ട്രംപിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമം: തോക്കുമായെത്തിയ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി സുരക്ഷാ സേന
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച തോക്കുധാരിയായ യുവാവിനെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി. ട്രംപിന്റെ ഫ്‌ളോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലേക്കാണ് തോക്കുധാരിയായ യുവാവ് അതിക്രമിച്ച് കയറിയത്. ഇയാളുടെ കൈയിൽനിന്നും ഷോട്ട്ഗണ്ണും ഇന്ധനം നിറച്ച കാൻഡും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമി എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംഭവം സ്ഥിരീകരിച്ചത്. ‘ഇന്ന് (ഞായർ) പുലർച്ചെ മാർ എ ലാഗോയുടെ സുരക്ഷിതമായ അതിർത്തിയിലേക്ക് നിയമവിരുദ്ധമായി കടന്നുകയറിയ ഒരു തോക്കുധാരിയെ യുഎസ് രസീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊലപ്പെടുത്തി.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇന്നു പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നതെന്നും, മരിച്ചയാൾക്ക് 20 വയസിന് മുകളിൽ പ്രായം വരുമെന്നും സുരക്ഷാ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അനുമതിയില്ലാതെയാണ് യുവാവ് ഇവിടേക്ക് കയന്നുകയറിയത്. സംഭവം നടന്ന സമയത്ത് ട്രംപ് അവിടെയുണ്ടായിരുന്നില്ല. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡെപ്യൂട്ടിയും ചേർന്നാണ് ഇയാളെ വെടിവെച്ചതെന്നും പ്രസ്താവനയിൽ പറയുന്നു