യുഎസ്–ഇന്ത്യ വ്യാപാര ധാരണ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറുന്നു

Feb 8, 2026 - 19:50
 0  7
യുഎസ്–ഇന്ത്യ വ്യാപാര ധാരണ: റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ പിന്മാറുന്നു

ന്യൂഡൽഹി:  റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു. ഇന്ത്യ–അമേരിക്ക വ്യാപാര കരാറിന് പിന്നാലെയാണ് തീരുമാനം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതിൽ നിന്നാണ് പിന്മാറ്റം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ മാർച്ച്–ഏപ്രിൽ മാസങ്ങളിൽ റഷ്യൻ വ്യാപാരികളിൽ നിന്ന് എണ്ണ വാങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുള്ള റഷ്യൻ എണ്ണ വിതരണങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 നേരത്തെ തന്നെ ഇന്ത്യൻ എണ്ണ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് നിരീക്ഷിക്കാൻ അമേരിക്കൻ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. റഷ്യയ്ക്ക് പകരം അമേരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ ഇന്ത്യ കൂടുതൽ വാങ്ങുമെന്നും, വരുന്ന പതിറ്റാണ്ടുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുമെന്നും അറിയിപ്പുണ്ട്.