ന്യൂഡൽഹി: യുഎസിന്റെ അധിക തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 40 രാജ്യങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുഎഇ, ഓസ്ട്രേലിയ, നെതർലൻഡ്സ്, പോളണ്ട്, കാനഡ, മെക്സിക്കോ, റഷ്യ, ബെൽജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ഇന്ത്യൻ വസ്ത്ര വൈവിധ്യത്തെ കുറിച്ച് പ്രചാരണം നടത്താനാണ് തീരുമാനം.
അമേരിക്കയുടെ 50 ശതമാനം തീരുവ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് വസ്ത്ര വ്യവസായം. തീരുവ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ വസ്ത്ര, പാദരക്ഷ നിർമാണ കേന്ദ്രങ്ങൾ പലതും ഉത്പാദനം നിർത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു.
വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ തുണിത്തരങ്ങൾ ലഭിക്കുമെന്നതിനാൽ ഇന്ത്യൻ നിർമാതാക്കൾക്ക് ഇവരോട് പിടിച്ചുനിൽക്കാൻ പ്രയാസമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 40 വിപണികൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താൻ തീരുമാനിച്ചത്.