ചൂണ്ടുവിരലിൽ മുറിവ്; അക്ഷരയ്ക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത് അഞ്ച് മണിക്കൂർ കാത്തിരുന്ന ശേഷം
ചൂണ്ടു വിരലിന് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വോട്ട് നിഷേധിക്കാൻ നോക്കിയതില്‍ പ്രതിഷേധം. തൃശൂർ മണ്ഡലത്തിലെ കൂർക്കഞ്ചേരി സ്വദേശിനി അക്ഷരയ്ക്കാണ് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുമതി നിഷേധിച്ചത്. മിക്സിക്കുള്ളിൽ പെട്ട് ചൂണ്ടുവിരലിന് മുറിവേറ്റതിനാല്‍ ആ വിരലില്‍ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ കൈക്കുഞ്ഞുമായി കാത്തിരുന്നിട്ടും അധികൃതർ വഴങ്ങാത്തതോടെ എല്‍ ഡി എഫ് നേതാവ് വി എസ് സുനില്‍കുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം വാർത്തയായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു.
അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് സി ഇ ഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി. ഒടുവില്‍ വൈകിട്ട് ആറ് മണിയോടെ വോട്ട് ചെയ്യാൻ അനുമതി നല്‍കുകയും അക്ഷര വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.