വൃദ്ധസദനം; ലേഖനം, സൂസൻ പാലാത്ര

വൃദ്ധസദനം; ലേഖനം, സൂസൻ പാലാത്ര

 ദൈവത്തിൻ്റെസ്വന്തംനാട്  എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിൽ സർക്കാർ വൃദ്ധസദനങ്ങൾ പതിനൊന്നെണ്ണമുണ്ട്. ആരും ആശ്രയമില്ലാത്ത വൃദ്ധർക്ക് പാർക്കാനൊരിടം ... അതാണ് വൃദ്ധസദനങ്ങൾ. വൃദ്ധരെ പരിപാലിക്കാൻ കുടുംബാംഗങ്ങൾക്ക് കഴിയാതെ വരുമ്പോൾ അവർ വൃദ്ധസദനങ്ങളിലെത്തപ്പെടുന്നു. 

     സർക്കാർ, വിവിധ മതസംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നടത്തുന്ന വൃദ്ധസദനങ്ങളുണ്ട്. സർക്കാർ വൃദ്ധസദനങ്ങളിർ 55 വയസ്സിനുമേൽ പ്രായമുള്ളവർക്കാണ് പ്രവേശനം ലഭിക്കുക. അതാതു സ്ഥാപനത്തിലെ സൂപ്രണ്ടിന് അപേക്ഷ നല്കണം. ജില്ലാ പ്രബേഷൻ ഓഫീസർ നല്കുന്ന അന്വേഷണ റിപ്പോർട്ടിനുശേഷമേ പ്രവേശനം ലഭ്യമാകൂ. 

     കഴിഞ്ഞ അഞ്ചുവർഷങ്ങൾ കൊണ്ട് വൃദ്ധസദനത്തിലെ അംഗങ്ങളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന  വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.  അമ്മമാരെക്കാൾ കൂടുതൽ അച്ഛന്മാർ ഇത്തരം സദനങ്ങളിലുണ്ട്.  ഇവരിൽ ഏറിയപേർക്കും രണ്ടിൽ കൂടുതൽ മക്കളുള്ളവരാണ്. കേരളത്തിലൊട്ടാകെ 631 വൃദ്ധസദനങ്ങളുണ്ട്. സർക്കാർ സ്ഥാപനങ്ങളിലുള്ളവർക്ക് പ്രതിമാസം 2000/- രൂപ പെൻഷനായി സർക്കാർ നല്കും. ഇതവർ സൂപ്രണ്ടിനെ ഏല്പിക്കണം. 

      വീട്ടിൽ നിർത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയും മക്കൾ വിദേശത്താണെന്ന കാരണത്താലും അവരെ നോക്കാൻ പണം വാങ്ങി നടത്തുന്ന വൃദ്ധമന്ദിരങ്ങളുമുണ്ട്.

      പണമൊക്കെ ഏല്പിച്ചിട്ടുണ്ട്, ഞങ്ങൾ കൃത്യമായി അന്വേഷിച്ചോളാം ... നമ്മുടെ സ്വന്തം സ്ഥാപനമാണ് എന്ന് തെറ്റായി പറഞ്ഞു വിശ്വസിപ്പിച്ച് സർക്കാർ സദനങ്ങളിൽ മാതാപിതാക്കളെ കൊണ്ടെ സൂത്രത്തിൽ ഒഴിവാക്കുന്ന മക്കളുമുണ്ട്.  അവർ പിന്നീടൊരിക്കലും വൃദ്ധമാതാപിതാക്കളെ അന്വേഷിച്ച് എത്താറുമില്ല.

        കേരളത്തിൽ ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്, 125 എണ്ണം. അന്തേവാസികൾ 4097. തൃശൂരിൽ 95 എണ്ണം, അന്തേവാസികൾ 2915. കോട്ടയത്ത് 83 ഇടങ്ങളിലായി 3199, തിരുവനന്തപുരത്ത് 51 സ്ഥാപനങ്ങളിലായി 1304. പത്തനംതിട്ട 37 സ്ഥാപനങ്ങളിലായി 969  അന്തേവാസികളുമുണ്ട്. 

   വൃദ്ധജനങ്ങൾക്കായി പകൽവീടുകളും സർക്കാർ ഉടമസ്ഥതയിലുണ്ട്. തിരുവനന്തപുരം , എറണാകുളം ജില്ലകളിലായി 3 പകൽ വീടുകൾ പ്രവർത്തിക്കുന്നു. പകൽ സമയങ്ങളിൽ ലഘുഭക്ഷണം, അത്യാവശ്യ ശുശ്രൂഷ എന്നിവ നല്കപ്പെടുന്നു.

       മക്കൾ എല്ലാം വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ള ശ്രമത്തിൽ കഷ്ടപ്പെട്ടു വളർത്തിയ മാതാപിതാക്കളെ മന: പൂർവ്വം മറക്കുന്നു. കൊച്ചുമക്കളും വൃദ്ധമാതാപിതാക്കളുമായി ജനറേഷൻഗ്യാപ്പും വർദ്ധിയ്ക്കുന്നു. ധനത്തിനും കുടുംബ മഹിമയ്ക്കും  സ്ഥാനം നല്കി തങ്ങളുടെ സംസ്ക്കാരത്തിനും സാമ്പത്തിക നിലയ്ക്കും അതീതമായി മക്കളുടെ വിവാഹങ്ങൾ നടത്തുന്നതും ക്രമേണ ബന്ധങ്ങളും സംസ്ക്കാരവും ചേരാതെ, ഒത്തുപോവാനാവാത്തതും,  വൃദ്ധസദനങ്ങളിലേയ്ക്കുള്ള വൃദ്ധരുടെ ഒഴുക്കിന് കാരണമാകുന്നു.

      കുട്ടിക്കാലം മുതൽ തന്നെ മക്കളെ കുടുംബ- വ്യക്തി ബന്ധങ്ങളും മൂല്യബോധവും ഊട്ടി വളർത്തിയാൽ അടുത്ത തലമുറയ്ക്കെങ്കിലും ഒരുവേള ഈ സങ്കടക്കയങ്ങളിൽ അകപ്പെടാതിരിക്കാനായേക്കും. മക്കളെ ചോറൂട്ടി വളർത്താനും അവർക്ക് വിദ്യാഭ്യാസംനല്കാനും  അവർക്കുവേണ്ടി സമ്പാദിച്ചുവയ്ക്കാനുമുള്ള തിരക്കിൽ മുഴുകുന്ന മാതാപിതാക്കൾ,  മക്കൾക്കു് നല്ല മാതൃകകളും നീതിബോധവും സ്നേഹത്തണലുകളും കൊടുക്കാൻ മറക്കുന്നു. ഒരുവേള വാർദ്ധക്യത്തിൽ ഇത് 'ബൂമറാങ്' പോലെ ഒരു തിരിച്ചടിയായി അവർക്ക് ലഭിക്കുകയായിരിക്കാം. 

     കുട്ടിക്കാലംമുതൽ തന്നെ പാമ്പാടി അഭയ ഭവനിലും പിന്നീട് മണർകാട് അമ്മവീട്ടിലും പോയി കണ്ട് മനസ്സിലാക്കുകയും വിശേഷാവസരങ്ങളിൽ സദ്യപോലുള്ള ചെലവുകൾ   ഒക്കെ ചെയ്യാൻ  സാധിച്ചിട്ടുണ്ട്.

         മണർകാട്-തിരുവഞ്ചൂർ കാവ്യാരാമം സാഹിത്യവേദി  തിരുവഞ്ചൂർ സർക്കാർ വൃദ്ധസദനത്തിൽ ഒന്നുരണ്ടുവേള കവിയരങ്ങുകൾ നടത്തുകയും അന്തേവാസികളെക്കൊണ്ട് ഗാനങ്ങൾ ആലപിപ്പിക്കുകയും അന്തേവാസികൾ രചിച്ച കവിതകൾ ചൊല്ലിക്കേൾപ്പിക്കുകയും ചായസല്ക്കാരം നടത്തി അവരോടൊപ്പം സമയം ചിലവിട്ട് അവർക്ക് സന്തോഷം പകർന്നുകൊടുക്കുകയും സാഹിത്യവേദിയുടെ വകയായി ചെറിയ സംഭാവനകൾ നല്കുകയും ചെയ്തിട്ടുണ്ട്.

       വാർദ്ധക്യത്തിൽ മക്കളോടൊപ്പം സന്തോഷമായിക്കഴിയാൻ സർവ്വശക്തനോട് പ്രാർത്ഥിയ്ക്കാം.

വാൽക്കഷണം : "പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കും.. അതിന്റേം അനുഭവം ഇതു തന്നെ" ജാഗ്രതൈ.

 

സൂസൻ പാലാത്ര