അഫ്ഗാൻ ഭൂചലനം; മരണസംഖ്യ 800 ആയി, 2,500 പേർക്ക് പരിക്ക്

കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ 800 കടന്നതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 2,500 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവർക്ക് അടിയന്തര സഹായത്തിനും പരമാവധി ജീവൻ രക്ഷിക്കാനും പിന്തുണയുമായി വിദഗ്ധ സംഘം സ്ഥലത്തുണ്ടെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയിൽ അറിയിച്ചു.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ടെന്നും ദുരിതഘട്ടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർഥനയുമെന്നും,' പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതർക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക സമയം രാത്രി 11.47 നായിരുന്നു വൻ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിനു പിന്നാലെ 13 തുടർചലനങ്ങളും ഉണ്ടായി. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കുനാർ പ്രവിശ്യയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായതെന്ന് കുനാർ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.