടെ രാഷ്ട്രശരീരത്തിന് ഒരിക്കലും ഉണങ്ങാത്ത മുറിവാണുണ്ടാക്കിയത്.
ഇന്ത്യൻ നീതിപീഠം കുറ്റവാളികളെ തിരുത്തുകയെന്ന ഉദാര സമീപനത്തോടെ പ്രതികളെ വിട്ടയച്ചത് വിദ്വേഷത്തിന്റെയും പകയുടെയും മുറിവുണക്കാൻ കൂടിയാണെന്ന് തിരിച്ചറിയേണ്ട സമയവുമാണിത്