അഫ്‌ഗാനിസ്ഥാനിൽ 2021ൽ അധികാരം പിടിച്ചെടുത്തതിനുശേഷം കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന താലിബാൻ ഭരണകൂടം, തങ്ങളുടെ ആ ലിംഗവിവേചന നയം ഇന്ത്യൻ മണ്ണിൽ പോലും നടപ്പാക്കാൻ ശ്രമിച്ചത് വൻ വിമർശനങ്ങൾക്ക് കാരണമായിരിക്കുകയാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഒക്ടോബർ 10 ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയ നടപടിയാണ് രാജ്യവ്യാപകമായും അന്തർദേശീയമായും വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയത്.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷമാണ് അഫ്ഗാൻ എംബസിയിൽ ഈ പരിപാടി സംഘടിപ്പിച്ചത്. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തിരുന്നു. എന്നിരുന്നാലും, പത്രസമ്മേളനത്തിൽ പുരുഷ റിപ്പോർട്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചിത്രങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശങ്ങൾ താലിബാൻ പ്രതിനിധി സംഘം അവഗണിച്ചു എന്നാണ് വിവരം. മാധ്യമ ക്ഷണിതാക്കളെ തീരുമാനിച്ചത് താലിബാൻ ഉദ്യോഗസ്ഥരാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നതിൻ്റെ പേരിൽ ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ആഗോളതലത്തിൽ താലിബാൻ വിമർശനം നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ തലസ്ഥാനത്ത് നടന്ന ഈ നീക്കം വലിയ തിരിച്ചടിയായി.