ഇളംകാറ്റ് പറഞ്ഞത് : കവിത, ഡോ.ജേക്കബ് സാംസൺ

ഇളംകാറ്റ് പറഞ്ഞത് : കവിത,  ഡോ.ജേക്കബ് സാംസൺ

 

രാത്രിയായിട്ടും 

വീട്ടിൽ കയറാതെ

മേഘങ്ങൾ 

ആകാശത്തിലൂടെ

അലഞ്ഞുകൊണ്ടിരുന്നു.

അപ്പോൾ

ഇളംകാറ്റുപറഞ്ഞു

 

"ഞാനും നീയും

ഒരുപോലെയാണ്

നമ്മളെക്കുറിച്ച്

ഒരു വിചാരവു

മില്ലാത്തവരുടെ

പിന്നാലെയാണ്

വിശ്രമമില്ലാതെ

ഓടുന്നത്"

 

"ചിലപ്പോൾ എനിക്ക്

സങ്കടം വരും

എൻ്റെ കരച്ചിൽ

പെരുമഴയാകും"

മേഘം പറഞ്ഞു

 

"എനിക്ക്

ദേഷ്യമാണ്

വരാറുള്ളത്

ഞാൻ

കൊടുങ്കാറ്റാകും."

കാറ്റ് പറഞ്ഞു.

 

"വിചാരമില്ലെന്ന്

ആരു പറഞ്ഞു?"

പുഴചോദിച്ചു.

"ആരുപറഞ്ഞു?"

പൂക്കൾ ചോദിച്ചു

 

മേഘങ്ങളിൽ

ചുവപ്പുപടർന്നു

കാറ്റിൽ

സുഗന്ധം പരന്നു.